KEAM Ranklist| സര്‍ക്കാര്‍ നിലപാട് നിര്‍ണ്ണായകം ; കീം റാങ്ക് ലിസ്റ്റ് അപ്പീല്‍ ഹര്‍ജിയില്‍ സംസ്ഥാനം പങ്കുചേരുമോ എന്ന് സുപ്രീംകോടതി

Jaihind News Bureau
Tuesday, July 15, 2025

 

പുതുക്കിയ കീം റാങ്ക് പട്ടിക സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കേരള സിലബസ് വിദ്യാര്‍ഥികളുടെ ഹര്‍ജിയില് സംസ്ഥാനത്തിന്റെ നിലപാട് അറിയാന്‍ സുപ്രീം കോടതി. ഹൈക്കോടതിയില്‍ തിരിച്ചടി ഏറ്റതോടെ അപ്പീലിനില്ല ഇനി വേണമെങ്കില്‍ വിദ്യാര്‍ത്ഥികള്‍ പോകട്ടെ എന്ന നിലപാടില്‍ ് കളികാണാന്‍ ഗാലറിയിലിരുന്ന സംസ്ഥാന സര്‍ക്കാരിനെ കൂടി ഉള്‍പ്പെടുത്തിയിരിക്കുകയാണ് കോടതി. ഇതില്‍ നയപരമായ പിഴവല്ല , സാങ്കേതികമായ രീതിയെ കുറിച്ചാണ് പരാതിയെന്നു കോടതി നിരീക്ഷിച്ചു. എന്നാല്‍ സര്‍ക്കാരിന് നോട്ടീസ് അയ്ക്കാന്‍ സന്നദ്ധമായില്ല.

പുതുക്കിയ പട്ടിക കേരള സിലബസ് വിദ്യാര്‍ഥികളോടുള്ള നീതി നിഷേധം ആണെന്ന് കേരളസിലബസിലെ കുട്ടികള്‍ക്കു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ വാദിച്ചു. പ്രോസ്‌പെക്ട്‌സ് തിരുത്താന്‍ സര്‍ക്കാരിന് അധികാരമുണ്ട്. ഹൈക്കോടതി ഇടപെട്ടത് നയപരമായ വിഷയത്തിലാണെന്നും ഹര്‍ജിയില്‍ പറയുന്നു.

15 വിദ്യാര്‍ഥികളാണ് ഹര്‍ജിയില്‍ കക്ഷി ചേര്‍ന്നിരിക്കുന്നത്. കൂടുതല്‍ വിദ്യാര്‍ഥികള്‍ കക്ഷി ചേര്‍ന്നേക്കുമെന്നാണ് വിവരം. പുതിയ ഫോര്‍മുല അനുസരിച്ചുള്ള റാങ്ക് ലിസ്റ്റ് റദ്ദാക്കിയ ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ നടപടി ഡിവിഷന്‍ ബെഞ്ച് ശരിവച്ചതിനു പിന്നാലെയാണ് പുതുക്കിയ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചത്. പഴയ ഫോര്‍മുല അനുസരിച്ച് റാങ്ക് ലിസ്റ്റ് പുതുക്കി പ്രഖ്യാപിച്ചപ്പോള്‍ സ്റ്റേറ്റ് സിലബസിലുള്ള വിദ്യാര്‍ഥികള്‍ക്ക് മുന്‍തൂക്കം നഷ്ടമായി. ആദ്യ 100 റാങ്കില്‍ 21 പേര്‍ കേരള സിലബസില്‍നിന്നാണ്. പഴയ റാങ്കില്‍ ആദ്യ 100ല്‍ 43 പേര്‍ കേരള സിലബസില്‍നിന്നുള്ളവരായിരുന്നു.