തിരുവനന്തപുരം: സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ വിയോഗത്തില്‍ അനുശോചനം അറിയിച്ച് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. യെച്ചൂരിയുടെ മരണ വാര്‍ത്ത വലിയ വിഷമമുണ്ടാക്കിയെന്നും വേണുഗോപാല്‍ പറഞ്ഞു. ആശുപത്രിയിലായിരുന്ന ദിവസങ്ങളില്‍ അദ്ദേഹത്തെ കണ്ടിരുന്നുവെന്നും വലിയ പ്രയാസമില്ലാതെ അദ്ദേഹം തിരിച്ചുവരുമെന്നായിരുന്നു പ്രതീക്ഷിച്ചതെന്ന് വേണുഗോപാല്‍ പറഞ്ഞു.
കുറച്ച് ദിവസങ്ങളായി യെച്ചൂരിയുടെ ആരോഗ്യത്തെക്കുറിച്ചുള്ള നിരീക്ഷണത്തിലായിരുന്നു ഞാനും. രാജ്യത്തിന് തന്നെ വലിയ നഷ്ടമാണ് യെച്ചൂരിയുടെ വിയോഗമെന്നതില്‍ സംശയമില്ല. അടിയുറച്ചൊരു കമ്യൂണിസ്റ്റുകാരനാണ്, സൈദ്ധാന്തികനാണ്, ആശയങ്ങള്‍ വളരെ വ്യക്തമുള്ളയാളാണ്, അതിനപ്പുറത്തേക്ക് രാഷ്ട്രീയത്തിനപ്പുറമുള്ള വ്യക്തിബന്ധം വെച്ചുപുലര്‍ത്തുന്നൊരാളാണ്, വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.
പാര്‍ലമെന്റിലെ വളരെ ഷാര്‍പ്പായ പ്രസംഗങ്ങളില്‍ ഒന്നായിരുന്നു യെച്ചൂരിയുടേത്. ‘അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും അദ്ദേഹത്തിന്റെ നിലപാടുകളും പാര്‍ട്ടിയുടെ നിലപാടുകളും അദ്ദേഹം ഉറക്കെ പറയുമായിരുന്നു. ഞങ്ങളൊരുമിച്ച് പാര്‍ലമെന്ററി കമ്മിറ്റിയില്‍ വര്‍ക്ക് ചെയ്തിട്ടുണ്ട്. ഏത് വേദിയില്‍ ചെന്നാലും തന്റേതായ തനതായ വ്യക്തിത്വം നിലനിര്‍ത്താന്‍ അദ്ദേഹത്തിന് സാധിച്ചുവെന്നും കെ.സി വേണുഗോപാല്‍ പറഞ്ഞു.