‘നിലമ്പൂർ സീറ്റുമായെ തിരുവനന്തപുരത്തേക്കുള്ളൂ’ പ്രകാശ് അന്ന് പറഞ്ഞു, ഈ യാഥാർത്ഥ്യവുമായി പൊരുത്തപെടാനാകുന്നില്ല ; വാക്കുകളിടറി കെ.സി വേണുഗോപാല്‍ എംപി; കുറിപ്പ്

Jaihind Webdesk
Thursday, April 29, 2021

തിരുവനന്തപുരം : അന്തരിച്ച മലപ്പുറം ഡി.സി.സി പ്രസിഡന്‍റും നിലമ്പൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ഥിയുമായ വി.വി പ്രകാശിനെ അനുസ്മരിച്ച് എ ഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എം.പി.കെ.എസ്.യു പ്രവർത്തന കാലം മുതൽ ഒപ്പം നടന്ന ഒരു സഹപ്രവർത്തകനെയാണ് നഷ്ടമായതെന്ന് അദ്ദേഹം പറഞ്ഞു.’ ചൊവ്വാഴ്ച രാത്രി വൈകിയും പ്രകാശ് വിളിച്ചു. ഒത്തിരി നേരം സംസാരിച്ചു. തിരഞ്ഞെടുപ്പിനെ കുറിച്ചും പൊതു രാഷ്ട്രീയ സാഹചര്യത്തെ കുറിച്ചുമൊക്കെ. ഞാൻ നിലമ്പൂർ സീറ്റുമായെ തിരുവനന്തപുരത്തേക്ക് വരുന്നുള്ളു കെ സി എന്നാണ് പറഞ്ഞത്. പക്ഷെ സീറ്റ് കിട്ടിയാലും പ്രകാശ് ഇനി വരില്ല എന്ന യാഥാർഥ്യവുമായി പൊരുത്തപെടാനാവുന്നില്ല. കൂടുതൽ എഴുതാൻ വാക്കുകളില്ല. പാതിവഴിയിൽ പ്രതീക്ഷകൾ നഷ്‌ടമായ ആ കുടുംബത്തിന്റെ ദുഖത്തിനൊപ്പം പങ്കുചേരുന്നു’ കെ.സി വേണുഗോപാൽ ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

അതിരാവിലെ ഞെട്ടലോടെയാണ് പ്രകാശിന്റെ വിയോഗ വാർത്ത കേട്ടത്. പ്രകാശ് നമ്മളെ വിട്ടുപോയെന്ന വാർത്ത കേട്ടതിന്റെ ആഘാതം ഇപ്പോഴും വിട്ടുമാറിയിട്ടില്ല. കെ എസ് യു പ്രവർത്തന കാലം മുതൽ ഒപ്പം നടന്ന ഒരു സഹപ്രവർത്തകൻ ഒരു വെളുപ്പിനെ ഇങ്ങനെ വിടപറഞ്ഞു പോകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല. 35 വർഷത്തോളമായി വ്യക്തിപരമായി ഏറ്റവും അടുപ്പമുണ്ട് പ്രകാശിനോട്. പ്രകാശിനെ കുറിച്ച് കാലമെത്ര കഴിഞ്ഞാലും മാഞ്ഞു പോകാത്ത ഒരു ചിത്രമുണ്ട് എൻ്റെ മനസ്സിൽ. 1989 ൽ നായനാർ സർക്കാരിന്റെ ഭരണകാലത്തു വിദ്യാർത്ഥിവിരുദ്ധ നയങ്ങൾക്കെതിരെ കെ എസ് യു വിന്റെ സമരം നടക്കുന്നു. ഒരു പ്രകോപനവുമില്ലാതെ അതിക്രൂരമായ ലാത്തിചാർജാണ്‌ പോലീസ് തുടങ്ങിവെച്ചത്. സെക്രെട്ടറിയേറ്റിനു മുൻപിലും ക്യാമ്പിലേക്ക് കൊണ്ടുപോയ വാഹനത്തിലും നന്ദാവനത്തെ പോലീസ്ക്യാമ്പിനുള്ളിലും വെച്ച് പോലീസ് അതിക്രൂരമായി ഞങ്ങളെ മർദിച്ചു.
വിദ്യാർത്ഥികളെ മർദ്ദിക്കുന്നതിനെതിരെ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാർക്കെതിരെ ഒരുവേള പ്രകാശ് പൊട്ടിത്തെറിച്ചു. ഞങ്ങളിൽ ഒരാളുടെ പോലും ശരീരത്തു തൊട്ടു പോകരുതെന്ന് അലറി കൊണ്ട് പ്രകാശ് പാഞ്ഞടുത്തു. രാഷ്ട്രീയ പകതീർക്കാൻ സർക്കാർ പറഞ്ഞതനുസരിച്ചു ഞങ്ങളെ മർദിച്ചാൽ അതിന്റെ ഫലം നിങ്ങൾ അനുഭവിക്കേണ്ടിവരുമെന്നു സി ഐ യുടെ മുഖത്ത് വിരൽ ചൂണ്ടി പ്രകാശ് പറഞ്ഞു. പൊതുവെ സൗമ്യനായ പ്രകാശിന്റെ വേറൊരു മുഖമായിരുന്നു അത്. പിന്നീടെത്രയോ സമരങ്ങളിലും പ്രക്ഷോഭങ്ങളിലും ഞങ്ങൾ ഒരുമിച്ചു നിന്നു പൊരുതി. പരമ്പരാഗത രാഷ്ട്രീയ ശൈലിക്കുമപ്പുറത് തന്റേതായ ഒരു ശൈലി പ്രകാശ് എന്നും കൂടെ കൊണ്ടുനടന്നു. സഹജീവികളോടും പരിസ്ഥിതിയോടും അനുകമ്പയുള്ള ഒരു പൊതുപ്രവർത്തകനായിരുന്നു എക്കാലത്തും.

