മുഖ്യമന്ത്രി സോണിയാ ഗാന്ധിയെ വലിച്ചിഴക്കുന്നത് മോദിയെ സുഖിപ്പിക്കാന്‍: കെ സി വേണുഗോപാല്‍ എംപി

Jaihind News Bureau
Saturday, December 27, 2025

സോണിയാ ഗാന്ധിയുടെ പേര് ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ മുഖ്യമന്ത്രി വലിച്ചിഴയ്ക്കുന്നത് മോദിയെ സുഖിപ്പിക്കാനാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി. മോദിയെ സുഖിപ്പിക്കലാണ് മുഖ്യമന്ത്രിയുടെ ശൈലി. അതിന്റെ ഭാഗമാണ് ഈ അക്ഷേപമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പോറ്റിയ്ക്ക് മോഷണത്തിന് അവസരം ഉണ്ടാക്കി കൊടുത്തത് സോണിയ ഗാന്ധി പിണറായി വിജയനെ വിളിച്ച് പറഞ്ഞിട്ടാണോ? ദേവസ്വം ബോര്‍ഡും കേരളവും ഭരിക്കുന്നത് സിപിഎമ്മല്ലെ? പിന്നെ ഇതിലേക്ക് സോണിയാ ഗാന്ധിയെ എന്തിനാണ് വലിച്ചിഴയ്ക്കുന്നതെന്നും കെസി വേണുഗോപാല്‍ ചോദിച്ചു.

ഹൈക്കോടതി നിരീക്ഷണത്തില്‍ ശബരിമല സ്വര്‍ണ്ണക്കൊള്ളയിലെ അന്വേഷണം മുന്നോട്ട് പോകുമ്പോള്‍ പല മഹാന്‍മാരിലേക്കും എത്തുമെന്ന വേവലാതിയും വെപ്രാളവും കൊണ്ട് അന്തം വിട്ട പ്രതി എന്തും ചെയ്യുമെന്ന് പറയുന്നത് പോലെയാണ് മുഖ്യമന്ത്രിയുടെ ആരോപണം.യഥാര്‍ത്ഥ പ്രതികളെ കണ്ടെത്താന്‍ ഹൈക്കോടതി ശ്രമിക്കുമ്പോള്‍ സര്‍ക്കാര്‍ കോടതിയോട് പോലും അസഹിഷ്ണുത കാണിക്കുന്നു.ഈ കേസില്‍ നിന്ന് ശ്രദ്ധതിരിപ്പിച്ച് എങ്ങനെയുമിത് അട്ടിമറിക്കാന്‍ ശ്രമിച്ചാലും നടക്കാന്‍ പോകുന്നില്ല. അയ്യപ്പന്റെ സ്വര്‍ണ്ണം മോഷ്ടിച്ചവരെ പൂര്‍ണ്ണമായി പുറത്തു കൊണ്ടുവരുന്നത് വരെ ഞങ്ങള്‍ പോരാട്ടം നടത്തുമെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.