KCL| കെസിഎല്‍: കൊച്ചി ബ്ലൂ ടൈഗേഴ്സിന് തകര്‍പ്പന്‍ ജയം, ട്രിവാന്‍ഡ്രം റോയല്‍സിനെ എട്ട് വിക്കറ്റിന് തകര്‍ത്തു

Jaihind News Bureau
Friday, August 22, 2025

കെസിഎല്‍ രണ്ടാം സീസണിലെ രണ്ടാം മത്സരത്തില്‍ ട്രിവാന്‍ഡ്രം റോയല്‍സിനെതിരെ കൊച്ചി ബ്ലൂ ടൈഗേഴ്സിന് അനായാസ ജയം. എട്ട് വിക്കറ്റിനാണ് കൊച്ചി ട്രിവാന്‍ഡ്രം റോയല്‍സിനെ പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത ട്രിവാന്‍ഡ്രം റോയല്‍സ് 20 ഓവറില്‍ 97 റണ്‍സിന് ഓള്‍ ഔട്ടായപ്പോള്‍, കൊച്ചി ബ്ലൂ ടൈഗേഴ്സ് 12 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ വിജയലക്ഷ്യം മറികടന്നു. ഓള്‍ റൗണ്ട് പ്രകടനം കാഴ്ചവെച്ച മുഹമ്മദ് ആഷിഖ് ആണ് കളിയിലെ താരം.

മത്സരത്തില്‍ ട്രിവാന്‍ഡ്രം റോയല്‍സിന്റെ ബാറ്റിംഗ് നിരയ്ക്ക് പിഴച്ചു. തുടക്കത്തില്‍ തന്നെ അവര്‍ക്ക് നിര്‍ണായകമായ വിക്കറ്റുകള്‍ നഷ്ടമായി. വെടിക്കെട്ട് ബാറ്റ്സ്മാന്‍ എസ്. സുബിന്‍ സ്‌കോര്‍ ബോര്‍ഡ് തുറക്കും മുന്‍പേ സഞ്ജു സാംസന്റെ മികച്ചൊരു ത്രോയില്‍ റണ്ണൗട്ടായി. തൊട്ടുപിന്നാലെ റിയ ബഷീറിനെ അഖിന്‍ സത്താര്‍ പുറത്താക്കി. കൂടാതെ, കൃഷ്ണപ്രസാദും ഗോവിന്ദ് പൈയും റണ്ണൗട്ടിലൂടെ പുറത്തായത് ടീമിന് കനത്ത തിരിച്ചടിയായി. അബ്ദുള്‍ ബാസിദ് (17), ഓള്‍ റൗണ്ടര്‍ അഭിജിത് പ്രവീണ്‍ (28), ബേസില്‍ തമ്പി (20) എന്നിവര്‍ മാത്രമാണ് റോയല്‍സ് നിരയില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്. കൊച്ചിക്ക് വേണ്ടി അഖിന്‍ സത്താറും മുഹമ്മദ് ആഷിഖും മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തി.

98 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിങ്ങിനിറങ്ങിയ കൊച്ചിക്ക് ഓപ്പണര്‍മാരായ ജോബിന്‍ ജോബിക്കും (8) വിനൂപ് മനോഹരനും (14) മികച്ച തുടക്കം നല്‍കാനായില്ല. എന്നാല്‍, മൂന്നാം വിക്കറ്റില്‍ ഒന്നിച്ച ക്യാപ്റ്റന്‍ സാലി സാംസണും മുഹമ്മദ് ഷാനുവും ചേര്‍ന്ന് ടീമിനെ അനായാസ വിജയത്തിലേക്ക് നയിച്ചു. സാലി സാംസണ്‍ 30 പന്തില്‍ അഞ്ച് ഫോറും മൂന്ന് സിക്‌സും സഹിതം 50 റണ്‍സെടുത്തു. മുഹമ്മദ് ഷാനു 23 റണ്‍സുമായി മികച്ച പിന്തുണ നല്‍കി. റോയല്‍സിന് വേണ്ടി ടി.എസ്. വിനില്‍ ഒരു വിക്കറ്റ് നേടി. ഈ തകര്‍പ്പന്‍ വിജയത്തോടെ കെസിഎല്‍ രണ്ടാം സീസണില്‍ കൊച്ചി ബ്ലൂ ടൈഗേഴ്സ് ശക്തമായ സാന്നിധ്യമറിയിച്ചു.