ഇല്ലായ്മകളുടെ നടുവിൽ നിന്ന് വന്ന ഞങ്ങളൊക്കെ തമ്മിൽ ആദ്യകാലം മുതൽക്കേ ഒരു ആത്മബന്ധം രൂപപ്പെട്ടിരുന്നു . രാഷ്ട്രീയത്തിനതീതമായി വ്യകതിപരമായ പ്രയാസങ്ങൾപോലും പങ്കുവെച്ചിരുന്നത്ര വ്യക്തിബന്ധം എന്നുമുണ്ടായിരുന്നു. കെ എസ് യു, യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റായി പ്രവർത്തിക്കുമ്പോൾ പ്രകാശ് ജനറൽ സെക്രട്ടറി എന്ന നിലയിൽ എല്ലാ പിന്തുണയും നൽകി ഒപ്പം നിന്നു. പാർട്ടിക്കുള്ളിലെ ചേരികളിൽ വത്യസ്ത പക്ഷങ്ങളിലായിരുന്നപ്പോൾ പോലും അത്തരം ഭിന്നതകൾ ഞങ്ങളുടെ വ്യക്തിബന്ധത്തെ ബാധിച്ചില്ല. ഇല്ലായ്മകൾ രൂപപ്പെടുത്തിയ പൊതുപ്രവർത്തകനായിരുന്നു പ്രകാശ്. ഏതൊരാൾക്കും എന്താവശ്യത്തിനും ധൈര്യമായി സമീപിക്കാവുന്ന ഒരു മാതൃകാ പൊതുപ്രവത്തകനായിരുന്നു. ഏൽപ്പിക്കുന്ന ചുമതലകളൊക്കെയും തികഞ്ഞ അർപ്പണ ബോധത്തോടെ നിറവേറ്റി എല്ലാവരുടെയും സ്നേഹവും അംഗീകാരവും പ്രകാശ് പിടിച്ചുപറ്റി. ആ കർത്തവ്യബോധമാണ് സംഘടന പരമായ ഒട്ടേറെ ചുമതലകളിലേക്കു അദ്ദേഹത്തെ നിയോഗിക്കാൻ പാർട്ടിക്ക് പ്രചോദനമായത്. എങ്കിലും പാർലമെൻററി രംഗത്തേക്ക് പ്രകാശിന് അവസരം വന്നത് ഏറെ വൈകി ഇപ്പോഴാണ് . ആ മത്സരത്തിന്റെ വിധിവരും മുൻപേ പ്രകാശ് പോയി എന്നത് ആ വേദനയുടെ ആഴം ഇരട്ടിയാക്കുന്നു.

