വാഗ്ദാനങ്ങൾ ലംഘിച്ചു, മദ്യശാലകൾക്ക് യഥേഷ്ടം ലൈസൻസ്; സർക്കാരിനെതിരെ ആഞ്ഞടിച്ച് കത്തോലിക്കാ സഭ

Jaihind News Bureau
Sunday, March 8, 2026

സംസ്ഥാന സർക്കാരിന്റെ മദ്യനയത്തിനെതിരെ കടുത്ത വിമർശനവുമായി കേരള കത്തോലിക്ക മെത്രാൻ സമിതി (KCBC) രംഗത്ത്. മദ്യവിരുദ്ധ ഞായർ ആചരണത്തിന്റെ ഭാഗമായി സിറോ മലബാർ, മലങ്കര, ലത്തീൻ വിഭാഗം പള്ളികളിൽ സർക്കുലർ വായിച്ചു. ലഹരിക്കെതിരെ കർശന നടപടികൾ സ്വീകരിക്കുന്ന ആർജവമുള്ള സർക്കാർ വേണമെന്നും, നിലവിലെ സംവിധാനങ്ങൾ ലഹരി വ്യാപനം തടയുന്നതിൽ നിസ്സംഗത കാട്ടുകയാണെന്നും കെസിബിസി മദ്യവിരുദ്ധ കമ്മീഷൻ കുറ്റപ്പെടുത്തി.

2016-ൽ സർക്കാർ അധികാരമേൽക്കുമ്പോൾ മദ്യത്തെ പ്രോത്സാഹിപ്പിക്കില്ലെന്നും ബാറുകളുടെ എണ്ണം വർദ്ധിപ്പിക്കില്ലെന്നും നൽകിയ ഉറപ്പുകൾ ലംഘിക്കപ്പെട്ടതായി സഭ ചൂണ്ടിക്കാട്ടി. അന്ന് 29 ബാറുകൾ മാത്രമുണ്ടായിരുന്ന സ്ഥാനത്ത് ഇന്ന് മദ്യശാലകൾക്ക് യഥേഷ്ടം ലൈസൻസ് അനുവദിച്ചിരിക്കുകയാണ്. മദ്യവർജ്ജനം എന്നത് വ്യക്തികൾ സ്വയം സ്വീകരിക്കേണ്ട തീരുമാനമാണെന്നും, സർക്കാർ തലത്തിൽ മദ്യ ലഭ്യത കുറയ്ക്കാനുള്ള കർശന നടപടികളാണ് വേണ്ടതെന്നും സർക്കുലറിൽ വ്യക്തമാക്കുന്നു.

ലഹരി തടയേണ്ട ഔദ്യോഗിക സംവിധാനങ്ങൾ വെറും മീറ്റിംഗുകൾ നടത്തി തലയൂരുന്ന കാഴ്ചയാണ് കാണുന്നതെന്ന് സഭ വിമർശിച്ചു. ബാറുകളുടെ സമയം വർദ്ധിപ്പിച്ചതും മദ്യനയത്തിൽ വരുത്തിയ ഇളവുകളും വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് കെസിബിസി മുന്നറിയിപ്പ് നൽകി. യാഥാർത്ഥ്യങ്ങൾ കാറ്റിൽ പറത്തി മദ്യശാലകൾക്ക് അനുമതി നൽകുന്നതിൽ സർക്കാർ ചരിത്രത്തിൽ ഇടം നേടിയെന്നും പ്രതിഷേധ സർക്കുലറിൽ പരിഹസിക്കുന്നു.