
സിപിഎമ്മുമായി അകൽച്ചയിലുള്ള മുതിർന്ന നേതാവ് ജി. സുധാകരനുമായി കോൺഗ്രസ് ഇതുവരെ ചർച്ചകൾ നടത്തിയിട്ടില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ വ്യക്തമാക്കി. ആലപ്പുഴയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സുധാകരൻ പാർട്ടി മെമ്പർഷിപ്പ് പുതുക്കാത്തത് അദ്ദേഹത്തിന്റെ വ്യക്തിപരമായ തീരുമാനമാണെന്നും, ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ അദ്ദേഹം പങ്കുവെച്ചത് സ്വന്തം അനുഭവങ്ങളാണെന്നും വേണുഗോപാൽ പറഞ്ഞു.
ജി. സുധാകരൻ പക്വതയുള്ള നേതാവാണെന്നും എന്ത് തീരുമാനമെടുക്കണമെന്ന് ആരും അദ്ദേഹത്തെ പഠിപ്പിക്കേണ്ടതില്ലെന്നും കെ.സി. വേണുഗോപാൽ കൂട്ടിച്ചേർത്തു. അദ്ദേഹം ഇപ്പോഴും കമ്മ്യൂണിസ്റ്റ് ആശയങ്ങളിൽ ഉറച്ചുനിൽക്കുന്ന ആളാണ്. ജനങ്ങൾ സ്നേഹിക്കുന്ന, വലിയ ജനപിന്തുണയുള്ള നേതാവാണ് സുധാകരൻ. അദ്ദേഹത്തിന് സീറ്റ് നിഷേധിച്ചത് ഏത് സാഹചര്യത്തിലാണെന്ന് അറിയില്ലെന്നും, അത് തീരുമാനിക്കേണ്ടത് അദ്ദേഹത്തിന്റെ പാർട്ടിയാണെന്നും വേണുഗോപാൽ ചൂണ്ടിക്കാട്ടി.
ഭാവി കാര്യങ്ങളിൽ സുധാകരൻ ഒരു തീരുമാനമെടുത്താൽ അപ്പോൾ കോൺഗ്രസ് പ്രതികരിക്കുമെന്നും വേണുഗോപാൽ പറഞ്ഞു. നിലവിൽ സാങ്കൽപ്പിക ചോദ്യങ്ങൾക്ക് മറുപടി നൽകാനില്ല. സുധാകരൻ എന്ത് നിലപാട് സ്വീകരിക്കുന്നു എന്നതിനനുസരിച്ചായിരിക്കും യുഡിഎഫിന്റെ തുടർന്നുള്ള പ്രതികരണങ്ങൾ.