സജി ചെറിയാന്‍റേത് രാജ്യദ്രോഹ പ്രസംഗം; പഞ്ചാബ് മോഡലിനേക്കാള്‍ നാലിരട്ടി ഗുരുതരമെന്ന് ജസ്റ്റിസ് കെമാല്‍ പാഷ

 

സജി ചെറിയാന്‍റേത് രാജ്യദ്രോഹ പ്രസംഗമെന്ന് ജസ്റ്റിസ് ബി കെമാൽ പാഷ. മന്ത്രിയുടേത് ഗുരുതര സത്യപ്രതിജ്ഞാ ലംഘനമാണ്. ബാലകൃഷ്ണപിള്ളയുടെ പഞ്ചാബ് മോഡൽ പ്രസംഗത്തേക്കാൾ നാലിരട്ടി ഗുരുതരമായ പ്രസംഗമാണിത്. മന്ത്രി സ്ഥാനത്ത് തുടരാൻ സജി ചെറിയാന് അവകാശമില്ലെന്നും  കെമാൽ പാഷ  പറഞ്ഞു. അക്ഷരാഭ്യാസമുള്ള ആരും പറയാത്ത കാര്യമാണ് മന്ത്രി സജി ചെറിയാൻ പറഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഭരണഘടനയെയും കോടതിയെയും വിമർശിച്ച് സജി ചെറിയാന്‍ നടത്തിയ പ്രസംഗമാണ് വിവാദമായത്. പത്തനംതിട്ട മല്ലപ്പള്ളിയിൽ സിപിഎം സംഘടിപ്പിച്ച ചടങ്ങിലാണ് ഭരണഘടനയിൽ അവിശ്വാസം പ്രകടിപ്പിച്ചുകൊണ്ട് മന്ത്രി പ്രസംഗിച്ചത്. ജനങ്ങളെ ഏറ്റവുമധികം കൊള്ളയടിക്കാൻ പറ്റിയ ഭരണഘടനയാണ് ഇന്ത്യയുടേതെന്നും ബ്രിട്ടീഷുകാർ പറഞ്ഞുകൊടുത്തത് എഴുതിവെച്ചിരിക്കുകയാണെന്നുമാണ് മന്ത്രി പ്രസംഗത്തിൽ പറയുന്നത്. തൊഴിലാളികളുടെ സമരം അംഗീകരിക്കാത്ത കോടതികളാണ് ഇന്ത്യയിൽ ഉള്ളതെന്നും സജി ചെറിയാൻ പ്രസംഗത്തിൽ പറയുന്നു.

ഭരണഘടന തൊട്ട് സത്യപ്രതിജ്ഞ ചെയ്ത ഒരു മന്ത്രിയുടെ ഭാഗത്തു നിന്ന് ഇത്തരത്തിൽ ഒരു പരാമർശമുണ്ടായത് വലിയ വിവാദത്തിനാണ് വഴിവെച്ചിരിക്കുന്നത്. ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍ മന്ത്രിയോട് വിശദീകരണം തേടിയിട്ടുണ്ട്.

Comments (0)
Add Comment