പ്രണബ് ദാ… സ്നേഹമൊളിപ്പിച്ച കാർക്കശ്യം

Jaihind News Bureau
Wednesday, September 2, 2020

എല്ലാ രാഷ്ട്രീയ വിദ്യാര്‍ത്ഥികള്‍ക്കും റഫര്‍ ചെയ്യാൻ ഉതകുന്നൊരു പാഠപുസ്തകമായിരുന്നു പ്രണബ് ദാ. ആറു പതിറ്റാണ്ട് നീണ്ട പൊതുജീവിതത്തില്‍ ആര്‍ജിച്ചെടുത്ത അറിവും അനുഭവ സമ്പത്തും പ്രണബ് മുഖര്‍ജിയെ സമാനതകളില്ലാത്ത വ്യക്തിത്വത്തിനുടമയാക്കി. പശ്ചിമ ബംഗാളിലെ മിരാത്തിയെന്ന ഗ്രാമത്തില്‍ സ്വാതന്ത്ര്യസമര പശ്ചാത്തലമുള്ള ഒരു കുടുംബത്തില്‍ ജനിച്ച് റെയ്സിനാകുന്നിലെ രാഷ്ടപതി ഭവന്‍ വരെ വളര്‍ന്നൊരു പൊതു പ്രവര്‍ത്തകനെന്ന നിലയില്‍ പ്രണബ് മുഖര്‍ജിയുടെ ജിവിതം ഇന്ത്യയുടെ ചരിത്രത്തിലെ നിര്‍ണായകമായ ഒരേടാണ്. വ്യക്തിപരമായ ഏറെ ഊഷ്മളമായ ഓര്‍മകളാണ് എനിക്ക് പ്രണബ് ദാ. എം.പിയായി ഡല്‍ഹിയില്‍ എത്തും മുന്‍പേ തുടങ്ങിയ പരിചയം. ഒരിക്കല്‍ ബംഗാളില്‍ പൊതു തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പോയപ്പോഴാണ് ദേശീയ രാഷ്ട്രീയത്തില്‍ കരുത്തനായ പ്രണബ് മുഖർജിയെ പരിചയപ്പെടാൻ അവസരമുണ്ടായത്. കേരളത്തോട് എന്നും പ്രത്യേക മമത മനസ്സില്‍ സൂക്ഷിച്ചിരുന്ന പ്രണബ് ദാ ഞങ്ങളോട് ഏറെ താൽപര്യത്തോടെയാണ് അന്ന് ഇടപഴകിയത്. പിന്നീടും നേരില്‍ കാണാനാവസരമുണ്ടായപ്പോഴും കേരള പശ്ചാത്തലം പരിചയത്തെ ഊട്ടിയുറപ്പിച്ചു.

2009 ല്‍ ലോകസഭാംഗമായപ്പോഴാണ് പരിചയം നിരന്തര ഇടപെടലുകളിലൂടെ ദൃഢമായ സ്നേഹ ബന്ധമായത് . ചുറ്റുമുള്ളവരിലേക്ക് എപ്പോഴും ഊർജം പ്രസരിക്കുന്ന പ്രണബ് മുഖർജിയുടെ പാർലമെന്‍റിലെ സാന്നിധ്യം തന്നെ ഒരു അനുഭവമാണ്. അദ്ദേഹം ടേബിൾ ചെയ്യുന്ന ബില്ലുകളുടെ ചർച്ചകളോ, അവതരിപ്പിക്കുന്ന വിഷയങ്ങളോ, മറുപടി പ്രസംഗങ്ങളോ തുടങ്ങി എന്തുമാകട്ടെ മറുപക്ഷത്തിനും, ഒപ്പം ട്രഷറി ബെഞ്ചിനും അത് ഒരു പഠനാവസരമായിരുന്നു. സഭ ഇളകിമറിയുമെന്ന് നമുക്ക് തോന്നുമ്പോഴും, പ്രതിഷേധങ്ങൾ എല്ലാ സീമകളും അതിരുവിട്ടുവെന്നു കരുതുമ്പോഴുമെല്ലാം ഉലയാത്ത വന്‍മരമായി പ്രണബ് മുഖർജി എഴുന്നേറ്റു നിൽക്കും. നിർണായക സന്ദർഭങ്ങളിൽ പാർലമെന്‍റിലെ അദ്ദേഹത്തിന്റെ പ്രസംഗങ്ങൾ ഓരോന്നും ഓരോ രാഷ്ട്രീയ വിദ്യാർത്ഥികൾക്കും ഓരോ പഠനാവസരങ്ങളാണ്.

