ബി.ജെ.പി ഭരണത്തില്‍ രാജ്യം ആള്‍ക്കൂട്ട കൊലപാതകങ്ങളുടെും ആക്രമണങ്ങളുടെയും ഫാക്ടറിയായി മാറിയെന്ന് രാജ്യസഭാ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ്. മോദി സര്‍ക്കാര്‍ വിഭാവനം ചെയ്യുന്ന പുതിയ ഇന്ത്യയില്‍ ആളുകള്‍ പരിഭ്രാന്തരാണ്. തൊഴിലില്ലായ്മ അതിന്‍റെ ഏറ്റവും ഉയർന്ന അവസ്ഥയിലാണെന്നും കൊലപാതകങ്ങളും ആള്‍ക്കൂട്ട ആക്രമണങ്ങളും ബലാത്സംഗവും പോലെയുള്ള ഹീനകൃത്യങ്ങള്‍ പെരുകിയതായും കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് രാജ്യസഭയില്‍ പറഞ്ഞു.
‘പഴയ ഇന്ത്യയില്‍ വെറുപ്പോ ദേഷ്യമോ ആള്‍ക്കൂട്ട ആക്രമണങ്ങളോ ഉണ്ടായിരുന്നില്ല. ബി.ജെ.പി വിഭാവനം ചെയ്ത പുതിയ ഇന്ത്യയില്‍ ആളുകള്‍ പരസ്പരം ശത്രുതയോടെയാണ് പെരുമാറുന്നത്. വന്യമൃഗങ്ങളെ ഭയക്കേണ്ടതില്ല, പക്ഷേ ഇപ്പോള്‍ ഒരു കോളനിയില്‍ താമസിക്കുന്ന ആളുകള്‍ പരസ്പരം പേടിക്കേണ്ട അവസ്ഥയിലാണുള്ളത്. നിങ്ങളുടെ പുതിയ ഇന്ത്യ നിങ്ങള്‍ തന്നെ വെച്ചുകൊള്ളൂ, ഹിന്ദുവും ക്രിസ്ത്യാനിയും മുസ്ലീനും സിഖുമൊക്കെ സഹവര്‍ത്തിത്വത്തോടെ ജീവിച്ചിരുന്ന ആ പഴയ ഇന്ത്യ ഞങ്ങള്‍ക്ക് തിരികെ തരൂ – ഗുലാം നബി ആസാദ് രാജ്യസഭയില്‍ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദി ലോക്‌സഭാ തെരഞ്ഞെടുപ്പ് റാലികളില്‍ ഉയര്‍ത്തിയ പ്രസ്താവനയായിരുന്നു പുതിയ ഇന്ത്യ നിര്‍മ്മിക്കും എന്നത്. ഇത് ചൂണ്ടിക്കാട്ടിയായിരുന്നു ഗുലാം നബി ആസാദിന്‍റെ വിമർശനം.
ബി.ജെ.പി നടപ്പിലാക്കുന്ന അധാര്‍മികമായ പ്രവര്‍ത്തനങ്ങളെ പ്രതിപക്ഷം ഒറ്റക്കെട്ടായി നേരിടുമെന്നും ഗുലാം നബി ആസാദ് വ്യക്തമാക്കി. ‘സബ്കാ സാത്, സബ്കാ വികാസ്’ നടപ്പിലാക്കണമെങ്കില്‍ രാജ്യത്ത് ജനങ്ങള്‍ ബാക്കിയുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. വര്‍ഗീയ കലാപങ്ങളും ആള്‍ക്കൂട്ട കൊലപാതങ്ങളും രാജ്യത്തുടനീളം ഉയര്‍ന്നുവരുന്ന സാഹചര്യത്തിലാണ് ഗുലാം നബി ആസാദ് ബി.ജെ.പിയോട് ഇക്കാര്യങ്ങള്‍ ഓര്‍മപ്പെടുത്തിയത്.