ഡി സി സി പ്രസിഡന്റെന്ന നിലയിൽ മലപ്പുറം ജില്ലയിൽ രാഷ്ട്രീയ രംഗത്തെ അനിഷേധ്യമായ സാന്നിധ്യമായി പ്രകാശ് മാറിയത് തന്റേതായ, വേറിട്ട പ്രവർത്തന ശൈലികൊണ്ടായിരുന്നു .ഏതൊരു പ്രവർത്തകനും ആത്മവിശ്വാസം നൽകി സഹപ്രവർത്തകനെ പോലെ പ്രകാശ് അവരുടെ കൂടെ നിന്നു. കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പ് മുതൽ വീണ്ടും മുൻപത്തേക്കാളേറെ പ്രകാശുമായി അടുത്തിടപഴകാൻ അവസരമുണ്ടായി. മിക്ക ദിവസങ്ങളിലും സംഘടനാപരമായോ ഔദ്യോഗികമായോ ആയ കാര്യങ്ങൾക്കു വിളിക്കും. രാഹുൽ ഗാന്ധിയുടെ ലോക്സഭാ മണ്ഡലം കൂടി ഉൾപ്പെട്ട മലപ്പുറം ജില്ലയുടെ കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ പ്രശംസനീയമായ നിലയിലാണ് പ്രകാശ് എന്നും പ്രവർത്തിച്ചത്. പ്രളയമുണ്ടായപ്പോഴും കോവിഡ് പ്രതിരോധത്തിലും അടക്കം തികഞ്ഞ അർപ്പണബോധത്തോടെ പ്രവർത്തിച്ചു. ഇടപെടുന്നവരോടെല്ലാം ഒരു ആത്മബന്ധമുണ്ടാക്കാൻ കഴിഞ്ഞിരുന്ന പ്രകാശിന്റെ വ്യക്തിത്വത്തിലെ ശാന്തതയും സൗമ്യതയും കാര്യക്ഷമതയും രാഹുൽ ഗാന്ധിയിലും മതിപ്പുണ്ടാക്കി എന്നത് നേരിട്ടറിയാനിടവന്നിട്ടുണ്ട്.

രാഹുൽ ഗാന്ധിക്ക് പ്രകാശിനോടുള്ള കരുതൽ മനസിലാക്കാനിടവന്ന ഒരു സാഹചര്യം ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിലാണ് ഉണ്ടായത്. അന്ന് പ്രചാരണം തീരേണ്ടത് നിലമ്പൂരിൽ ആയിരുന്നു. പക്ഷെ രാവിലെ മുതലേ വൈകിയാണ് പരിപാടികൾ നടന്നിരുന്നത്. രാത്രി ഒത്തിരി വൈകിയതിനാൽ സുരക്ഷാ കാരണങ്ങൾ മൂലം നിലമ്പൂരിലെ അവസാനത്തെ പരിപാടി ഉപേക്ഷിക്കാൻ സുരക്ഷാ ഉദ്യോഗസ്ഥർ സമ്മർദ്ദം ചെലുത്തിക്കൊണ്ടിരുന്നു. നിലമ്പൂർ വനമേഖല കൂടി ആയതിനാൽ അവർക്കും ടെൻഷൻ ഉണ്ടായിരുന്നു. പക്ഷെ അവർ എന്തൊക്കെ പറഞ്ഞിട്ടും രാഹുൽജി വഴങ്ങിയില്ല. എത്ര വൈകിയാലും പ്രകാശിന് വേണ്ടി പ്രചാരണം നടത്തിയശേഷം മാത്രമേ മടങ്ങുന്നുള്ളു എന്ന് രാഹുൽജി തറപ്പിച്ചു പറഞ്ഞു. അങ്ങനെ രാവേറെ വൈകി ഷെഡ്യൂളുകൾ എല്ലാം തെറ്റിച്ചാണ് പ്രകാശിന്റെ പ്രചാരണം കഴിഞ്ഞു രാഹുൽജി മടങ്ങിയത്.

ഒരു ദിവസം മുൻപ് ചൊവ്വാഴ്ച രാത്രി വൈകിയും പ്രകാശ് വിളിച്ചു. ഒത്തിരി നേരം സംസാരിച്ചു. തിരഞ്ഞെടുപ്പിനെ കുറിച്ചും പൊതു രാഷ്ട്രീയ സാഹചര്യത്തെ കുറിച്ചുമൊക്കെ. ഞാൻ നിലമ്പൂർ സീറ്റുമായെ തിരുവനന്തപുരത്തേക്ക് വരുന്നുള്ളു കെ സി എന്നാണ് പറഞ്ഞത്. പക്ഷെ സീറ്റ് കിട്ടിയാലും പ്രകാശ് ഇനി വരില്ല എന്ന യാഥാർഥ്യവുമായി പൊരുത്തപെടാനാവുന്നില്ല. കൂടുതൽ എഴുതാൻ വാക്കുകളില്ല.

പാതിവഴിയിൽ പ്രതീക്ഷകൾ നഷ്‌ടമായ ആ കുടുംബത്തിന്റെ ദുഖത്തിനൊപ്പം പങ്കുചേരുന്നു.

ആദരാഞ്ജലികൾ