ഐഎസ്എൽ : കേരള ബ്ലാസ്റ്റേഴ്‌സ് – ജംഷഡ്പൂർ മത്സരം സമനിലയിൽ

ഐഎസ്എല്ലിൽ ജംഷഡ്പുരിനെ അവരുടെ തട്ടകത്തിൽ സമനിലയിൽ തളച്ച് കേരള ബ്ലാസ്റ്റേഴ്സ്. മലയാളി താരം സി കെ വിനീത് തകർപ്പൻ ഗോളിലൂടെ ബ്ലാസ്റ്റേഴ്സിനെ തോൽവിയിൽ നിന്നും കരകയറ്റിയത്.

സ്റ്റൊയാനോവിച്ച് പെനാൽറ്റി പാഴാക്കുകയും ആദ്യ പകുതിയിൽ തന്നെ രണ്ട് ഗോളിന് ലീഡ് വഴങ്ങുകയും ചെയ്ത ശേഷമായിരുന്നു മഞ്ഞപ്പടയുടെ തിരിച്ചുവരവ്. ബ്ലാസ്റ്റേഴ്സ് തുടർച്ചയായ മൂന്നാമത്തെ മത്സരമാണ് സമനില പിടിക്കുന്നത്. ജംഷഡ്പുരിന്റെയും മൂന്നാമത്തെ സമനില മത്സരമാണിത്. മത്സരം തുടങ്ങീ ആദ്യം മുതൽ തന്നെ ബ്ലാസ്റ്റേഴ്സ് ബോക്സിനെ ആക്രമിച്ചു കളിക്കുന്ന ശൈലിയായിരുന്നു ജംഷഡ്പുർ അഴിച്ചുവിട്ടത്. മൂന്നാം മിനുറ്റിൽ തന്നെ മുന്നേറ്റത്തിന്റെ ഫലം കണ്ടു. ലഭിച്ച ആദ്യ കോർണറിൽനിന്ന് ഉയർന്നുവന്ന പന്തിൽ പറന്നുതലവെച്ച് ഓസ്‌ട്രേലിയൻ ഇതിഹാസം ടിം കാഹിൽ ബ്ലാസ്റ്റേഴ്സിനെ ഞെട്ടിച്ചു. പിന്നീട് തിരിച്ചടിക്കാനുളള മഞ്ഞപ്പടയുടെ ശ്രമം പലപ്പോഴും പാഴായി. അതിനിടെ 30-ാം മിനുറ്റിൽ സെക്കൻഡ് പോസ്റ്റിലേക്ക് മഴവിൽ തൊടുത്ത് സുസൈരാജ് ജെംഷഡ്പൂരിന്റെ ലീഡ് രണ്ടാക്കി. രണ്ടാം പകുതിയിലായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ തിരിച്ചുവരവ്. ആക്രമണം അഴിച്ചുവിട്ട ബ്ലാസ്റ്റേഴ്സ് പക്ഷേ, 56-ാം മിനുറ്റിൽ ലഭിച്ച പെനാൽറ്റി പാഴാക്കി. സ്റ്റൊയാനോവിച്ച് എടുത്ത സ്‌പോട്ട് കിക്ക് ജെംഷഡ്പൂർ ഗോളി സുബ്രതാ തട്ടിത്തെറിപ്പിച്ചു. എന്നാൽ 71-ാം മിനുറ്റിൽ പ്രതികാരമെന്നോണം സ്റ്റൊയാനോവിച്ച് തന്നെ ബ്ലാസ്റ്റേഴ്‌സിനായി ആദ്യ ഗോൾ നേടി. സഹലിന്റെ നീക്കത്തിനൊടുവിൽ ദുംഗലിന്റെ പാസിൽ നിന്ന് സെർബിയൻ താരം അനായാസം ജംഷഡ്പുർ വല ഭേദിക്കുകയായിരുന്നു. മത്സരം 1-2ന് അവസാനിക്കുമെന്ന് കരുതിയിരുന്ന ഗ്യാലറിയെ നിശബ്ദനാക്കി കൊണ്ട് 86ാം മിനിറ്റിൽ സി കെ വിനീത് മലയാളത്തിന്റെ അഭിമാനമായി മാറി. ദുംഗലിന്റെ പാസ് ക്ലോസ് റെഞ്ചിൽ നിന്ന് വിനീതിന്റെ ഉഗ്രൻ ഷോട്ടിലൂടെ ഗോൾനില 2-2.നാല് കളികളിൽ ഒരു ജയവും മൂന്ന് സമനിലയുമായി ആറ് പോയിന്റോടെ ഏഴാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്. അഞ്ച് കളികളിൽ നിന്ന് ഏഴ് പോയിന്റുളള ജംഷഡ്പുർ നാലാം സ്ഥാനത്തും.

Kerala BlastersISLJamshedpur FC
Comments (0)
Add Comment