തിരുവനന്തപുരം: കേര പദ്ധതിയുമായി ബന്ധപ്പെട്ട വാര്‍ത്ത ചോര്‍ന്നതിനെക്കുറിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ട് മുഖ്യമന്ത്രിയുടെ ഓഫീസിനെ പ്രതിരോധത്തിലാക്കിയതിന് പിന്നാലെ കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബി. അശോകിനെ സ്ഥാനത്തുനിന്ന് മാറ്റി. മുഖ്യമന്ത്രിയുടെ ഓഫീസിന് തിരിച്ചടിയായ കണ്ടെത്തലുകള്‍ റിപ്പോര്‍ട്ടിലുണ്ടായിരുന്നതാണ് ഈ നടപടിക്ക് പിന്നിലെന്നാണ് സൂചന.
കേരള പദ്ധതിക്ക് ലോകബാങ്ക് നല്‍കിയ ഫണ്ട് വകമാറ്റിയതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് ലഭിച്ചതെങ്ങനെ എന്ന് അന്വേഷിക്കാനാണ് ബി. അശോകിനെ ചുമതലപ്പെടുത്തിയിരുന്നത്. ഈ വിഷയത്തില്‍ വകുപ്പിലെ നാല് ഉദ്യോഗസ്ഥര്‍ മാത്രം കൈകാര്യം ചെയ്ത ഫയല്‍ എങ്ങനെ മുഖ്യമന്ത്രിയുടെ ഓഫീസിന് ലഭിച്ചു എന്ന കാര്യം അദ്ദേഹം അന്വേഷണ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
മാത്രമല്ല, സര്‍ക്കാര്‍ മെയില്‍ ഉപയോഗിക്കാതെ ജിമെയില്‍ ഉപയോഗിച്ചതാണ് വാര്‍ത്ത ചോരാന്‍ കാരണമെന്ന മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിഗമനവും അശോക് തന്റെ റിപ്പോര്‍ട്ടില്‍ തള്ളിക്കളഞ്ഞു. ഈ റിപ്പോര്‍ട്ട് സര്‍ക്കാരിന് വലിയ തലവേദന സൃഷ്ടിച്ചതോടെയാണ് അശോകിനെ സ്ഥാനത്തുനിന്ന് മാറ്റാന്‍ തീരുമാനമുണ്ടായത്.