സിപിഎം-ബിജെപി ഡീല്‍ മുതല്‍ ഊരാലുങ്കല്‍ വരെ; മുഖ്യമന്ത്രിക്ക് തുറന്ന കത്ത് നല്‍കുമെന്ന് കെ സി വേണുഗോപാല്‍

Jaihind News Bureau
Tuesday, April 7, 2026

തിരുവനന്തപുരം: പിണറായി സര്‍ക്കാരിന്റെ അഴിമതിക്കും അഹങ്കാരത്തിനും ദുര്‍ഭരണത്തിനുമെതിരെയുള്ള ശക്തമായ വിധിയെഴുത്തിന് കേരളം സജ്ജമായെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍. മുഖ്യമന്ത്രി ഉന്നയിച്ച അവകാശവാദങ്ങള്‍ക്കും രാഷ്ട്രീയ ആരോപണങ്ങള്‍ക്കും മറുപടിയായി ഇന്ന് തന്നെ പിണറായി വിജയന് ‘തുറന്ന കത്ത്’ നല്‍കുമെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സി.പി.എം-ബി.ജെ.പി ‘ഡീല്‍’ ഉള്‍പ്പെടെ കോണ്‍ഗ്രസ് ഇതുവരെ ഉയര്‍ത്തിയ എല്ലാ ആരോപണങ്ങളും കത്തില്‍ ഉള്‍പ്പെടുത്തുമെന്നും ഇതിന് മറുപടി നല്‍കാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സി.പി.എമ്മിന്റെ പ്രധാന സാമ്പത്തിക സ്രോതസ്സ് ഊരാലുങ്കല്‍ സൊസൈറ്റിയാണെന്ന് വേണുഗോപാല്‍ ആരോപിച്ചു. ‘നരേന്ദ്ര മോദിക്ക് അദാനി എങ്ങനെയോ, അതുപോലെയാണ് പിണറായി വിജയന് ഊരാലുങ്കല്‍. ടെന്‍ഡറില്ലാതെ കോടിക്കണക്കിന് രൂപയുടെ കരാറുകളാണ് സൊസൈറ്റിക്ക് നല്‍കുന്നത്. യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ഊരാലുങ്കല്‍ സൊസൈറ്റിക്കെതിരെയുള്ള ക്രമക്കേടുകളില്‍ കൃത്യമായ അന്വേഷണവും നടപടിയും ഉണ്ടാകും,’ അദ്ദേഹം വ്യക്തമാക്കി.

വൈക്കത്ത് കര്‍ഷകന്‍ സി.പി.ഐ ഓഫീസിന് മുന്നില്‍ ആത്മഹത്യ ചെയ്ത സംഭവം അങ്ങേയറ്റം വേദനാജനകമാണെന്ന് അദ്ദേഹം പറഞ്ഞു. കര്‍ഷകരെ മരണത്തിലേക്ക് നയിക്കുന്ന പാര്‍ട്ടിയായി സി.പി.എം മാറിയെന്നും നെല്ല് സംഭരണം പോലും അവതാളത്തിലാക്കിയ സര്‍ക്കാരിന് കര്‍ഷകരോട് എന്താണ് ഇത്ര വിരോധമെന്നും അദ്ദേഹം ചോദിച്ചു. മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പുറത്തുവിട്ട പ്രോഗ്രസ് റിപ്പോര്‍ട്ട് വെറും ‘പച്ചക്കള്ളം’ മാത്രമാണ്. ജനങ്ങളെ കബളിപ്പിക്കാനുള്ള ഇത്തരം റിപ്പോര്‍ട്ടുകള്‍ കൊണ്ട് കാര്യമില്ലെന്നും അദ്ദേഹം പരിഹസിച്ചു. 2018-ലെ പ്രളയം മനുഷ്യനിര്‍മ്മിതമാണെന്ന് വ്യക്തമാക്കുന്ന മന്ത്രി കൃഷ്ണന്‍കുട്ടിയുടെ ശബ്ദരേഖ ഞെട്ടിക്കുന്നതാണെന്നും മുഖ്യമന്ത്രി ഇതിന് മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സി.പി.എമ്മും ബി.ജെ.പിയും ഒരേ കേന്ദ്രത്തില്‍ തയ്യാറാക്കിയ പ്രസ്താവനകളാണ് പുറത്തിറക്കുന്നത്. കേരളത്തില്‍ സാമുദായിക ധ്രുവീകരണത്തിന് ഇരുപാര്‍ട്ടികളും ശ്രമിക്കുകയാണെന്നും അവിശുദ്ധ ഡീലുകളെ ജനങ്ങള്‍ അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ‘ഞാനല്ലാതെ മറ്റാരുണ്ട്’ എന്ന പിണറായിയുടെ അഹങ്കാരത്തിനുള്ള മറുപടി ഈ തിരഞ്ഞെടുപ്പിലുണ്ടാകും. തനിക്കെതിരെ കൈരളി ചാനല്‍ ഉള്‍പ്പെടെ വ്യാജ ചിത്രങ്ങള്‍ ഉപയോഗിച്ച് വ്യക്തിഹത്യ നടത്തുകയാണ്. തിരഞ്ഞെടുപ്പ് കാലത്തെ ഇത്തരം രാഷ്ട്രീയ ചെറ്റത്തരങ്ങളെ നിയമപരമായി നേരിടുമെന്നും തന്റെ ‘മടിയില്‍ കനമില്ലെന്നും’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വയനാട്ടില്‍ വീടില്ലാത്തവര്‍ക്കായി കോണ്‍ഗ്രസ് വാഗ്ദാനം ചെയ്ത വീടുകള്‍ ആറുമാസത്തിനകം പൂര്‍ത്തിയാക്കും. രക്തസാക്ഷി ഫണ്ട് തട്ടിപ്പ് നടത്തുന്ന സി.പി.എമ്മിന് കോണ്‍ഗ്രസിനെ വിമര്‍ശിക്കാന്‍ അവകാശമില്ലെന്നും ചാനല്‍ സര്‍വ്വേകളിലല്ല, ജനങ്ങളുടെ സര്‍വ്വേയിലാണ് തങ്ങള്‍ക്ക് വിശ്വാസമെന്നും കെ.സി. വേണുഗോപാല്‍ പറഞ്ഞു.