പതിറ്റാണ്ടുകൾക്കുമുമ്പേയുള്ള , 1969 മുതലിങ്ങോട്ടുള്ള പല സഭകളിലെയും പല ചർച്ചകളും അനുഭവങ്ങളും റൂളിംഗുകളും കീഴ്‌വഴക്കങ്ങളും പരാമർശങ്ങളും നിയമനിർമ്മാണ സന്ദർഭങ്ങളുമെല്ലാം ഉദ്ധരണികളോടെയും അധികാരികതയോടെയും ഇടതടവില്ലാതെ ഒഴുകിവരും. അസാമാന്യമായ ആ ഓർമശക്തിയും കൂർമബുദ്ധിയും മാത്രമായിരിക്കും കയ്യിലൊരു പേപ്പർ കഷണം പോലുമില്ലാതെ ഒരു ഗൃഹപാഠവും ചെയ്യാതെ എതിർപക്ഷത്തെ നേരിടാൻ അദ്ദേഹത്തിന്‍റെ കരുത്ത്. സഭാതലത്തിൽ എതിരാളികളെ അസാമാന്യമായ മെയ്‌വഴക്കത്തോടെ പ്രണബ് മുഖർജി കയ്യിലെടുക്കുന്നതുകണ്ടു ഞങ്ങൾ തുടക്കക്കാർ അത്ഭുതം കൂറിയിട്ടുണ്ട്. ഞാൻ ആദ്യം എം.പിയായ രണ്ടാം യു.പി.എയുടെ കാലത്ത് ധനകാര്യ മന്ത്രിയെന്ന നിലയില്‍ പല വികസന കാര്യങ്ങള്‍ക്കും പദ്ധതികള്‍ക്കും അനുമതിയും ഫയലുകളുടെ ഫോളോഅപ്പുമൊക്കെയായി കൂടികാഴ്ചകള്‍ പതിവായി. അടിക്കടിയുള്ള സന്ദര്‍ശനങ്ങള്‍ക്കിടയില്‍ രാഷ്ട്രീയവും വ്യക്തിപരവുമായ ഒട്ടേറെ കാര്യങ്ങള്‍ ഔദ്യോഗിക വിഷയങ്ങള്‍ക്കപ്പുറം ചര്‍ച്ചാ വിഷയങ്ങളായി. വാത്സല്യത്തില്‍ പൊതിഞ്ഞ ഉപദേശങ്ങളും മാര്‍ഗനിര്‍ദ്ദേശങ്ങളും ചോദിക്കുന്ന, ഔദ്യോഗിക അഭ്യര്‍ത്ഥനകൾക്കൊക്കെ അനുകൂല നടപടികളുമായി ഒരു കരുതലിന്‍റെ തണല്‍ അനുഭവിക്കാനായ ഒട്ടേറെ സന്ദര്‍ഭങ്ങള്‍. ഒപ്പം ഒരു തുടക്കക്കാരനെന്ന നിലയില്‍ പാര്‍ലമെന്‍റിലെ ഇടപെടലുകള്‍ സംബന്ധിച്ച് വ്യക്തമായ അഭിപ്രായങ്ങളും പറയുമായിരുന്നു. പല വിഷയങ്ങളിലും അന്ന് ഭരണപക്ഷാംഗമെന്ന നിലയില്‍ സ്വീകരിക്കുന്ന നിലപാടുകള്‍ സംബന്ധിച്ചും ഏറ്റെടുക്കുന്ന അല്ലെങ്കില്‍ ഉന്നയിക്കുന്ന വിഷയത്തിന്‍റെ മെരിറ്റ് മാത്രമാകണം പരിഗണനയെന്നും തുടങ്ങി സഭാചട്ടങ്ങളും റൂളിംഗുകളും വിഷയാവതരണത്തിന്‍റെ രീതി വരെ ചിലപ്പോള്‍ പറഞ്ഞു തരുമായിരുന്നു. ഇത് പാർലമെന്‍റിലെ ആദ്യ വര്‍ഷങ്ങളില്‍ കിട്ടിയ വിലയേറിയ പിന്തുണയായിരുന്നു വെന്നത് ഒരിക്കലും മറക്കാനാവില്ല. അങ്ങനെയിരിക്കെ 2012 ല്‍ അദ്ദേഹം രാഷ്‌ട്രപതിയായി. വ്യക്തിപരമായി ബന്ധമുള്ള ഒരാള്‍ ഇന്ത്യയുടെ രാഷ്‌ട്രപതിയായി വരുന്നതിലെ ആഹ്ലാദം ചെറുതല്ലായിരുന്നു. ആ സന്തോഷം നേരിട്ട് പങ്കുവെക്കാനും അഭിനന്ദങ്ങള്‍ അറിയിക്കാനുമായി തിരെഞ്ഞെടുക്കപ്പെട്ട ദിവസം വസതിയില്‍ പോയി കണ്ടു. എപ്പോള്‍ വേണമെങ്കിലും എന്താവശ്യത്തിനും എന്നെ വന്നു കാണാം. രാഷ്‌ട്രപതിയായി എന്നത് അകലം കൂട്ടാനല്ല കുറയ്ക്കാനുള്ള അവസരമായി കാണണമെന്നാണ് എന്നോട് പറഞ്ഞത്. അത് ഒരംഗീകാരമായി ഞാൻ കരുതുന്നു. ഇന്ദിരാഗാന്ധിയുടെ കാലം മുതൽ മുതല്‍ ഗാന്ധി കുടുംബത്തിനേറ്റവും അടുപ്പമുണ്ടായിരുന്ന ഇന്ത്യന്‍ രാഷ്ട്രീയത്തിലെ അതികായകനായ പ്രണബ് മുഖര്‍ജി എപ്പോഴും പ്രാപ്യമായ ദൂരത്തുതന്നെയായിരുന്നു എന്നതിലെ അനല്‍പ്പമായ സന്തോഷം ഒരിക്കലും മറച്ചുവെക്കുന്നില്ല.

