പത്തു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കെ.സി വേണുഗോപാല്‍ എംപി ദുബായിലെത്തി: വന്‍ ആവേശത്തോടെ സ്വീകരിച്ച് അണികള്‍; ‘സമകാലീന ഇന്ത്യയും പ്രവാസവും’ പരിപാടി ഇന്ന് വൈകിട്ട്; ജയ്ഹിന്ദ് ടിവി മിഡില്‍ ഈസ്റ്റ് യുട്യൂബ് ചാനലില്‍ തത്സമയം

 

ദുബായ്: എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എംപിക്ക് ദുബായ് രാജ്യാന്തര വിമാനത്താവളത്തില്‍ ഞായറാഴ്ച ഉച്ചയോടെ ഊഷ്മള സ്വീകരണം നല്‍കി. പത്തു വര്‍ഷങ്ങള്‍ക്ക് കേന്ദ്രമന്ത്രിയായിരുന്ന കാലഘട്ടത്തിലാണ് കെ.സി വേണുഗോപാല്‍ ഇതിനു മുമ്പ് ദുബായിലെത്തിയത്. വലിയ ഇടവേളയ്ക്ക് ശേഷം എത്തിയ വേണുഗോപാലിനെ കേരളം ഉള്‍പ്പെടെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള കോണ്‍ഗ്രസ് അനുഭാവികള്‍ ദുബായ് വിമാനത്താവളത്തില്‍ സ്വീകരിച്ചു. വേണുഗോപാലിനൊപ്പം എ.പി അനില്‍ കുമാര്‍ എംഎല്‍എയും ഉണ്ടായിരുന്നു.

ഇന്‍കാസ് യുഎഇ കേന്ദ്ര കമ്മിറ്റി പ്രസിഡന്‍റ് മഹാദേവന്‍ വാഴശേരില്‍, ജനറല്‍ സെക്രട്ടറി മുഹമ്മദ് ജാബിര്‍, ഇന്‍കാസ് കേന്ദ്ര-സംസ്ഥാന-ജില്ലാ കമ്മിറ്റി ഭാരവാഹികള്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. അതേസമയം, കെ സി വേണുഗോപാല്‍ ഉദ്ഘാടനം ചെയ്യുന്ന ‘സമകാലീന ഇന്ത്യയും പ്രവാസവും’ എന്ന പരിപാടി ഇന്ന് വൈകിട്ട് ഷാര്‍ജയില്‍ നടക്കും. വൈകിട്ട് ആറിന് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഹാളിലാണ് പരിപാടി. പ്രവാസ ലോകത്തെ മുഴുവന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും യുഡിഎഫ് അനുഭാവികളും പരിപാടിയില്‍ സംബന്ധിക്കും. ജയ്ഹിന്ദ് ടി വി മിഡില്‍ ഈസ്റ്റിന്‍റെ യുട്യൂബ് ചാനല്‍ വഴി പരിപാടി തത്സമയം സംപ്രേക്ഷണം ചെയ്യും.

Comments (0)
Add Comment