
ഡല്‍ഹി: ബിജെപിയുടെ വര്‍ഗീയ ഭ്രാന്ത് രാജ്യത്തിന്റെ ജനാധിപത്യ മതേതര മൂല്യങ്ങള്‍ക്ക് കളങ്കമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി.മലയാളി ക്രിസ്ത്യന്‍ പുരോഹിതനും ഭാര്യയും ഉള്‍പ്പെടെയുള്ളവരെ മതപരിവര്‍ത്തനം ആരോപിച്ച് അറസ്റ്റ് ചെയ്ത മഹാരാഷ്ട്ര പോലീസ് നടപടി അപലപനീയമാണ്. ഇവര്‍ക്കെതിരെയെടുള്ള എല്ലാ വ്യാജകുറ്റങ്ങളും എത്രയും വേഗം പിന്‍വലിക്കണം.
മതന്യൂനപക്ഷങ്ങളെ ഉപദ്രവിക്കുന്നതിനായി മതപരിവര്‍ത്തന വിരുദ്ധ വ്യവസ്ഥകള്‍ ദുരുപയോഗം ചെയ്യുകയാണ്. കൃത്യമായ നടപടിക്രമങ്ങളും തെളിവെടുപ്പ് മാനദണ്ഡങ്ങളും പാലിക്കാതെ, ഭരണഘടനാ മൂല്യങ്ങളേയും നിയമവാഴ്ചയേയും വെല്ലുവിളിക്കുന്നു. വൈദികന്‍ ഉള്‍പ്പെടെയുള്ളവരെ അറസ്റ്റ് ചെയ്ത നടപടിയില്‍ മഹാരാഷ്ട്ര പോലീസിന് വീഴ്ചയുണ്ടായിട്ടുണ്ടോയെന്നത് അന്വേഷിക്കണം.ഭരണഘടന ഉറപ്പുനല്‍കുന്ന ആരാധാന സ്വാതന്ത്ര്യം തടസ്സപ്പെടുത്താന്‍ ഭരണസംവിധാനങ്ങള്‍ ഓത്താശ ചെയ്യുന്നത് ജനാധിപത്യത്തിന്റെ അന്തസത്തക്ക് ഭീഷണിയാണ്. ക്രിസ്മസ് പ്രാര്‍ത്ഥനയില്‍ പങ്കെടുത്തതിന്റെ പേരില്‍ ബജ്റങ്ദള്‍ പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയിലാണ് വൈദികനേയും ഭാര്യയേയും പോലിസ് അറസ്റ്റ് ചെയ്തത്. ഇവരുടെ നിരപരാധിത്വം ബോധ്യപ്പെട്ടതിനാലാണ് കോടതി ജാമ്യം നല്‍കിയത്.
ബിജെപി അധികാരത്തിലുള്ള സംസ്ഥാനങ്ങളില്‍ മതപരിവര്‍ത്തനം എന്ന വ്യാജ ആരോപണം ഉന്നയിച്ച് ക്രൈസ്തവ പുരോഹിതരെ പീഡിപ്പിക്കുകയാണ്. ബിജെപി ഭരണത്തില്‍ രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ ജീവിതം ദുഷ്‌കരമാക്കി. ഇക്കാര്യം പലതവണ പ്രധാനമന്ത്രിയുടേയും ആഭ്യന്തരമന്ത്രിയുടേയും ശ്രദ്ധയില്‍പ്പെടുത്തിയിട്ടും ഒരു നടപടിയും ഉണ്ടാകാത്തത് പ്രതിഷേധാര്‍ഹമാണ്. രാജ്യത്ത് മതനിരപേക്ഷത ചോദ്യം ചെയ്യപ്പെടുമ്പോഴും കേന്ദ്രസര്‍ക്കാര്‍ തുടരുന്ന നിസംഗതയാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ കാരണമെന്നും കെസി വേണുഗോപാല്‍ കുറ്റപ്പെടുത്തി.