മന്ത്രിയുടെ രാജിയിൽ കുറഞ്ഞതൊന്നുമില്ല; ശബരിമല വിവാദത്തിൽ ഇന്നും നിയമസഭ കലുഷിതമായേക്കും; സത്യാഗ്രഹം തുടർന്ന് പ്രതിപക്ഷം

Jaihind News Bureau
Tuesday, February 3, 2026

ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട വിവാദങ്ങൾ നിയമസഭയിൽ ഇന്നും വൻ പ്രതിഷേധത്തിന് വഴിയൊരുക്കും. ദേവസ്വം മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം തങ്ങളുടെ നിലപാട് കൂടുതൽ കടുപ്പിച്ചിരിക്കുകയാണ്. സഭയ്ക്കുള്ളിൽ അടിയന്തര പ്രമേയം അവതരിപ്പിച്ച് സർക്കാരിനെ പ്രതിരോധത്തിലാക്കാൻ ശ്രമിക്കുന്നതിനൊപ്പം, സഭാ കവാടത്തിൽ പ്രതിപക്ഷ എം.എൽ.എമാർ നടത്തുന്ന അനിശ്ചിതകാല സത്യാഗ്രഹ സമരം ഇന്നും തുടരും.

യു.ഡി.എഫ് എം.എൽ.എമാരായ ഐ.സി. ബാലകൃഷ്ണൻ, എ.കെ.എം. അഷ്റഫ് എന്നിവരാണ് സഭാ കവാടത്തിൽ സത്യഗ്രഹം അനുഷ്ഠിക്കുന്നത്. സ്വർണ്ണക്കൊള്ളയിൽ മന്ത്രിക്ക് ഉത്തരവാദിത്തമുണ്ടെന്നും ധാർമ്മികമായ ഉത്തരവാദിത്തം ഏറ്റെടുത്ത് രാജി വെക്കണമെന്നുമാണ് ഇവരുടെ ആവശ്യം. വിഷയം ഗൗരവകരമായി ഉന്നയിക്കാൻ പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തിൽ പ്രത്യേക തന്ത്രങ്ങളാണ് ഇന്ന് സഭയിൽ ആവിഷ്കരിച്ചിരിക്കുന്നത്.

ബജറ്റിന്മേലുള്ള പൊതുചർച്ച ഇന്നും സഭയിൽ തുടരുന്നുണ്ടെങ്കിലും, ശബരിമല വിഷയത്തിലൂന്നിയുള്ള പ്രതിഷേധങ്ങൾ സഭാനടപടികളെ തടസ്സപ്പെടുത്താൻ സാധ്യതയുണ്ട്. കഴിഞ്ഞ ദിവസങ്ങളിലും സഭയിൽ ഇതേ വിഷയത്തിൽ വലിയ വാഗ്വാദങ്ങൾ നടന്നിരുന്നു. സർക്കാർ അന്വേഷണം പ്രഖ്യാപിച്ചെങ്കിലും മന്ത്രിയുടെ രാജിയല്ലാതെ മറ്റൊരു ഒത്തുതീർപ്പിനും തയ്യാറല്ലെന്ന ഉറച്ച നിലപാടിലാണ് പ്രതിപക്ഷം.