KCL| കെസിഎല്‍ താരലേലം: 26.80 ലക്ഷം രൂപയ്ക്ക് സഞ്ജുവിനെ സ്വന്തമാക്കി കൊച്ചി ബ്ലൂ ടൈഗേഴ്‌സ്; ആഗസ്റ്റ് 22 ന് മത്സരങ്ങള്‍ ആരംഭിക്കും

Jaihind News Bureau
Saturday, July 5, 2025

പ്രതിഫല തുകകളില്‍ പുതിയ റെക്കോഡ് കുറിച്ച് കേരള ക്രിക്കറ്റ് ലീഗിന്റെ രണ്ടാം സീസണിലേക്കുള്ള താരലേലം പൂര്‍ത്തിയായി. 26.80 ലക്ഷം രൂപയ്ക്ക് കൊച്ചി ബ്ലൂ ടൈഗേഴ്‌സ് സ്വന്തമാക്കിയ സഞ്ജു സാംസനാണ് ഈ സീസണിലെ വിലയേറിയ താരം. സഞ്ജുവിനെക്കൂടാതെ വിഷ്ണു വിനോദ്, ജലജ് സക്‌സേന എന്നിവരും പത്ത് ലക്ഷം രൂപയ്ക്ക് മുകളില്‍ നേടി. ആകെയുള്ള 168 താരങ്ങളില്‍ നിന്ന് 91 പേരെയാണ് വിവിധ ടീമുകള്‍ ലേലത്തിലൂടെ സ്വന്തമാക്കിയത്. കൊല്ലവും ആലപ്പുഴയും കോഴിക്കോടും നാല് താരങ്ങളെ വീതവും തിരുവനന്തപുരം മൂന്ന് താരങ്ങളെയും നേരത്തെ നിലനിര്‍ത്തിയിരുന്നു. ബാക്കിയുള്ളവര്‍ക്കായാണ് ഇന്ന് ലേലം നടന്നത്. എ കാറ്റഗറിയില്‍ നിന്ന് 26 പേരും ബി കാറ്റഗറിയില്‍ നിന്ന് 16 താരങ്ങളും സി കാറ്റഗറിയില്‍ നിന്ന് 49 പേരും തെരഞ്ഞെടുക്കപ്പെട്ടു. ചാരു ശര്‍മ്മ നിയന്ത്രിച്ച ലേലം രാവിലെ പത്തിന് തിരുവനന്തപുരത്ത് ആരംഭിച്ച് അഞ്ചു മണിക്ക് സമാപിച്ചു.

സഞ്ജു സാംസണായി വാശിയേറിയ പോരാട്ടമാണ് അരങ്ങേറിയത്. കൊച്ചിയ്‌ക്കൊപ്പം ട്രിവാണ്‍ഡ്രം റോയല്‍സും തൃശൂര്‍ ടൈറ്റന്‍സുമായിരുന്നു സഞ്ജുവിനായി അവസാനം വരെ രംഗത്തുണ്ടായിരുന്നത്. ഒടുവില്‍ റെക്കോഡ് തുകയ്ക്ക് കൊച്ചി സഞ്ജുവിനെ ടീമിലെത്തിച്ചു. വിഷ്ണു വിനോദിനെ 12 ലക്ഷത്തി എണ്‍പതിനായിരം രൂപയ്ക്ക് ഏരീസ് കൊല്ലം സെയിലേഴ്‌സും ജലജ് സക്‌സേനയെ 12 ലക്ഷത്തി നാല്പതിനായിരം രൂപയ്ക്ക് ആലപ്പി റിപ്പിള്‍സുമാണ് സ്വന്തമാക്കിയത്. കഴിഞ്ഞ സീസണിലെ വിലയേറിയ താരമായ എം എസ് അഖിലിന് വേണ്ടിയും കടുത്ത മല്‌സരമാണ് അരങ്ങേറിയത്. ഒടുവില്‍ എട്ട് ലക്ഷത്തി നാല്പതിനായിരം രൂപയ്ക്ക് കൊല്ലം സെയിലേഴ്‌സാണ് അഖിലിനെ ടീമിലെത്തിച്ചത്.

ലേലത്തിലെ ആദ്യ പേരുകാരനായിരുന്ന ബേസില്‍ തമ്പിക്കും എട്ട് ലക്ഷത്തി നാല്പതിനായിരം രൂപ ലഭിച്ചു. അദാനി ട്രിവാണ്‍ഡ്രം റോയല്‍സാണ് ബേസില്‍ തമ്പിയെ സ്വന്തമാക്കിയത്. കഴിഞ്ഞ സീസണില്‍ ശ്രദ്ധേയ പ്രകടനം കാഴ്ച വച്ച അബ്ദുള്‍ ബാസിതിനെ ആറ് ലക്ഷത്തി നാല്പതിനായിരം രൂപയ്ക്കും ട്രിവാണ്‍ഡ്രം ലേലത്തിലൂടെ നിലനിര്‍ത്തി. ആനന്ദ് കൃഷ്ണനെ ഏഴ് ലക്ഷത്തിനും ലീഗിലെ മുതിര്‍ന്ന താരങ്ങളിലൊരാളായ വിനോദ് കുമാറിനെ ആറ് ലക്ഷത്തി ഇരുപതിനായിരം രൂപയ്ക്കും തൃശൂരും ടീമിലെത്തിച്ചപ്പോള്‍ എം അജ്‌നാസിനെ ആറ് ലക്ഷത്തി നാല്പതിനായിരം രൂപയ്ക്ക് കാലിക്കറ്റ് ഗ്ലോബ് സ്റ്റാര്‍സും സ്വന്തമാക്കി. സിജോമോന്‍ ജോസഫ്, ബേസില്‍ എന്‍ പി, സച്ചിന്‍ സുരേഷ്, നിഖില്‍ എം എന്നിവരാണ് അഞ്ച് ലക്ഷത്തില്‍ കൂടുതല്‍ നേടിയ മറ്റ് താരങ്ങള്‍. സിജോമോന്‍ ജോസഫിന് അഞ്ച് ലക്ഷത്തി ഇരുപതിനായിരവും ബേസിലിന് അഞ്ച് ലക്ഷത്തി നാല്പതിനായിരവും, സച്ചിന്‍ സുരേഷിന് അഞ്ച് ലക്ഷത്തി മുപ്പതിനായിരവും, നിഖിലിന് അഞ്ച് ലക്ഷത്തി തൊണ്ണൂറായിരവും ലഭിച്ചു.

ഓരോ ടീമിനും പരമാവധി 50 ലക്ഷം രൂപയാണ് ചെലവഴിക്കാന്‍ കഴിയുമായിരുന്നത്. ഇതില്‍ കൊച്ചി മാത്രമാണ് മുഴുവന്‍ തുകയും ചെലവഴിച്ചത്. കൊല്ലം 49.80 ലക്ഷവും ആലപ്പി 49.35ഉം കാലിക്കറ്റ് 49.80ഉം ട്രിവാണ്‍ഡ്രം 49.40ഉം തൃശൂര്‍ 49.65 ലക്ഷം വീതവും ചെലവഴിച്ചു. ഓരോ ടീമിലും പരമാവധി 20 പേരെയാണ് ഉള്‍പ്പെടുത്താന്‍ കഴിയുക. എല്ലാ ടീമുകളും 20 താരങ്ങളെയും ഉള്‍പ്പെടുത്തിയതും ശ്രദ്ധേയമായി.