
ശബരിമലയിലെ സ്വർണ്ണക്കെള്ളയുമായി ബന്ധപ്പെട്ട വിവാദങ്ങൾ കേരള നിയമസഭയെ ഇന്ന് സായുധ പോരാട്ടവേദിയാക്കാൻ ഒരുങ്ങുകയാണ് പ്രതിപക്ഷം. സഭയുടെ ഇന്നത്തെ നടപടികൾ ആരംഭിക്കുന്നത് മുതൽ തന്നെ ഈ വിഷയം ഉന്നയിച്ച് സർക്കാരിനെ പ്രതിരോധത്തിലാക്കാനാണ് യുഡിഎഫിന്റെ നീക്കം. ചോദ്യോത്തര വേള ഇല്ലാത്തതിനാൽ, സഭ സമ്മേളിക്കുന്ന രാവിലെ 9 മണിക്ക് തന്നെ അടിയന്തര പ്രമേയ നോട്ടീസിലൂടെ വിഷയം സജീവമാക്കാനാണ് പ്രതിപക്ഷ തീരുമാനം.
സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതികൾക്ക് ഭരണകക്ഷിയായ സി.പി.എമ്മുമായുള്ള അടുത്ത ബന്ധമാണ് പ്രതിപക്ഷം പ്രധാനമായും ആയുധമാക്കുന്നത്. കേസിൽ ഉണ്ണികൃഷ്ണൻ പോറ്റി നൽകിയ മൊഴിയിൽ മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചത് സർക്കാരിനെ കൂടുതൽ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഈ മൊഴിയും അറസ്റ്റിലായവരുടെ പാർട്ടി ബന്ധവും മുൻനിർത്തി സർക്കാരിന്റെ ധാർമികതയെ ചോദ്യം ചെയ്യാനാണ് പ്രതിപക്ഷ നീക്കം.
ഗവർണ്ണറുടെ നയപ്രഖ്യാപന പ്രസംഗത്തിൻമേലുള്ള നന്ദിപ്രമേയ ചർച്ച ഇന്ന് ആരംഭിക്കാനിരിക്കെ, സഭയിൽ വലിയ തോതിലുള്ള വാഗ്വാദങ്ങൾക്കും പ്രതിഷേധങ്ങൾക്കും സാധ്യതയുണ്ട്. അഴിമതി ആരോപണങ്ങളും ഭരണവിരുദ്ധ വികാരവും ചർച്ചയാക്കി സർക്കാരിനെ വെട്ടിലാക്കാൻ പ്രതിപക്ഷം ശ്രമിക്കുമ്പോൾ, ഈ ആരോപണങ്ങളെ ശക്തമായി പ്രതിരോധിക്കാൻ ഭരണപക്ഷവും തയ്യാറെടുക്കുകയാണ്.