ആലപ്പുഴയെ ഇളക്കിമറിച്ച് കെ.സി. വേണുഗോപാലിന്‍റെ റോഡ് ഷോ; ആവേശത്തേരേറി പ്രചാരണത്തിന് തുടക്കം

Jaihind Webdesk
Sunday, March 10, 2024

 

ആലപ്പുഴ: യുഡിഎഫ് സ്ഥാനാർത്ഥി കെ.സി. വേണുഗോപാലിന് ആലപ്പുഴയിൽ ഗംഭീര സ്വീകരണം ഒരുക്കി കോൺഗ്രസ് പ്രവർത്തകർ. വമ്പന്‍ റോഡ് ഷോയോടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചു. ജില്ലയിൽ ഇന്ന് അരൂർ മുതൽ കരുനാഗപ്പള്ളി വരെ ഒരു ദിവസം നീണ്ടുനിൽക്കുന്ന റോഡ് ഷോയാണ് സംഘടിപ്പിച്ചിരിക്കുന്നത്. തന്‍റെ സ്ഥാനാർത്ഥിത്വം സിപിഎമ്മിനെ അങ്കലാപ്പിലാക്കിയെന്ന് കെ.സി. വേണുഗോപാൽ പറഞ്ഞു. രാജ്യസഭാ അംഗത്തേക്കാൾ ഇപ്പോൾ കോൺഗ്രസിന് വലുത് ലോക്സഭാ അംഗമാണെന്ന് പ്രവർത്തകസമിതിയംഗം രമേശ്‌ ചെന്നിത്തലയും വ്യക്തമാക്കി.

ജില്ലാ അതിർത്തിയിൽ കെ.സി. വേണുഗോപാലിനായി പ്രവർത്തകർ ഒരുക്കിയത് ഗംഭീര സ്വീകരണം. ഒപ്പം മണ്ഡലം തിരഞ്ഞെടുപ്പ് കമ്മറ്റി അധ്യക്ഷൻ കൂടിയായ രമേശ് ചെന്നിത്തലയും എത്തിയതോടെ ആവേശം ഇരട്ടിച്ചു. ഇന്ത്യയിൽ ഇപ്പോൾ കോൺഗ്രസിന് ആവശ്യം ലോക്സഭാ അംഗത്തെയാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. തുറന്ന ജീപ്പിൽ വേണുഗോപാലിനൊപ്പം വാദ്യമേളങ്ങളും ബൈക്ക് റാലിയുമായി 100 കണക്കിന് പ്രവർത്തകർ അണിനിരന്നു. തന്‍റെ മടങ്ങിവരവ് പ്രവർത്തകർക്ക് ആവേശം ഉണ്ടാക്കി എന്ന് കെ.സി. വേണുഗോപാല്‍ പറഞ്ഞു. കെസിയുടെ സ്ഥാനർത്ഥിത്വം പാർട്ടി സംസ്ഥാന നേതൃത്വത്തിന്‍റെ ആവശ്യപ്രകാരമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. ജില്ലയിലെ 66 സ്വീകരണ കേന്ദ്രങ്ങളിലൂടെ കടന്ന് വൈകിട്ട് എട്ടുമണിക്ക് ഓച്ചിറയിൽ ആണ് റോഡ് ഷോയുടെ സമാപനം.