കേരള ആദിവാസി കോണ്‍ഗ്രസ് സംസ്ഥാന ക്യാമ്പിന് തുടക്കം; പട്ടിക വിഭാഗങ്ങള്‍ക്ക് തൊഴില്‍ സംവരണം അട്ടിമറിക്കപ്പെട്ടെന്ന് രമേശ് ചെന്നിത്തല

Jaihind Webdesk
Saturday, March 25, 2023

തിരുവനന്തപുരം : ഇന്ത്യയിലെ പൊതുമേഖലാ സ്ഥാപനങ്ങള്‍ അദാനി അംബാനിമാര്‍ക്ക് തീറെഴുതി കൊടുത്തിരിക്കുന്നതിലൂടെ പട്ടിക വിഭാഗങ്ങള്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന തൊഴില്‍ സംവരണം അട്ടിമറിക്കപ്പെട്ടു എന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കേരള ആദിവാസി കോണ്‍ഗ്രസ് സംസ്ഥാന ക്യാമ്പ് നെയ്യാര്‍ഡാം രാജീവ് ഗാന്ധി ഡെവലപ്‌മെന്‍റ്  സ്റ്റഡി സെന്‍ററില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആര്‍എസ്എസ് എന്നും സംവരണത്തിനും ജനാധിപത്യത്തിനും എതിരാണെന്നും അതുകൊണ്ടാണ് ആദിവാസികള്‍ക്ക് വേണ്ടി നിരന്തരം ശബ്ദിക്കുന്ന രാഹുല്‍ ഗാന്ധിയെ ജയിലില്‍ അടയ്ക്കാന്‍ ബിജെപി ശ്രമിക്കുന്നതെന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു. ബിജെപിയുടെ ഏകാധിപത്യ നയം വിജയിച്ചാല്‍ ഏറ്റവും കൂടുതല്‍ പീഢിതരാകുന്നത് പട്ടികജാതി പട്ടികവര്‍ഗങ്ങള്‍ ആയിരിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ആദിവാസി കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ്  സി.പി കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ഐ.സി ബാലകൃഷ്ണന്‍ എംഎല്‍എ, നേതാക്കളായ അഡ്വ.കെ.കെ മനോജ്, വിജയചന്ദ്രന്‍, ഉദയകുമാര്‍,എന്‍.കൃഷ്ണന്‍കാണി, മാക്കൂല്‍ കേളപ്പന്‍, ടി. ഡി അരവിന്ദാക്ഷന്‍, പത്മനാഭന്‍ ചാലിങ്കല്‍, എ.എസ് വിജയ, തുളസീധരന്‍ കാണി, കെ.ശശിധരന്‍ എന്നിവര്‍ സംസാരിച്ചു.

സംസ്ഥാന ക്യാമ്പിന്‍റെ സമാപന സമ്മേളനം  കെപിസിസി പ്രസിഡന്‍റ്  കെ സുധാകരന്‍ എംപി ഉദ്ഘാടനം ചെയ്തു.