കടല്‍ക്കൊല കേസില്‍ നിലപാട് മാറ്റി കേരളം ; 10 കോടി നഷ്ടപരിഹാരം സ്വീകരിക്കും ; കേസ് അവസാനിപ്പിക്കണമെന്ന കേന്ദ്രത്തിന്‍റെ ആവശ്യം സുപ്രീം കോടതി ഇന്ന് പരിഗണിക്കും

Jaihind Webdesk
Friday, April 9, 2021

ന്യൂഡല്‍ഹി : കടൽക്കൊല കേസിൽ നിലപാട് മാറ്റി കേരളം. രാജ്യാന്തര ട്രിബ്യൂണൽ ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ കടൽക്കൊല കേസിന്‍റെ നടപടികൾ അവസാനിപ്പിക്കുന്നതിനോട് എതിർപ്പ് അറിയിച്ചിരുന്ന കേരളം ഇനി എതിർത്തേക്കില്ല. ഇറ്റലി നൽകുന്ന പത്ത് കോടി രൂപ നഷ്ടപരിഹാര തുക സ്വീകരിക്കാമെന്ന് കൊല്ലപ്പെട്ട മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങളും ബോട്ട് ഉടമയും അറിയിച്ചതായി കേരളം കേന്ദ്ര വിദേശകാര്യ സെക്രട്ടറിക്ക് അയച്ച കത്തിൽ അറിയിച്ചതായി സുപ്രീം കോടതിയിൽ സത്യവാങ്മൂലം. കേസിൽ നടപടികൾ അവസാനിപ്പിക്കണം എന്ന് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർ നൽകിയ അപേക്ഷ സുപ്രീം കോടതി ഇന്ന് പരിഗണിക്കും.

രാജ്യാന്തര ട്രിബ്യൂണലിന്‍റെ തീർപ്പിന്‍റെ പശ്ചാത്തലത്തിൽ സുപ്രീം കോടതിയുടെ പരിഗണനയിൽ ഇരിക്കുന്ന കടൽക്കൊല കേസിന്‍റെ നടപടികൾ അവസാനിപ്പിക്കണം എന്ന കേന്ദ്ര സർക്കാരിന്‍റെ ആവശ്യം ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് ഇന്ന് പരിഗണിക്കും. ഇറ്റലി നൽകുന്ന പത്ത് കോടി രൂപ നഷ്ടപരിഹാര തുക സ്വീകരിക്കാമെന്ന് കൊല്ലപ്പെട്ട മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങളും ബോട്ട് ഉടമയും അറിയിച്ചതായി കേരളം കേന്ദ്ര വിദേശകാര്യ സെക്രട്ടറിക്ക് അയച്ച കത്തിൽ അറിയിച്ചതായി വ്യക്തമാക്കി സുപ്രീം കോടതിയിൽ കേന്ദ്രസർക്കാർ സത്യവാങ്മൂലം സമർപ്പിച്ചു. സംസ്ഥാന അഡീഷണൽ ചീഫ് സെക്രട്ടറി ടി.കെ ജോസ്, കേന്ദ്ര വിദേശകാര്യ സെക്രട്ടറിക്ക് അയച്ച കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

കന്യാകുമാരി, കൊല്ലം ജില്ലകളിലെ കളക്ടർമാർ ആണ് മത്സ്യതൊഴിലാളികളുടെ കുടുംബങ്ങളും, ബോട്ട് ഉടമകളുമായി ചർച്ച നടത്തിയത്. നേരത്തെ നൽകിയ 2.17 കോടിക്ക് പുറമെയാണ് ഇപ്പോൾ നൽകുന്ന പത്ത് കോടി നഷ്ടപരിഹാരമെന്നാണ് ഡൽഹിയിലെ ഇറ്റാലിയൻ എംബസി കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തെ അറിയിച്ചിരിക്കുന്നത്. ക്രിമിനൽ കേസിലെ വിചാരണ ഏത് രാജ്യത്താണ് നടത്തേണ്ടതെന്ന് ഉത്തരവിടാൻ രാജ്യാന്തര ട്രിബ്യൂണലിന് അധികാരമില്ലെന്നായിരുന്നു നേരത്തെ കേരളത്തിന്‍റെ നിലപാട്. ഇന്ത്യയും ഇറ്റലിയും തമ്മിൽ ഉള്ള സുപ്രധാന വിഷയം ആണ് കടൽ കൊലക്കേസിലെ നടപടികൾ എന്നാണ് സോളിസിറ്റർ ജനറൽ തുഷാർ മേത്ത കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചത്.

എൻട്രിക ലെക്സി എന്ന എണ്ണക്കപ്പലിൽ നിന്നുള്ള വെടിയേറ്റാണ് 2012 ൽ മലയാളിയടക്കം രണ്ട് മത്സ്യതൊഴിലാളികൾ മരിച്ചത്. ഇറ്റാലിയൻ നാവികരായ മാസിമിലാനോ ലാത്തോറെ, സാൽവത്തോറെ ജിറോണ്‍ എന്നിവരായിരുന്നു പ്രതികൾ. വെടിയേറ്റ് മരിച്ച ജലസ്റ്റിൻ, അജേഷ് പിങ്കി എന്നിവരുടെ കുടുംബങ്ങൾക്ക് നാല് കോടി രൂപ വീതമാണ് നഷ്ടപരിഹാരം ലഭിക്കുക. സെന്‍റ് ആന്‍റണീസ് ബോട്ട് ഉടമ ഫ്രെഡിക്ക് രണ്ട് കോടി രൂപയാണ് നഷ്ടപരിഹാരമായി ലഭിക്കുക. അതേസമയം സെന്‍റ് ആന്‍റണീസ് ബോട്ടിൽ ഉണ്ടായിരുന്ന എട്ട് മത്സ്യത്തൊഴിലാളികളും ഇറ്റാലിയൻ നാവികരുടെ വെടിയേറ്റ് മരിച്ച അജേഷ് പിങ്കിയുടെ ബന്ധുവും ബോട്ടിൽ ഉണ്ടായിരുന്ന പ്രായപൂർത്തിയാകാത്ത മത്സ്യത്തൊഴിലാളി പ്രിജിന്‍റെ അമ്മയും തങ്ങളുടെ വാദം കേൾക്കാതെ കേസിലെ നടപടികൾ അവസാനിപ്പിക്കരുത് എന്ന് ആവശ്യപ്പെട്ട് നേരത്തെ കോടതിയെ സമീപിച്ചിരുന്നു. നിലപാടിൽ മത്സ്യത്തൊഴിലാളികൾ ഉറച്ച് നിന്നാൽ കേസുമായി ബന്ധപ്പെട്ട നടപടികൾ നീണ്ടു പോയേക്കും.