സംസ്ഥാനത്തെ ബിവറേജസ് കോര്‍പ്പറേഷന്‍ ഔട്ട്‌ലെറ്റുകളില്‍ വ്യാപക ക്രമക്കേട്… അന്വേഷണത്തില്‍ കണ്ടെത്തിയത്

Jaihind Webdesk
Sunday, October 1, 2023

സംസ്ഥാനത്തെ ബിവറേജസ് കോര്‍പ്പറേഷന്‍ ചില്ലറ വില്‍പ്പനശാലകളിലെ ക്രമക്കേടുകള്‍ കണ്ടെത്താന്‍ വിജിലന്‍സ് നടത്തിയ ഓപ്പറേഷന്‍ മൂണ്‍ലൈറ്റില്‍ തെളിഞ്ഞത് വ്യാപക ക്രമക്കേട്.. മദ്യം പൊതിഞ്ഞു നല്‍കാന്‍ ബിവറേജസ് ഔട്ട് ലെറ്റുകളില്‍ സൂക്ഷിച്ചിരുന്ന പേപ്പര്‍ വാങ്ങിയതില്‍ അടക്കം വ്യാപകമായ ക്രമക്കേട് നടന്നതായാണ് കണ്ടെത്തിയിരിക്കുന്നത്. പേപ്പര്‍ മറിച്ചു വിറ്റതും, വാങ്ങാത്ത പേപ്പറിന്റെ പേരില്‍ പണം അടിച്ചു മാറ്റിയതായും കണ്ടെത്തിയിട്ടുണ്ട്.
കോട്ടയം ചന്തക്കടവിലെ ബിവറേജസ് കോര്‍പ്പറേഷന്‍ ചില്ലറ വില്‍പ്പനശാലയില്‍ നടത്തിയ പരിശോധനയില്‍ രജിസ്റ്ററില്‍ ക്രമക്കേട് കണ്ടെത്തി. കയ്യില്‍ സൂക്ഷിച്ച പണം രേഖപ്പെടുത്തേണ്ട രജിസ്റ്ററില്‍ ഇത് രേഖപ്പെടുത്തിയിരുന്നില്ലെന്നും,10000 രൂപ രജിസ്റ്ററില്‍ രേഖപ്പെടുത്താതെ കൈവശം വച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഇത് കൂടാതെ കിങ് ഫിഷര്‍ ബിയര്‍ 30 കേസ് സ്റ്റോക്കുണ്ടായിട്ടും ഉപഭോക്താക്കള്‍ക്ക് നല്‍കിയില്ലെന്നും കണ്ടെത്തി. കിങ് ഫിഷര്‍ ചോദിക്കുന്നവര്‍ക്ക് സ്റ്റെറിംങ് സെവന്‍ എന്ന ബ്രാന്‍ഡ് ബിയറാണ് വിതരണം ചെയ്തിരുന്നതെന്നു കണ്ടത്തില്‍ പറയുന്നു.