ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം ; ആരോപണമുനയില്‍ സ്പീക്കർ

Jaihind News Bureau
Friday, January 8, 2021

 

തിരുവനന്തപുരം : നിയമസഭയുടെ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം. ഗവര്‍ണരുടെ നയപ്രഖ്യാപനത്തോടെ ആരംഭിക്കുന്ന സഭാസമ്മേളനത്തില്‍  സര്‍ക്കാരിന്‍റെ അവസാന ബജറ്റ് 15ന് അവതരിപ്പിക്കും. സ്പീക്കര്‍ സ്ഥാനത്ത് നിന്ന് പി.ശ്രീരാമകൃഷ്ണനെ മാറ്റണമെന്ന പ്രതിപക്ഷ പ്രമേയം സഭ ചര്‍ച്ചചെയ്യും. സ്വര്‍ണക്കടത്തുകേസുമായി ബന്ധപ്പെട്ട് സ്പീക്കര്‍ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍, സ്പീക്കറുടെ അസിസ്റ്റന്‍റ് പ്രൈവറ്റ് സെക്രട്ടറി കെ. അയ്യപ്പനെ കസ്റ്റംസ് ചോദ്യം ചെയ്യുന്ന പശ്ചാത്തലത്തില്‍ സ്പീക്കർക്കും ട്രഷറി ബെഞ്ചിനും നിർണായകമാണ്. പതിനാലാം നിയമസഭയുടെഅവസാന സമ്മേളനവും ഗവർണറുടെ നയപ്രഖ്യാപന പ്രസംഗവും ആണ് ഇന്ന് സഭയില്‍ ഉണ്ടാവുക.

നിയമസഭ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും ഈ സഭാസമ്മേളന കാലം നിർണായകമാണ്. സ്പീക്കർ തന്നെ ആരോപണത്തിന്‍റെ കാർമേഘത്തില്‍ നില്‍ക്കുന്ന പശ്ചാത്തലത്തില്‍ പിണറായി സർക്കാരിനെയും സ്പീക്കറേയും തുറന്നുകാട്ടാനുള്ള അവസരം ആയതിനാല്‍ ഭരണപക്ഷത്തെ ആരോപണത്തിന്‍റെ മുള്‍മുനയില്‍ നിർത്താനുള്ള ആയുധങ്ങള്‍ക്ക് മൂർച്ഛകൂട്ടുന്നതായിരിക്കും പ്രതിപക്ഷത്തിന്‍റെ പ്രകടനം.