ദേശീയ സ്‌കൂൾ കായികമേള : പെണ്‍കരുത്തിൽ കേരളത്തിന് കിരീടം; ആൻസി സോജൻ മീറ്റിലെ മികച്ച അത് ലറ്റ്

Jaihind News Bureau
Sunday, December 15, 2019

ദേശീയ സ്‌കൂൾ കായികമേളയിൽ കേരളത്തിന് കിരീടം. 273 പോയിന്‍റുമായാണ് കേരളം ചാമ്പ്യൻമാരായത്. രണ്ടാം സ്ഥാനത്തുള്ള മഹാരാഷ്ട്ര 247 പോയിന്‍റും മൂന്നാമതുള്ള ഹരിയാണ 241 പോയിന്‍റും നേടി. നാല് സ്വർണവുമായി പെൺകുട്ടികളുടെ വിഭാഗത്തിൽ ആൻസി സോജൻ മീറ്റിലെ മികച്ച അത് ലറ്റായി.

പെൺകുട്ടികളുടെ വിഭാഗത്തിൽ ലഭിച്ച മെഡലുകളാണ് കേരളത്തിന് കിരീടം സമ്മാനിച്ചത്. 101 പോയിന്‍റുമായി കേരളം പെൺകുട്ടികളുടെ വിഭാഗത്തിൽ ചാമ്പ്യൻമാരായി. കഴിഞ്ഞ ദിവസം 100 മീറ്റർ, 200 മീറ്റർ വിഭാഗങ്ങളിൽ ഒന്നാമതെത്തിയ ആൻസി ലോങ് ജമ്പിൽ മീറ്റ് റെക്കോഡോടെ സ്വർണം സ്വന്തമാക്കി. സമാപന ദിവസം 400 മീറ്റർ റിലേ ടീമിൽ അംഗമായതോടെ ആൻസിയുടെ അക്കൗണ്ടിൽ നാല് സ്വർണമെത്തി.

68 പോയിന്‍റുമായി ആൺകുട്ടികളുടെ വിഭാഗത്തിൽ മഹാരാഷ്ട്രയും ചാമ്പ്യൻമാരായി. മഹാരാഷ്ട്രയുടെ ശിർസെ തേജസാണ് ആൺകുട്ടികളുടെ വിഭാഗത്തിലെ മികച്ച താരം.

ആൺകുട്ടികളുടെ 400 മീറ്റർ ഹർഡിൽസിൽ എ. രോഹിത്തും പെൺകുട്ടികളുടെ വിഭാഗത്തിൽ ആർ. ആരതിയും കേരളത്തിനുവേണ്ടി സ്വർണം നേടി. ആൺകുട്ടികളുടെ നാനൂറ് മീറ്റർ റിലേയിൽ കേരളം വെള്ളിയും നേടി. മത്സരത്തിന്‍റെ അവസാന ദിവസം രണ്ട് സ്വർണവും രണ്ട് വെള്ളിയും രണ്ട് വെങ്കലവുമാണ് കേരളം കരസ്ഥമാക്കിയത്. സീനിയർ വിഭാഗത്തിൽ എട്ട് സ്വർണവും ആറ് വെള്ളിയും പത്ത് വെങ്കലവുമാണ് കേരളത്തിന് ലഭിച്ചത്. സാഗ്രൂരിലെ കൊടും തണുപ്പിനെ മറി കടന്നാണ് കേരളത്തിന്റെ ഈ സുവർണ നേട്ടം എന്നതും ശ്രദ്ധേയമാണ്.