‘നയപ്രഖ്യാപന വിവാദം ഇലക്ഷൻ സ്‌പോണ്‍സേര്‍ഡ് ഡ്രാമ; സജി ചെറിയാൻ മന്ത്രിസ്ഥാനം ഒഴിയണം’: കെ.സി വേണുഗോപാൽ

Jaihind News Bureau
Tuesday, January 20, 2026

നയപ്രഖ്യാപനവിവാദം ഇലക്ഷന്‍ സ്‌പോണ്‍സേര്‍ഡ് ഡ്രാമയെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എം.പി. നയ പ്രഖ്യാപന പ്രസംഗത്തില്‍ ചില കാര്യങ്ങള്‍ ഗവര്‍ണര്‍ വിട്ടു കളഞ്ഞെന്ന മുഖ്യമന്ത്രിയുടെ വാദം ഇലക്ഷന്‍ സ്‌പോണ്‍സേര്‍ഡ് ഡ്രാമയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ആരിഫ് മുഹമ്മദ് ഖാന്റെ കാലത്ത് ഇതിനെക്കാള്‍ വലിയ വെട്ടല്‍ നടന്നപ്പോള്‍ മുഖ്യമന്ത്രി ഒന്നും പറഞ്ഞിട്ടില്ലെന്നും ഇന്ന് ഗവര്‍ണര്‍ക്കെതിരെ മുഖ്യമന്ത്രി പറയുന്നത് അന്തര്‍ധാരയുടെ ഭാഗമെന്നും അദ്ദേഹം ആരോപിച്ചു. മുന്‍പ് വെട്ടിയപ്പോള്‍ മിണ്ടാതിരുന്നവര്‍ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ഇപ്പോള്‍ പ്രതികരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

സജി ചെറിയാന്റെ പ്രസ്താവന സാമൂഹ്യ അന്തരീക്ഷത്തെ തകര്‍ക്കുന്ന വൈകൃതമെന്നും അദ്ദേഹം പറഞ്ഞു. മത തീവ്രവാദികള്‍ പോലും പറയാന്‍ മടിക്കുന്ന കാര്യങ്ങളാണ് സജി ചെറിയാന്‍ പറഞ്ഞത്. അ്‌ദ്ദേഹം മന്ത്രി പദത്തില്‍ തുടരാന്‍ അര്‍ഹനല്ലെന്നും സജിയെ പുറത്തിക്കാനുള്ള ആര്‍ജവം മുഖ്യമന്ത്രി കാണിക്കണമെന്നും അദ്ദേഹം പ്രതികരിച്ചു. അതേസമയം,ശബരിമല സ്വര്‍ണ്ണക്കൊള്ളയിലും കെ.സി വേണുഗോപാല്‍ സര്‍ക്കാരിനെതിരെ വിമര്‍ശനം ഉന്നയിച്ചു. അന്വേഷണത്തില്‍ സര്‍ക്കാര്‍ എസ്‌ഐടിയെ സമ്മര്‍ദത്തിലാക്കുകയാണ്. സര്‍ക്കാരിന് ധാര്‍മ്മികമായി തുടരാന്‍ അവകാശമില്ല. കോടതി നിരീക്ഷണത്തോടെ കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം വേണമെന്നും ഒരു അന്വേഷണത്തിനും കോണ്‍ഗ്രസ് എതിരല്ലെന്നും അദ്ദേഹം വ്യക്തമാക്കി.