KEAM Ranklist | ഉന്നത വിദ്യാഭ്യാസമന്ത്രി R ബിന്ദു പിടിവാശി ഉപേക്ഷിച്ചു; അപ്പീല്‍ പോകില്ല; കീം റാങ്ക് ലിസ്റ്റ് പഴയ ഫോര്‍മുലയില്‍

Jaihind News Bureau
Thursday, July 10, 2025

തിരുവനന്തപുരം: കീം റാങ്ക് ലിസ്റ്റ് റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ അപ്പീലിനില്ലെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു വ്യക്തമാക്കി. കേരളത്തിലെ എന്‍ജിനീയറിങ് ഫാര്‍മസി പ്രവേശന യോഗ്യതാ പരീക്ഷ (കീം) റാങ്ക് ലിസ്റ്റ് റദ്ദാക്കിയ സിംഗിള്‍ ബെഞ്ച് വിധിയില്‍ ഇടപെടാന്‍ ഡിവിഷന്‍ ബഞ്ച് വിസമ്മതിച്ചതോടെയാണ് മന്ത്രിയുടെ മനം മാറ്റം. പഴയ ഫോര്‍മുല പ്രകാരം പുതുക്കിയ റാങ്ക് ലിസ്റ്റ് ഇന്നു തന്നെ പുറത്തിറക്കുമെന്ന് ഉന്നതവിദ്യാഭ്യാസമന്ത്രി ആര്‍.ബിന്ദു പറഞ്ഞു. പഴയ പ്രോസ്പെക്ടസ് പ്രകാരം പുതിയ റാങ്ക് ലിസ്റ്റ് പുറത്തിറക്കണമെന്നാണ് കോടതി അറിയിച്ചിരിക്കുന്നതെന്നും എത്രയും പെട്ടെന്ന് ഇത് നടപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.

സാമൂഹ്യനീതിയുടെ പേരില്‍ കീം റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതില്‍ അനിശ്ചിതത്വം ഉണ്ടാക്കിയത് വകുപ്പിന്റെ വീഴ്ചയാണെന്ന് വ്യക്തമായി. എങ്കിലും അത് മന്ത്രി സമ്മതിക്കുന്നില്ല. സര്‍ക്കാരിന് വീഴ്ച പറ്റിയെന്നു പറയാന്‍ കഴിയില്ല. എല്ലാ കുട്ടികള്‍ക്കും നീതി ലഭിക്കണമെന്നാണ് സര്‍ക്കാരിന്റെ നിലപാട് എന്നാണ് മന്ത്രി പ്രതികരിച്ചത്. റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് മാത്രമാണ് പ്രോസ്‌പെക്ടസിലെ മാറ്റം വരുത്തിയത് ഇതു നിയമവിരുദ്ധമാണെന്ന് കോടതി കണ്ടെത്തി.മേല്‍കോടതിയില്‍ അപ്പീല്‍ നല്‍കിയാലും അതു നിലനില്‍ക്കില്ലെന്ന് ബോദ്ധ്യപ്പെട്ടതോടെയാണ് സര്‍ക്കാര്‍ പഴയ ഫോര്‍മുലയിലേയ്ക്കു മടങ്ങുന്നത് . എഐസിടി പ്രവേശനത്തിന് അവസാനതിയതി പറഞ്ഞിരിക്കുന്നത് ഓഗസ്റ്റ് 14 ആണ്. അതിനു മുന്‍പ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കണം. ആ സാഹചര്യത്തില്‍ കഴിഞ്ഞവര്‍ഷം വരെ തുടര്‍ന്ന പ്രക്രിയ തന്നെ തുടരും. ഇന്നു തന്നെ റാങ്കു ലിസ്റ്റ് പുറത്തിറക്കാനാണ് ശ്രമം