
രാജ്യത്തെ ചരിത്രത്തെയും ഭരണഘടനയെയും അട്ടിമറിക്കുക എന്ന അജണ്ടയിലാണ് നിലവിലെ ഭരണകൂടങ്ങൾ മുന്നോട്ട് പോകുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി. ജനങ്ങളെ ഭിന്നിപ്പിച്ച് രാഷ്ട്രീയ നേട്ടം കൊയ്യാനാണ് അധികാരികൾ ശ്രമിക്കുന്നത്. ഭരണഘടനയെ തമസ്‌കരിക്കുകയും ജനാധിപത്യ മൂല്യങ്ങളെ ധ്വംസിക്കുകയും ചെയ്യുന്ന കാഴ്ചയാണ് രാജ്യത്ത് കണ്ടുവരുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാടുകൾ പക്ഷപാതപരവും ധാർഷ്ട്യം നിറഞ്ഞതുമാണെന്ന് കെ.സി. വേണുഗോപാൽ ആരോപിച്ചു. കേന്ദ്ര അന്വേഷണ ഏജൻസികളെ ചട്ടുകമാക്കി തിരഞ്ഞെടുപ്പ് പ്രക്രിയയെ തന്നെ അട്ടിമറിക്കാനാണ് കേന്ദ്ര സർക്കാർ നീക്കം. ഇതിലൂടെ ജനാധിപത്യപരമായ പോരാട്ടങ്ങളെ അടിച്ചമർത്താനാണ് അവർ ലക്ഷ്യമിടുന്നത്.
കേരളത്തിലെ ഭരണാധികാരിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മറ്റൊരു പതിപ്പായി മാറിയിരിക്കുകയാണെന്ന് അദ്ദേഹം പരിഹസിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റേത് അപകടകരമായ പ്രസ്താവനകളാണെന്നും, കേരളത്തിന്റെ രാഷ്ട്രീയ അന്തരീക്ഷത്തെ ഇത് ദോഷകരമായി ബാധിക്കുമെന്നും വേണുഗോപാൽ കൂട്ടിച്ചേർത്തു. മോദിയും പിണറായിയും ഒരേ ശൈലിയിലാണ് ജനാധിപത്യത്തെ നേരിടുന്നതെന്നും അദ്ദേഹം വിമർശിച്ചു.