കോൺഗ്രസ് പ്രസ്ഥാനത്തെ സംബന്ധിച്ച് ഏറ്റവും സമുന്നതനായ ഒരു നേതാവ് എന്നതിനൊപ്പം ഏറ്റവും അനിവാര്യനായ ഒരു പ്രശ്നപരിഹാരകന്‍റെ റോളിലായിരുന്നു പതിറ്റാണ്ടുകളോളം പ്രണബ് മുഖർജി . കാൽ നൂറ്റാണ്ടോളം അദ്ദേഹം പ്രവർത്തക സമിതിയംഗമായിരുന്നു. പതിറ്റാണ്ടുകളോളം കേന്ദ്ര സർക്കാരിലും പാർട്ടിയിലും ഒപ്പം സംസ്ഥാനങ്ങളിലും കോൺഗ്രസിന് വേണ്ടി ട്രബിൾ ഷൂട്ടറുടെ റോളിലും അദ്ദേഹം തിളങ്ങിനിന്നുവെന്നതും ചരിത്രം. എഴുപതുകൾ മുതലിങ്ങോട്ട് മിക്ക കോൺഗ്രസ് സർക്കാരുകളിലും അദ്ദേഹത്തിന് നിർണായക സ്ഥാനമുണ്ടായിരുന്നു. പ്രതിരോധം, ധനകാര്യം, വിദേശകാര്യം തുടങ്ങിയ എല്ലാ സുപ്രധാന വകുപ്പുകളിലും രാജ്യത്തിന്‍റെ അന്തസുയർത്തിയ ഒട്ടേറെ നടപടികൾ സ്വീകരിക്കാനും ഒപ്പം വികസനപ്രവർത്തനങ്ങൾക്ക് ത്വരിതവേഗം നൽകാനും അദ്ദേഹത്തിലെ ദീർഘദർശിയായ ഭരണാധികാരിക്ക് കഴിഞ്ഞു.

രാഷ്‌ട്രപതി ഭവനിലേക്കും നീണ്ടു അഭിപ്രായങ്ങളും ഉപദേശങ്ങളും തേടിയുള്ള എന്‍റെ യാത്രകള്‍. 2013 ല്‍ ആലപ്പുഴ മെഡിക്കല്‍ കോളേജിന്‍റെ സുവര്‍ണ്ണജൂബിലി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യാന്‍ വരണമെന്ന് ക്ഷണിച്ചപ്പോള്‍ നെഹ്‌റു ട്രോഫി ഉള്‍പ്പടെയുള്ള മറ്റ് പല പരിപാടികള്‍ക്കും വിളിച്ചിട്ടും വരാന്‍ കഴിയാത്തതിന്‍റെ പരാതി തീര്‍ക്കാന്‍, വിമുഖതയൊന്നും കൂടാതെ ഉറപ്പായും വരുമെന്നേറ്റു. 2016 ല്‍ ചൈനയിലേയ്ക്ക് രാഷ്‌ട്രപതിയുടെ നേതൃത്വത്തില്‍ നടത്തിയ നാല് ദിവസത്തെ സന്ദര്‍ശന സംഘത്തിലും അദ്ദേഹത്തെ അനുഗമിക്കാനായി. ചൈനയുമായി തന്ത്രപ്രധാനമായ വിവിധ മേഖലകളിൽ നമ്മുടെ രാജ്യത്തിനുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനുവേണ്ടിയായിരുന്നു ഔദ്യോഗിക സന്ദർശനം. ചൈനീസ് പ്രസിഡന്‍റ് ഷീ ജിൻപിംഗുമായുള്ള ചർച്ചകളിൽ ഒരു രാഷ്ട്രതലവനെന്ന നിലയിലും രാഷ്ട്രതന്ത്രജ്ഞനെന്ന നിലയിലുമുള്ള അദ്ദേഹത്തിന്‍റെ ഔന്നത്യത്തിനും നയതന്ത്രജ്ഞതക്കും സാക്ഷ്യം വഹിക്കാനായി.

