കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.സുരേന്ദ്രന് രാഷ്ട്രീയ കേരളത്തിന്‍റെ അന്ത്യാഞ്ജലി. കണ്ണൂരിൽ അന്തരിച്ച കെ പി സി സി ജനറൽ സെക്രട്ടറിയും ഐഎൻടിയുസി ദേശീയ ജനറൽ സെക്രട്ടറിയുമായ കെ.സുരേന്ദ്രന് കണ്ണൂരിന്‍റെ യാത്രാമൊഴി . ഭൗതികദേഹം കണ്ണൂർ പയ്യാമ്പലത്ത് സംസ്കരിച്ചു.
ഞായറാഴ്ച വൈകുന്നേരത്തോടെ ഹൃദയാഘാതത്തെ തുടർന്നാണ് കെ പി സി സി ജനറൽ സെക്രട്ടറിയും ഐഎൻടിയുസി നേതാവുമായ കെ.സുരേന്ദ്രൻ അന്തരിച്ചത്. രാവിലെ 10 മണിക്ക് കണ്ണൂർ ജവഹർ ലൈബ്രറി ഹാളിൽ പൊതുദർശനത്തിന് വെച്ച മൃതദേഹത്തിൽ നിരവധിപ്പേരാണ് അന്തിമോപചാരം അർപ്പിക്കാൻ എത്തിയത്. എം പിമാരായ കെ.സുധാകരൻ, രാജ് മോഹൻ ഉണ്ണിത്താൻ എംഎൽഎമാരായ കെ.സി ജോസഫ്, സണ്ണി ജോസഫ്, സി. കൃഷ്ണൻ, ടി.വി രാജേഷ്, കെ എം ഷാജി തുടങ്ങിയവർ കെ.സുരേന്ദ്രന് ആദരാജ്ഞലി അർപ്പിച്ചു.
കാസർകോട് ഡി സി പ്രസിഡന്‍റ് ഹക്കിം കുന്നേൽ, കെ.കെ.രാഗേഷ് എംപി, വിവിധ മുസ്ലിം ലീഗ് നേതാക്കളും,സി പി എം നേതാക്കളായ പി ജയരാജൻ, വിവിധ കെപിസിസി ഭാരവാഹികളും, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളും ജവഹർ ലൈബ്രറി ഹാളിലെത്തി അന്തിമോപചാരം അർപ്പിച്ചു. കെ.സുരേന്ദ്രന് ആദരാജ്ഞലി അർപ്പിക്കാൻ വിവിധ തൊഴിൽ സംഘടന നേതാക്കളും, രാഷ്ട്രിയ, സാംസ്കാരിക രംഗത്തെ നിരവധി പ്രമുഖരും എത്തിയിരുന്നു. കണ്ണൂർ ജില്ലയ്ക്ക് പുറമെ വയനാട്, കോഴിക്കോട്, കാസർഗോഡ് തുടങ്ങിയ ജില്ലകളിൽ നിന്നുള്ള നിരവധി ആളുകൾ പ്രിയ നേതാവിനെ ഒരു നോക്ക് കാണാനെത്തി. തുടർന്ന് നിർമ്മാണം അന്തിമഘട്ടത്തിൽ എത്തി നിൽക്കുന്ന ഡിസിസി ആസ്ഥാനമന്ദിരത്തിൽ കെ.സുരേന്ദ്രന്‍റെ ദൗതികദേഹം കൊണ്ടുവന്നു. ഡി സി സി പ്രസിഡന്‍റ് സതീശൻ പാച്ചേനിയുടെ നേതൃത്വത്തിൽ ഡിസിസി നേതാക്കൾ ഇവിടെ വെച്ച് ഭൗതികദേഹത്തിൽ അന്ത്യാജ്ഞലി അർപ്പിച്ചു. തുടർന്ന് വിലാപയാത്രയായി പയ്യാമ്പലത്ത് എത്തിച്ചു. കെ പി സി സി ജനറൽ സെക്രട്ടറി കെ.പി അനിൽകുമാർ, ടി.സിദ്ദിഖ് ഉൾപ്പടെ വിവിധ കെ പി സി സി നേതാക്കളും വിവിധ രാഷ്ട്രിയ പാർട്ടി നേതാക്കളും പയ്യാമ്പലത്ത് വെച്ച് അന്ത്യാഞ്ജലി അർപ്പിച്ചു.12 .15 ഓടെ ആരംഭിച്ച സംസ്കാര ചടങ്ങുകൾ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് നടന്നത്.