യു.ഡി.എഫ്. വിജയത്തില്‍ പിണറായി സര്‍ക്കാരിന് വലിയ പങ്ക്; ബി.ജെ.പി. മുന്നേറ്റത്തിന് കാരണം മുഖ്യമന്ത്രിയുടെ നിലപാടുകള്‍: കെ.സി. വേണുഗോപാല്‍

Jaihind News Bureau
Sunday, December 14, 2025

 

ന്യൂഡല്‍ഹി: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് സമാനതകളില്ലാത്ത വിജയം സമ്മാനിച്ചതില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സര്‍ക്കാരിന് വലിയ പങ്കുണ്ടെന്ന് എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എം പി. ഭരണത്തിന്റെ എല്ലാ പ്രയാസങ്ങളും അതിജീവിച്ചാണ് യു.ഡി.എഫ്. ഈ വിജയം നേടിയെടുത്തത്. ജനങ്ങളെ എങ്ങനെ വെറുപ്പിക്കാമെന്നാണ് പിണറായി വിജയന്‍ സര്‍ക്കാര്‍ നോക്കുന്നത്. ഇത്രയും വെറുപ്പ് സമ്പാദിച്ച മറ്റൊരു സര്‍ക്കാര്‍ കേരളത്തില്‍ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു.

തൃശൂര്‍ പാര്‍ലമെന്റിന് പിന്നാലെ തിരുവനന്തപുരം കോര്‍പ്പറേഷന്‍ ബി.ജെ.പിക്ക് ലഭിക്കാന്‍ പ്രധാന കാരണം മുഖ്യമന്ത്രിയാണെന്ന് കെ.സി. വേണുഗോപാല്‍ ആരോപിച്ചു. പി.എം. ശ്രീ, ദേശീയ പാത, ലേബര്‍ കോഡ് തുടങ്ങിയ വിഷയങ്ങളില്‍ മുഖ്യമന്ത്രി സ്വീകരിച്ച സമീപനം സി.പി.എം. പ്രവര്‍ത്തകരെ ബി.ജെ.പിക്ക് വോട്ട് ചെയ്യാന്‍ പ്രേരിപ്പിച്ചു. ‘ബി.ജെ.പിയോട് സോഫ്റ്റായ സമീപനം നേതാക്കള്‍ക്ക് ആകാമെങ്കില്‍ അണികള്‍ക്ക് എന്തുകൊണ്ട് ആയിക്കൂട’ എന്നാണ് അവര്‍ ചിന്തിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേന്ദ്രത്തിന് കീഴടങ്ങിയതും മോദി സര്‍ക്കാരിന് സറണ്ടര്‍ ചെയ്യുന്നതുമായ നിലപാടാണ് സംസ്ഥാന സര്‍ക്കാരിന്റേതെന്നും വേണുഗോപാല്‍ വിമര്‍ശിച്ചു.

കേരളത്തിലെ മുഖ്യമന്ത്രി എടുക്കുന്ന നിലപാടില്‍ അണികള്‍ക്ക് പോലും ആശങ്കയുണ്ടെന്നും അദ്ദേഹം പറഞ്ഞു. മോദി സര്‍ക്കാര്‍ എടുക്കുന്ന നിലപാട് അവര്‍ നടപ്പിലാക്കും മുന്‍പേ കേരളത്തില്‍ നടപ്പിലാക്കുകയാണ്. കൂടാതെ, മുഖ്യമന്ത്രിയുടെ ഡല്‍ഹി കൂടിക്കാഴ്ചകള്‍ക്ക്, പ്രത്യേകിച്ച് ഉദ്യോഗസ്ഥരില്ലാതെ അമിത് ഷായുമായി നടത്തിയ കൂടിക്കാഴ്ചക്ക്, മറ്റ് മാനങ്ങളുണ്ടെന്ന് സംശയിച്ചാല്‍ തെറ്റുപറയാന്‍ കഴിയില്ലെന്നും കെ.സി. വേണുഗോപാല്‍ പറഞ്ഞു. കേരളം ബി.ജെ.പിയിലേക്ക് എന്ന മായാപ്രപഞ്ചം സൃഷ്ടിക്കാനുള്ള പ്രധാനമന്ത്രിയുടെ ശ്രമം ബി.ജെ.പിയുടെ തന്ത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഈ വിജയത്തിന് വേണ്ടി 14 ഡി.സി.സികളും കോര്‍ കമ്മിറ്റികളും അഹോരാത്രം പ്രവര്‍ത്തിച്ചു. പോളിങ് ദിവസം വരെ യു.ഡി.എഫ്. പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം നടന്നു. ഇതെല്ലാം അതിജീവിച്ച് നേടിയ വലിയ വിജയത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അദ്ദേഹം അഭിനന്ദിച്ചു.