തദ്ദേശത്തിന് പിന്നാലെ നിയമസഭയും; സ്ഥാനാർത്ഥി പട്ടിക ഉടൻ; കോൺഗ്രസ് തിരഞ്ഞെടുപ്പ് മോഡിൽ

Jaihind News Bureau
Thursday, January 8, 2026

നിയമസഭ തിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകൾ വേഗത്തിലാക്കുന്നതിനായി കോൺഗ്രസ് സ്ഥാനാർഥി നിർണ്ണയ നടപടികളിലേക്ക് കടക്കുന്നു. ഇതിന്റെ ആദ്യഘട്ടമായി എഐസിസി സ്ക്രീനിങ് കമ്മിറ്റി ചെയർമാൻ മധുസൂദനൻ മിസ്ത്രി അടുത്ത ജനുവരി 13,14  (ചൊവ്വയും ബുധനും) തിയതികളില്‍ കേരളത്തിലെത്തി നേതാക്കളുമായി വിശദമായ ചർച്ചകൾ നടത്തും. രാഷ്ട്രീയ സാഹചര്യങ്ങൾ വിലയിരുത്തുന്നതിനായി എഐസിസി നിരീക്ഷകരും ഉടൻ സംസ്ഥാനത്തെത്തും.

തിരഞ്ഞെടുപ്പിന് യുദ്ധകാലാടിസ്ഥാനത്തിൽ ഒരുങ്ങണമെന്ന ഹൈക്കമാൻഡ് നിർദേശത്തിന്റെ ഭാഗമായി സ്ഥാനാർഥി പട്ടിക വേഗത്തിൽ പൂർത്തിയാക്കാനാണ് നീക്കം. കനഗോലുവിന്റെ റിപ്പോർട്ടും സ്ഥാനാർഥി നിർണ്ണയത്തിൽ പ്രധാന മാനദണ്ഡമായി പരിഗണിക്കും. ആദ്യഘട്ടത്തിൽ സിറ്റിങ് സീറ്റുകളിലും തർക്കമില്ലാത്ത മണ്ഡലങ്ങളിലുമുള്ള സ്ഥാനാർഥികളെ പ്രഖ്യാപിക്കാനാണ് ആലോചന. ആദ്യ പട്ടിക ജനുവരി അവസാനത്തോടെ പുറത്തുവിടാനാണ് സാധ്യത.

മധുസൂദൻ മിസ്ത്രിയുടെ നേതൃത്വത്തിലുള്ള നാലംഗ സ്ക്രീനിങ് കമ്മിറ്റി ചൊവ്വ, ബുധൻ ദിവസങ്ങളിൽ തിരുവനന്തപുരത്ത് നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. ഫെബ്രുവരി പകുതിയോടെ മുഴുവൻ സ്ഥാനാർഥികളെയും പ്രഖ്യാപിക്കാനാണ് ലക്ഷ്യം. യുവത്വവും ഭരണപരിചയവും ചേർന്ന സമന്വയമായിരിക്കും സ്ഥാനാർഥി തിരഞ്ഞെടുപ്പിലെ പ്രധാന മാനദണ്ഡമെന്ന് എഐസിസി വ്യക്തമാക്കിയിട്ടുണ്ട്. സ്ക്രീനിങ് കമ്മിറ്റി കുറഞ്ഞത് മൂന്ന് സിറ്റിങ്ങുകളെങ്കിലും നടത്തേണ്ടി വരുമെന്നാണ് വിലയിരുത്തൽ.

ദേശീയ തലത്തിലുള്ള നേതാക്കളടങ്ങുന്ന കമ്മിറ്റിയായതിനാൽ ഡൽഹിയുടെ ഇടപെടൽ ശക്തമായിരിക്കും. മുൻപ് കേരളത്തിന്റെ ചുമതല വഹിച്ചിരുന്ന നേതാവായതിനാൽ സംസ്ഥാന കോൺഗ്രസിലെ ആഭ്യന്തര സമവാക്യങ്ങൾ മധുസൂദൻ മിസ്ത്രിക്ക് വ്യക്തമായറിയാം. എഐസിസി നിരീക്ഷകരായ സച്ചിൻ പൈലറ്റ്, കനയ്യ കുമാര്‍‍, ഇമ്രാന്‍ പ്രതാപ് ഗഡി, കര്‍ണ്ണാടക ഊര്‍ജ്ജമന്ത്രി കെ ജെ ജോര്‍ജ് എന്നിവരും രണ്ടാഴ്ചയ്ക്കുള്ളിൽ കേരളത്തിലെത്തുമെന്നാണ് വിവരം.പ്രചാരണത്തിന്റെ ഭാഗമായി ദേശീയ നേതാക്കളുടെ സാന്നിധ്യവും വർധിക്കും. രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ എന്നിവരും പ്രചാരണത്തിൽ സജീവമാകുമെന്നാണ് വിവരം. പരമാവധി മണ്ഡലങ്ങളിൽ നേതാക്കളെ എത്തിക്കാനുള്ള പദ്ധതികളാണ് കോൺഗ്രസ് തയ്യാറാക്കുന്നത്.

കോൺഗ്രസിന്റെ ഈ ദീർഘവീക്ഷണവും ക്രമബദ്ധമായ പ്രവർത്തനവും തിരഞ്ഞെടുപ്പ് ഫലങ്ങളിലും പ്രതിഫലിക്കുമെന്നതിൽ സംശയമില്ല. ഇതിന് ഏറ്റവും മികച്ച ഉദാഹരണമാണ് തദ്ദേശ തിരഞ്ഞെടുപ്പ് ഫലം.