തിരുവനന്തപുരം: കേര പദ്ധതിയുമായി ബന്ധപ്പെട്ട വാര്‍ത്ത ചോര്‍ന്നതില്‍ കൊമ്പുകോര്‍ത്ത് മുഖ്യമന്ത്രിയുടെ ഓഫീസും കൃഷി വകുപ്പും. ലോകബാങ്കുമായുള്ള ആശയവിനിമയങ്ങള്‍ നടത്താന്‍ ഔദ്യോഗിക ഇമെയിലിന് പകരം ജിമെയില്‍ ഉപയോഗിച്ചതാണ് വാര്‍ത്ത ചോരാന്‍ കാരണമെന്ന മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ആരോപണം കൃഷി വകുപ്പ് ശക്തമായി എതിര്‍ത്തു.
ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് സര്‍ക്കാര്‍ മെയില്‍ മാത്രം ഉപയോഗിക്കണമെന്ന് നിര്‍ദ്ദേശിച്ച് വാര്‍ത്താ ചോര്‍ച്ചയെക്കുറിച്ച് മുഖ്യമന്ത്രിയുടെ ഓഫീസ് അടുത്തിടെ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കൃഷി വകുപ്പ് നടത്തിയ അന്വേഷണ റിപ്പോര്‍ട്ടിലാണ് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ വാദങ്ങള്‍ തള്ളിക്കളഞ്ഞത്.
മുഖ്യമന്ത്രിയുടെ ഓഫീസിലടക്കം സര്‍ക്കാര്‍ സംവിധാനത്തിലുടനീളം ജിമെയില്‍ ഉപയോഗിക്കുന്നതിന്റെ തെളിവുകള്‍ അന്വേഷണ റിപ്പോര്‍ട്ടില്‍ കൃഷി വകുപ്പ് ഹാജരാക്കിയിട്ടുണ്ട്. ഇതോടെ, വാര്‍ത്ത ചോര്‍ച്ചയുടെ ഉത്തരവാദിത്വം ഒരു വകുപ്പിന്റെ മാത്രം തലയില്‍ കെട്ടിവെക്കാനുള്ള ശ്രമം പരാജയപ്പെട്ടു.
കേര പദ്ധതിയുമായി ബന്ധപ്പെട്ട് ലോകബാങ്കിന്റെ സാമ്പത്തിക സഹായം സംബന്ധിച്ച പ്രധാനപ്പെട്ട വിവരങ്ങളാണ് ചോര്‍ന്നത്. പദ്ധതിയുടെ വിശദാംശങ്ങള്‍, ധനസഹായത്തിന്റെ മാനദണ്ഡങ്ങള്‍, എന്നിവ സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നത് സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് ചോര്‍ച്ചയുടെ ഉത്തരവാദിത്വം കണ്ടെത്താന്‍ അന്വേഷണം പ്രഖ്യാപിച്ചത്.
സര്‍ക്കാരിന്റെ സുപ്രധാന നയതീരുമാനങ്ങള്‍ പോലും സ്വകാര്യ ഇമെയില്‍ സേവനങ്ങള്‍ വഴി കൈകാര്യം ചെയ്യുന്നത് സുരക്ഷാ വീഴ്ചയാണെന്ന ആരോപണവും ഈ സംഭവത്തോടെ ശക്തമായിരിക്കുകയാണ്. സംഭവത്തില്‍ ഇരു വകുപ്പുകളും തമ്മിലുള്ള തര്‍ക്കം സര്‍ക്കാരിന്റെ ആഭ്യന്തര കാര്യക്ഷമതയെക്കുറിച്ചും സുരക്ഷാ മാനദണ്ഡങ്ങളെക്കുറിച്ചും കൂടുതല്‍ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്.