എഡിജിപി-ആർഎസ്എസ് കൂടിക്കാഴ്ച ദുരൂഹം, മുഖ്യമന്ത്രി മൗനം വെടിയണം; സിപിഎം അഖിലേന്ത്യാ നേതൃത്വം ഉണ്ടെങ്കില്‍ പ്രതികരിക്കണം: കെ.സി. വേണുഗോപാല്‍ എംപി

Jaihind Webdesk
Saturday, September 7, 2024

 

ആലപ്പുഴ: എഡിജിപി ആർഎസ്എസ് നേതാവുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ദുരൂഹതയെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി. മുഖ്യമന്ത്രി പിണറായി വിജയന്‍ നിലപാട് വ്യക്തമാക്കണം. തൃശൂർ പൂരം കലക്കിയതിൽ പോലീസിന്‍റെ കൈയുണ്ടെന്ന് ആക്ഷേപം വന്നു കഴിഞ്ഞു. ആർഎസ്എസുമായി ചങ്ങാത്തം ഉണ്ടാക്കാൻ ഒരു പോലീസ് ഉദ്യോഗസ്ഥനെ ഇടനിലക്കാരനായി ഇറക്കിയിരിക്കുകയാണ്. ജനം എല്ലാം കാണുന്നുണ്ടെന്നും എന്തെങ്കിലും പറഞ്ഞു ഒഴിയാൻ പറ്റില്ലെന്നും കെ.സി. വേണുഗോപാല്‍ പറഞ്ഞു.

സിപിഎം അഖിലേന്ത്യാ നേതൃത്വം ഉണ്ടെങ്കിൽ വിഷയത്തില്‍ പ്രതികരിക്കണം. കേരളത്തിലെ പാർട്ടിയുടെ നിലപാടില്‍ ദേശീയ നേതൃത്വം മറുപടി പറയണം. എഡിജിപി-ആർഎസ്എസ് കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മൗനം വെടിയണം. മുൻകാലങ്ങളിൽ അന്വേഷണത്തിന് മുറവിളി കൂട്ടിയവർക്ക് ഇപ്പോൾ അന്വേഷണം വേണ്ടെന്നും അന്വേഷണം ആവശ്യപ്പെടുന്നവരെ തല്ലിച്ചതയ്ക്കുകയാണെന്നും കെ.സി. വേണുഗോപാല്‍ എംപി ആലപ്പുഴയില്‍ പറഞ്ഞു.