2011 ൽ ഊർജ സഹമന്ത്രിയായിരിക്കെ, പശ്ചിമ ബംഗാളിലെ ഫറഖയിൽ എൻ.ടി.പി.സി യുടെ പവർ പ്ലാന്‍റിന്‍റെ മൂന്നാം ഘട്ട ഉദ്ഘാടനത്തിന് ധന കാര്യമന്ത്രിയായിരുന്ന പ്രണബ് ദായ്ക്കൊപ്പമാണ് പോയത്. ഹെലികോപ്റ്ററിൽ, ഊർജമന്ത്രിയായിരുന്ന സുശീൽകുമാർ ഷിൻഡെയ്ക്കൊപ്പമായിരുന്നു യാത്ര. തന്നെ രൂപപ്പെടുത്തിയ ജന്മനാടിനോടുള്ള വൈകാരികമായ ബന്ധം ആ യാത്രയിൽ ഞങ്ങളോട് പങ്കുവെക്കാനും അദ്ദേഹം മടിച്ചില്ല. രാഷ്‌ട്രപതി ഭവനില്‍ നിന്നും പടിയിറങ്ങും മുമ്പും കണ്ടിരുന്നു. പിതാവിനോടുള്ള വ്യക്തി ബന്ധം അദ്ദേഹത്തിന്‍റെ മകനും എം.പിയുമായിരുന്ന അഭിജിത് മുഖര്‍ജി, കോൺഗ്രസ് നേതാവും മകളുമായ ശർമ്മിഷ്ഠ മുഖര്‍ജി എന്നിവരുമായും തുടരുന്നുണ്ട്.

1969 മുതല്‍ രാജ്യസഭാംഗം , പിന്നെ ലോക്സഭയില്‍, പല തവണ കേന്ദ്രമന്ത്രിസഭാംഗം, ആസൂത്രണ കമ്മീഷന്‍ ഉപാധ്യക്ഷന്‍, രാഷ്‌ട്രപതി തുടങ്ങി പ്രവര്‍ത്തിച്ച ചെറുതും വലുതുമായ മേഖലകളിലും പദവികളിലുമെല്ലാം തന്‍റെ പ്രതിഭയുടെ കയ്യൊപ്പ് ചാര്‍ത്തിയ നേതാവായിരുന്നു പ്രണബ് ദാ. പദ്മവിഭൂഷണടക്കം രാജ്യത്തെ പരമോന്നത ബഹുമതിയായ ഭാരതരത്നമുള്‍പ്പടെയുള്ള ഒട്ടേറെ ബഹുമതികള്‍. അഗാധമായ അറിവും അസാധാരണമായ ഓര്‍മ്മ ശക്തിയും കൂര്‍മ്മബുദ്ധിയും അദ്ദേഹത്തിലെ രാഷ്ട്രീയക്കാരനെ വത്യസ്തനാക്കി. വാക്കുകളിലെ പിശുക്കും സ്വഭാവത്തിലെ കാര്‍ക്കശ്യവുമൊന്നും അദ്ദേഹത്തിലെ സ്നേഹസമ്പന്നനായ മനുഷ്യനെ ഒരിക്കലും ബാധിച്ചില്ല. ഇഷ്ടപ്പെട്ടവരെ എന്നും പ്രോത്സാഹിപ്പിക്കുകയും വാത്സല്യവും സ്നേഹവും ചൊരിയുവാനും ഒരിക്കലും മടിച്ചതുമില്ല.

രാജ്യത്തിന്‌ പകരം വെക്കാനില്ലാത്ത നഷ്ടമാണ് പ്രണബ് ദായുടെ വിയോഗം. അദ്ദേഹത്തെ സ്നേഹിക്കുന്ന രാജ്യത്തെ അനേകലക്ഷങ്ങൾക്കൊപ്പം ഈ ദുഃഖത്തിൽ ഞാനും പങ്കുചേരുന്നു…