‘പാര്‍ട്ടിക്ക് കരുത്തും കരുതലുമായ ജീവിതം, ആ അസാന്നിധ്യം തീരാവേദന’: കെ.സി വേണുഗോപാല്‍ എംപി

Jaihind Webdesk
Thursday, August 4, 2022

 

കെപിസിസി ജനറൽ സെക്രട്ടറി ജി പ്രതാപവർമ്മ തമ്പാന്‍റെ അകാല വിയോഗവാർത്ത അങ്ങേയറ്റം ദുഃഖകരമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എംപി. പഠനകാലത്ത് കേരള സ്റ്റുഡന്‍റ്സ് യൂണിയൻ പ്രവർത്തകൻ ആയി തുടങ്ങി കെപിസിസി ജനറൽ സെക്രട്ടറി പദവി വരെയുള്ള പ്രതാപവർമ്മ തമ്പാന്‍റെ രാഷ്ട്രീയ ജീവിതം കോൺഗ്രസ് പാർട്ടിക്ക് എക്കാലത്തും കരുത്തും കരുതലുമായിരുന്നുവെന്ന് കെ.സി വേണുഗോപാൽ എംപി അനുസ്മരിച്ചു.

വിദ്യാർത്ഥി – യുവജന രാഷ്ട്രീയ കാലയളവിൽ കെഎസ്‌യുവിലും, യൂത്ത് കോൺഗ്രസിലും പ്രതാപ വർമ്മ തമ്പാൻ സഹ ഭാരവാഹിയായിരുന്നു. തനിക്ക് ശരിയെന്ന് തോന്നിയ നിലപാടുകൾ സ്വീകരിക്കാനും അതിൽ ഉറച്ചു നിൽക്കാനും മടി കാട്ടാത്ത ആർജവുമുള്ള നേതാവ് ആയിരുന്നു  തമ്പാന്‍. കെഎസ്‌യു, യൂത്ത് കോൺഗ്രസ് നേതൃത്വത്തിൽ പ്രവർത്തിക്കവേ നിരവധി പ്രക്ഷോഭങ്ങളിലും സമര പരമ്പരകളിലും സജീവ നേതൃത്വം നൽകി മുൻപന്തിയിൽ നിന്ന ഊർജസ്വലനായ നേതാവായിരുന്നു പ്രതാപ വർമ്മ തമ്പാനെന്നും കെ.സി വേണുഗോപാൽ അനുസ്മരിച്ചു.

കൊല്ലം കോൺഗ്രസ്‌ ജില്ലാ കമ്മിറ്റിയുടെ അധ്യക്ഷനെന്ന നിലയിൽ പാർട്ടിയെ കെട്ടിപ്പെടുത്താനും, എംഎൽഎ ആയിരിക്കെ ജനകീയ വിഷയങ്ങളിൽ സജീവമായി ഇടപെടാനും അദ്ദേഹം എപ്പോഴും കാണിച്ച ഔൽസുക്യം മാതൃകാപരമാണ്. സംഘാടകനായും ജനപ്രതിനിധിയായും അദ്ദേഹം
നടത്തിയ ഇടപെടലുകൾ പൊതുസമൂഹത്തിനും പാർട്ടിവൃത്തങ്ങളിലും ഉണ്ടാക്കിയ ചലനങ്ങൾ എല്ലാക്കാലവും ഓർമിക്കപ്പെടുന്നതാണ്.

ഹൃ​ദ​യ​ത്തി​ൽ നിറ​യെ സൗ​ഹൃ​ദ​വും സ്നേ​ഹ​വും സൂ​ക്ഷി​ച്ച പ്രതാപവർമ്മ തമ്പാൻ പൊ​തു ജീ​വി​ത​ത്തി​ലും വേ​റി​ട്ട സാ​ന്നി​ധ്യ​മാ​യി​രുന്നു. ​സാധാ​ര​ണ​ക്കാ​രു​ടെ ബു​ദ്ധി​മു​ട്ടു​കളിലും പ്രശ്നങ്ങളിലും എന്നും കൈത്താങ്ങായി അദ്ദേഹം മുൻനിരയിൽ ഉണ്ടായിരുന്നു. ആ ​അ​സാ​ന്നി​ധ്യം എ​ന്നും തീ​രാ​വേ​ദ​ന​യാ​യി തു​ട​രും. ആകസ്മിക വിയോഗത്തിൽ കുടുംബത്തിന്‍റെ ദുഃഖത്തിൽ പങ്കുചേരുന്നതായും കെ.സി വേണുഗോപാൽ അനുശോചനസന്ദേശത്തിൽ പറഞ്ഞു.