‘കെജ്‍രിവാള്‍ കോ ആശിർവാദ്’; ഡല്‍ഹി മുഖ്യമന്ത്രിക്ക് പിന്തുണ അറിയിക്കാന്‍ ക്യാമ്പെയ്നുമായി ആപ്പ്

Jaihind Webdesk
Friday, March 29, 2024

 

ന്യൂഡല്‍ഹി: ഇഡി കസ്റ്റഡിയിൽ കഴിയുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിന് പിന്തുണ പങ്കുവെക്കാൻ ക്യാമ്പെയ്‌നുമായി ആം ആദ്മി പാർട്ടി. ‘കെജ്‍രിവാള്‍ കോ ആശിർവാദ്’ എന്ന ക്യാമ്പെയ്ൻ വഴി പൊതുജനങ്ങൾക്ക് കെജ്‍രിവാളിന് പിന്തുണ അറിയിക്കാമെന്ന് ഭാര്യ സുനിത കെജ്‌രിവാൾ പറഞ്ഞു. ഇതിനായി വാട്സാപ് നമ്പറും പുറത്തുവിട്ടു.

8297324624 എന്ന നമ്പറിലേക്ക് സന്ദേശങ്ങൾ അയച്ച വാട്സാപ്പ് ക്യാമ്പെയ്നിൽ പങ്കാളിയാകാം. കെജ്‌രിവാളിന്‍റെ മോചനത്തിനായി നിരാഹാരമിരിക്കുന്നതായി പലരും തന്നെ ഫോണിൽ വിളിച്ചിരുന്നുവെന്നും അവർ പറഞ്ഞു. ‘ഇങ്ങനെയാണ് ആളുകൾ അദ്ദേഹത്തെ സ്നേഹിക്കുന്നത്. നിങ്ങൾക്ക് പറയാനുള്ളത് ഞങ്ങൾക്ക് അയക്കുക. നിങ്ങളുടെ ഓരോ സന്ദേശവും അദ്ദേഹത്തിന്‍റെ അടുത്തെത്തും. അവ വായിക്കുന്നത് അദ്ദേഹം ഇഷ്ടപ്പെടും. അദ്ദേഹത്തിന് കത്തെഴുതാൻ നിങ്ങൾ ആം ആദ്മി പാർട്ടിക്കാരനാകേണ്ടതില്ല’ – സുനിത പറഞ്ഞു.

ഈ സ്വേച്ഛാധിപത്യം നിലനിൽക്കില്ലെന്നും ജനങ്ങൾ മറുപടി നൽകുമെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു. ഡല്‍ഹി മദ്യനയക്കേസുമായി ബന്ധപ്പെട്ട് മാര്‍ച്ച് 21-നാണ് കെജ്‍രിവാളിനെ ഇഡി അറസ്റ്റ് ചെയ്തത്. കേസിലെ മറ്റ് പ്രതികള്‍ക്കൊപ്പമിരുത്തി കെജ്‍രിവാളിനെ ചോദ്യം ചെയ്യാനാണ് ഇഡിയുടെ നീക്കം. കെജ്‍രിവാളിന്‍റെ കസ്റ്റഡി കാലാവധി ഏപ്രില്‍ 1 വരെ നീട്ടിയിട്ടുണ്ട്.