മംഗലപുരം ഇനി ക്രിക്കറ്റിന്റെ പുതിയ തട്ടകം; സ്റ്റേഡിയം ഉദ്ഘാടന വേളയില്‍ സഞ്ജു സാംസണിനെ ആദരിക്കാനൊരുങ്ങി കെ.സി.എ

Jaihind News Bureau
Saturday, March 14, 2026

തിരുവനന്തപുരം മംഗലപുരം മുല്ലശ്ശേരിയിൽ കേരള ക്രിക്കറ്റ് അസോസിയേഷൻ  നിർമ്മിച്ച അത്യാധുനിക ക്രിക്കറ്റ് സ്റ്റേഡിയം കായിക ലോകത്തിന് സമർപ്പിക്കാൻ തയ്യാറായിക്കഴിഞ്ഞു. പത്തേക്കർ വിസ്തൃതിയിൽ 45 കോടി രൂപ ചെലവഴിച്ച് നിർമ്മിച്ച ഈ സ്റ്റേഡിയം കേരളത്തിലെ കായിക അടിസ്ഥാന സൗകര്യ വികസനത്തിലെ ഒരു നാഴികക്കല്ലാണ്. അന്താരാഷ്ട്ര നിലവാരമുള്ള ക്രിക്കറ്റ് ഗ്രൗണ്ട്, അത്യാധുനിക പവലിയൻ സമുച്ചയം, രാത്രികാല മത്സരങ്ങൾക്കായി സിഗ്നിഫൈ കമ്പനി ഒരുക്കിയ അത്യാധുനിക എൽ.ഇ.ഡി ഫ്ലഡ്‌ലൈറ്റ് സംവിധാനം എന്നിവയാണ് ഇവിടുത്തെ പ്രധാന ആകർഷണങ്ങൾ. പ്രമുഖ ആർക്കിടെക്ട് ഷിബു അബൂസലിയാണ് ഈ സ്റ്റേഡിയത്തിന്റെ മനോഹരമായ ഡിസൈൻ ഒരുക്കിയിരിക്കുന്നത്.

മാർച്ച് 16-ന് വൈകിട്ട് 6 മണിക്ക് നടക്കുന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ സ്റ്റേഡിയം നാടിന് സമർപ്പിക്കും. ഉദ്ഘാടന വേദിയിൽ വെച്ച് ടി-20 ലോകകപ്പിൽ ഇന്ത്യയുടെ വിജയത്തിൽ നിർണ്ണായക പങ്കുവഹിച്ച മലയാളി താരം സഞ്ജു സാംസണെ കെ.സി.എ ആദരിക്കും. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ നടക്കുന്ന ഈ ആദരിക്കൽ ചടങ്ങ് താരത്തിന് ലഭിക്കുന്ന വലിയൊരു അംഗീകാരമാകും. ഇതോടൊപ്പം സ്റ്റേഡിയത്തിന്റെ രണ്ടാംഘട്ട വികസനത്തിന്റെ ഭാഗമായുള്ള കെ.സി.എ സ്റ്റേറ്റ് അക്കാദമിയുടെ നിർമ്മാണോദ്ഘാടനവും ഇതേ വേദിയിൽ നടക്കും.

മഴയോ രാത്രിയോ തടസ്സമാകാതെ ക്രിക്കറ്റ് പരിശീലനം സാധ്യമാക്കുന്ന ഇൻഡോർ പരിശീലന കേന്ദ്രത്തിന്റെ നിർമ്മാണം ഉടൻ തന്നെ പൂർത്തിയാകുമെന്ന് കെ.സി.എ അറിയിച്ചു. മംഗലപുരം മോഡലിൽ കേരളത്തിലെ എല്ലാ ജില്ലകളിലും മികച്ച സൗകര്യങ്ങളോടുകൂടിയ ക്രിക്കറ്റ് സ്റ്റേഡിയങ്ങൾ നിർമ്മിക്കുകയാണ് കെ.സി.എയുടെ ലക്ഷ്യം. അത്യാധുനിക ഫ്ലഡ്‌ലൈറ്റ് സംവിധാനമുള്ള കേരളത്തിലെ ആദ്യത്തെ ക്രിക്കറ്റ് സ്റ്റേഡിയമെന്ന പ്രത്യേകതയും മംഗലപുരത്തിനുണ്ട്.