
രാഷ്ട്രീയ നേട്ടത്തിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ വര്‍ഗ്ഗീയത ഉപയോഗിക്കുകയാണെന്നും സംഘപരിവാര്‍ പോലും പറയാന്‍ മടിക്കുന്ന കാര്യങ്ങളാണ് അദ്ദേഹം പറയുന്നതെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എംപി. മാറാട് കലാപത്തെക്കുറിച്ചുള്ള എ.കെ. ബാലന്റെ പ്രസ്താവനയെ മുഖ്യമന്ത്രി പിന്തുണച്ചതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
‘യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റ് ആശയങ്ങളെ മറന്ന പാര്‍ട്ടിയുടെ അവസ്ഥയാണ് സുഭാഷ് ഭൗമിക്കിന്റെ ‘ഗാങ്സ്റ്റര്‍ സ്റ്റേറ്റ്’ എന്ന പുസ്തകം വിവരിക്കുന്നത്. കേരളത്തിലെ കമ്മ്യൂണിസ്റ്റ് സഹയാത്രികരും ഭൗമിക്കിനെ പോലെ പാര്‍ട്ടിക്കെതിരെ പുസ്തകം എഴുതുന്ന കാലം വിദൂരമല്ല. ഒരു കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി പറയേണ്ട വാചകങ്ങളല്ല പിണറായി വിജയന്‍ പറയുന്നത്. ജമാഅത്തെ ഇസ്ലാമിയുമായി കോണ്‍ഗ്രസ് ഒരിക്കലും ഒരു ബാന്ധവവും ഉണ്ടാക്കിയിട്ടില്ല. വര്‍ഗ്ഗീയത രാഷ്ട്രീയ ലാഭത്തിന് ഉപയോഗിക്കുന്നതാണ് കേരളത്തില്‍ ഇപ്പോള്‍ കാണുന്നത്,’ കെ.സി. വേണുഗോപാല്‍ ആരോപിച്ചു.
മാറാട് പരാമര്‍ശത്തില്‍ എ.കെ. ബാലനെ മുഖ്യമന്ത്രി പിന്തുണച്ചതിനെ അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു. ഇത് ബാലന്റെ മാത്രം പ്രസ്താവനയാകുമെന്നാണ് ആദ്യം കരുതിയത്. എന്നാല്‍ മുഖ്യമന്ത്രി അതിനെ പിന്തുണയ്ക്കുന്നത് കമ്മ്യൂണിസ്റ്റ് നിലപാടല്ല. രാഷ്ട്രീയ നേട്ടത്തിന് വേണ്ടി ഒരുകാലത്തും ഉപയോഗിക്കാത്ത കാര്യങ്ങളാണ് ഇപ്പോള്‍ മുഖ്യമന്ത്രി പറയുന്നത്.
ബംഗാളില്‍ പാര്‍ട്ടിക്കുണ്ടായ തകര്‍ച്ച കേരളത്തിലും സംഭവിക്കുമെന്ന് കമ്മ്യൂണിസ്റ്റുകാര്‍ തിരിച്ചറിഞ്ഞുകഴിഞ്ഞു. തിരഞ്ഞെടുപ്പില്‍ കണ്ടത് അതിന്റെ പ്രതിഫലനമാണ്. ഇങ്ങനെ മുന്നോട്ട് പോകരുതzന്നും അല്പം നിര്‍ത്തി നിര്‍ത്തി പോകണമെന്നും കമ്മ്യൂണിസ്റ്റുകാര്‍ തന്നെ തിരിച്ചറിഞ്ഞ കാലമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.