
പാർലമെന്റിൽ നിലവിൽ നീതിയുക്തമായ കാര്യങ്ങളല്ല നടക്കുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി കുറ്റപ്പെടുത്തി. ജനാധിപത്യത്തിന്റെ ശ്രീകോവിലാകേണ്ട പാർലമെന്റ് ഇന്ന് ഏകപക്ഷീയമായ തീരുമാനങ്ങളുടെ വേദിയായി മാറുകയാണ്. പ്രതിപക്ഷത്തിന്റെ ശബ്ദത്തെ അടിച്ചമർത്താനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്നും ഇതിന് പിന്നിൽ സർക്കാരിന്റെ ഭയമാണെന്നും അദ്ദേഹം ആരോപിച്ചു.
പാർലമെന്റ് നടപടികൾ നിഷ്പക്ഷവും നീതിപൂർവ്വവുമാകണം. എന്നാൽ സഭയ്ക്കകത്ത് പ്രതിപക്ഷ നേതാവിന് പോലും അർഹമായ പരിഗണന ലഭിക്കുന്നില്ല. ലോക്സഭയിൽ പ്രതിപക്ഷ നേതാവിന് സംസാരിക്കാൻ കൃത്യമായ അവസരം നൽകണം. ജനകീയ പ്രശ്നങ്ങൾ ഉയർത്തിക്കാട്ടുമ്പോൾ മൈക്ക് ഓഫ് ചെയ്യുന്നതും സംസാരിക്കാൻ അനുവദിക്കാത്തതും ജനാധിപത്യത്തിന് ഭൂഷണമല്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
സഭയുടെ അന്തസ്സും നിഷ്പക്ഷതയും കാത്തുസൂക്ഷിക്കേണ്ടത് ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാണ്. എന്നാൽ ഭരണഘടനാപരമായ അവകാശങ്ങൾ ലംഘിച്ചുകൊണ്ട് പ്രതിപക്ഷത്തെ നിശബ്ദമാക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്. പാർലമെന്റിലെ ഇത്തരം പ്രവണതകൾക്കെതിരെ ശക്തമായ പ്രതിഷേധം തുടരുമെന്നും കെ.സി. വേണുഗോപാൽ വ്യക്തമാക്കി.