കെ സി വേണുഗോപാല്‍ എംപി എം ജി കണ്ണന് അന്ത്യമോപചാരം അര്‍പ്പിച്ചു

Jaihind News Bureau
Monday, May 12, 2025

എഐസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി പത്തനംതിട്ട ഡിസിസി വൈസ് പ്രസിഡന്റായിരുന്ന അന്തരിച്ച എംജി കണ്ണന്റെ ഭൗതിക ശരീരത്തില്‍ അന്ത്യമോപചാരം അര്‍പ്പിച്ചു. കൂടാതെ അദ്ദേഹത്തിന്റെ കുടുംബത്തെ ചെന്നീര്‍ക്കരയിലുള്ള വസതിയിലെത്തി സന്ദര്‍ശിക്കുക്കുകയും ചെയ്തു.

പത്തനംതിട്ട ഡി.സി.സി വൈസ് പ്രസിഡന്റായിരുന്ന മാത്തൂര്‍ മേലേടത്ത് എം.ജി. കണ്ണന്‍ ഇന്നലെയാണ് ഹൃദയാഘാതം മൂലം മരണപ്പെട്ടത്.
2005 ല്‍ ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്തംഗമായിരുന്ന അദ്ദേഹം 2010, 2015 വര്‍ഷങ്ങളില്‍ ജില്ലാ പഞ്ചായത്തംഗമായും പ്രവര്‍ത്തിച്ചു. ആദ്യം ഇലന്തൂരില്‍ നിന്നും പിന്നീട് റാന്നി അങ്ങാടിയില്‍ നിന്നും ജില്ലാ പഞ്ചായത്തിലേക്ക് കണ്ണന്‍ നേടിയത് മികച്ച വിജയമാണ്. പത്തനംതിട്ട ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനായിരുന്ന അദ്ദേഹം ഇടക്കാലത്ത് ആക്ടിംഗ് പ്രസിഡന്റായും പ്രവര്‍ത്തിച്ചു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ അടൂരിലെ സ്ഥാനാര്‍ത്ഥിയുമായിരുന്നു.

പ്രസ്ഥാനത്തിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളില്‍ ക്ഷീണമില്ലാതെ പ്രവര്‍ത്തിച്ച വ്യക്തി എന്നായിരുന്നു എംജി കണ്ണന്റെ വിയോഗത്തില്‍ കെ സി വേണുഗോപാല്‍
എംപി ഫേയ്‌സബുക്കില്‍ കുറിച്ചത്.