
തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ ദേവസ്വം മന്ത്രി വി.എന്‍. വാസവന്റെ രാജി ആവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ വന്‍ പ്രതിഷേധം. അന്വേഷണസംഘത്തെ സമ്മര്‍ദ്ദത്തിലാക്കി കേസ് അട്ടിമറിക്കാനുള്ള നീക്കം സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. സഭ ആരംഭിച്ചപ്പോള്‍ തന്നെ തുടങ്ങിയ ബഹളത്തെത്തുടര്‍ന്ന് സഭാ നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കുകയും പിന്നീട് ഈ മാസം 27-ലേക്ക് പിരിയുകയും ചെയ്തു.
രാവിലെ സഭ സമ്മേളിച്ച ഉടന്‍ തന്നെ പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. എന്നാല്‍ സ്വര്‍ണ്ണക്കൊള്ളയില്‍ മന്ത്രിയുടെ രാജി ആവശ്യപ്പെട്ടും അന്വേഷണത്തിലെ രാഷ്ട്രീയ ഇടപെടല്‍ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷം നടുതളത്തിലിറങ്ങി. ബാനറുകളും പ്ലക്കാര്‍ഡുകളുമായി സ്പീക്കറുടെ ഡയസിനു മുന്നിലെത്തി പ്രതിഷേധിച്ചതോടെ സഭ പ്രക്ഷുബ്ധമായി.
പ്രതിഷേധം തുടരുന്നതിനിടയില്‍ കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിക്കെതിരെ ഭരണപക്ഷ മന്ത്രിമാര്‍ വിലകുറഞ്ഞ പരാമര്‍ശങ്ങള്‍ നടത്തിയതോടെ സഭയിലെ സംഘര്‍ഷാവസ്ഥ ഉച്ചസ്ഥായിയിലെത്തി. ഇതോടെ പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കി. ഇതേത്തുടര്‍ന്ന് സ്പീക്കര്‍ സഭാ നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. സാധാരണ നിലയില്‍ നിന്ന് വ്യത്യസ്തമായി ഭരണകക്ഷി അംഗങ്ങള്‍ പ്രതിഷേധ പ്രകടനമായി സഭയ്ക്ക് പുറത്തേക്ക് നീങ്ങിയതും ശ്രദ്ധേയമായി. ഭരണപക്ഷത്തിന്റെ നീക്കത്തിന് പിന്നാലെ പ്രതിപക്ഷവും സഭയുടെ പ്രധാന കവാടത്തില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
സഭയ്ക്ക് പുറത്ത് നടന്ന പ്രതിഷേധ പ്രകടനത്തിന് ശേഷം മാധ്യമങ്ങളെ കണ്ട പ്രതിപക്ഷ നേതാവ് സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ചു. ‘ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ ഇനി ചര്‍ച്ചയല്ല, മറിച്ച് ശക്തമായ നടപടിയാണ് വേണ്ടത്. സോണിയ ഗാന്ധിക്കെതിരെ മന്ത്രിമാര്‍ നടത്തിയ വിലകുറഞ്ഞ പരാമര്‍ശങ്ങള്‍ സഭയുടെ അന്തസ്സിന് നിരക്കാത്തതാണ്.’ – വി.ഡി. സതീശന്‍.
സഭാ കവാടത്തില്‍ പാട്ട് പാടിയും മുദ്രാവാക്യം വിളിച്ചും പ്രതിപക്ഷം പ്രതിഷേധം തുടര്‍ന്നു. ശബരിമല സ്വര്‍ണ്ണക്കൊള്ള വിഷയത്തില്‍ വരും ദിവസങ്ങളിലും സഭയ്ക്ക് അകത്തും പുറത്തും ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ട് പോകാനാണ് യുഡിഎഫിന്റെയും കോണ്‍ഗ്രസിന്റെയും തീരുമാനം.