സംസ്ഥാന ബജറ്റ് അല്‍പസമയത്തിനകം; നികുതി നിരക്കുകള്‍ കൂട്ടാന്‍ സാധ്യത

 

തിരുവനന്തപുരം : രണ്ടാം പിണറായി സർക്കാരിന്‍റെ ആദ്യ സമ്പൂർണ്ണ ബജറ്റ് ഇന്ന്. 9 മണിക്ക് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ ബജറ്റ് അവതരിപ്പിക്കും. നികുതിനിരക്കുകള്‍ കൂട്ടുന്ന നിർദേശങ്ങള്‍ ബജറ്റിലുണ്ടായേക്കും. സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് ബജറ്റ് രേഖകളുടെ ഭാഗമായി മാത്രമേ സഭയില്‍ വെക്കൂ. ദീര്‍ഘകാല ലക്ഷ്യമുള്ള ബജറ്റാണ് ലക്ഷ്യമിടുന്നതെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ പ്രതികരിച്ചു. ബജറ്റ് അവതരണത്തിനായി ധനമന്ത്രി നിയമസഭയിലേക്ക് തിരിച്ചു.

സംസ്ഥാനം കടക്കെണിയില്‍ മുങ്ങിയിരിക്കുമ്പോഴും ദീർഘവീക്ഷണമില്ലാത്ത പദ്ധതി പ്രഖ്യാപനങ്ങളും ധൂർത്ത് കുറയ്ക്കാന്‍ തയാറാകാത്തതും കാര്യങ്ങള്‍ കൂടുതല്‍ സങ്കീർണ്ണമാക്കുന്നു. സില്‍വര്‍ലൈന്‍ പോലെയുള്ള പദ്ധതികള്‍ ഉണ്ടാക്കുന്ന ബാധ്യതകള്‍ വേറെയും. വരുമാനം വര്‍ധിപ്പിക്കാതെ മാര്‍ഗമില്ലെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ പറയുമ്പോള്‍ ഇക്കാര്യങ്ങളും കൂട്ടിവായിക്കേണ്ടതുണ്ട്.

ഭൂമിയുടെ ന്യായവിലയിലടക്കം വര്‍ധനവുണ്ടായേക്കും. സ്വകാര്യനിക്ഷേപം പ്രോത്സാഹിപ്പിച്ച് കൂടുതല്‍ തൊഴില്‍ സൃഷ്ടിക്കുന്നതിന് ശ്രമമുണ്ടായേക്കും. ഇത്തവണ സാമ്പത്തിക അവലോകന റിപ്പോർട്ട് സഭയില്‍ സമർപ്പിച്ചിട്ടില്ല. സാധാരണ ബജറ്റവതരണത്തിന്‍റെ തലേദിവസമാണ് സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് നിയമസഭയുടെ മേശപ്പുറത്ത് വെക്കുന്നത്.

 

 

Comments (0)
Add Comment