
തദ്ദേശ തിരഞ്ഞെടുപ്പ് കാലത്ത് കേരളത്തിലുടനീളം തരംഗമായ ‘പോറ്റിയേ കേറ്റിയേ…’ എന്ന പാരഡി ഗാനത്തിന്റെ രചയിതാവ് ജി.പി. കുഞ്ഞബ്ദുള്ളയ്ക്ക് പിന്തുണയുമായി എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി. കുഞ്ഞബ്ദുള്ളയുമായി ഫോണില്‍ സംസാരിച്ച വേണുഗോപാല്‍, ഗാനരചയിതാവിനെതിരെ സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികളില്‍ പ്രതിഷേധം രേഖപ്പെടുത്തുകയും അദ്ദേഹത്തിന് ആവശ്യമായ എല്ലാ നിയമസഹായവും കോണ്‍ഗ്രസ് പ്രസ്ഥാനം നല്‍കുമെന്ന് ഉറപ്പുനല്‍കുകയും ചെയ്തു.
വിഷയത്തില്‍ സര്‍ക്കാരിനെയും സിപിഐഎമ്മിനെയും കെ.സി. വേണുഗോപാല്‍ രൂക്ഷമായി വിമര്‍ശിച്ചു. വിശ്വാസത്തെ മുറിവേല്‍പ്പിച്ചുകൊണ്ട് ദേവസ്വം സ്വര്‍ണ്ണം കൊള്ളയടിച്ചവര്‍ പാര്‍ട്ടിക്കുള്ളില്‍ എല്ലാ പദവികളും നിലനിര്‍ത്തി അധികാരം ആസ്വദിക്കുമ്പോഴാണ്, ആ കൊള്ളയെ പാട്ടിലൂടെ തുറന്നുകാട്ടിയവര്‍ക്കെതിരെ കേസെടുക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ഇത് ഭരണകൂട ഭീകരതയുടെ നേര്‍ച്ചിത്രമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
വിശ്വാസത്തെ മുറിവേല്‍പ്പിച്ചുകൊണ്ട് സ്വര്‍ണ്ണം കൊള്ളയടിച്ച നടപടിയാണ് കുറ്റകരം. എന്നാല്‍ ആ കൊള്ളയെ പാട്ടാക്കിയവര്‍ വിശ്വാസത്തെ വ്രണപ്പെടുത്തിയവരാകുന്ന കാഴ്ച അസഹിഷ്ണുതയുടെ വക്താക്കളായി സിപിഐഎം മാറിയെന്നതിന്റെ തെളിവാണെന്നും കെ.സി. വേണുഗോപാല്‍
ശബരിമലയിലെ സ്വര്‍ണ്ണക്കവര്‍ച്ചയുമായി ബന്ധപ്പെട്ട ആരോപണങ്ങളെ അടിസ്ഥാനമാക്കിയാണ് ‘പോറ്റിയേ കേറ്റിയേ, സ്വര്‍ണം ചെമ്പായി മാറ്റിയേ’ എന്ന പാരഡി ഗാനം ജി.പി. കുഞ്ഞബ്ദുള്ള രചിച്ചത്. ഗാനം സമൂഹമാധ്യമങ്ങളില്‍ വന്‍ ഹിറ്റായതോടെ, മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയില്‍ പോലീസ് കേസെടുത്തിരുന്നു. സിപിഐഎമ്മിന്റെ അസഹിഷ്ണുതയ്ക്ക് ഏറ്റവും മികച്ച ഉദാഹരണമാണ് ഈ ഗാനത്തിനെതിരെയുള്ള നീക്കങ്ങളെന്നും കുഞ്ഞബ്ദുള്ളയെ ഒറ്റപ്പെടുത്താന്‍ അനുവദിക്കില്ലെന്നും കെ.സി. വേണുഗോപാല്‍ വ്യക്തമാക്കി.