എമ്പുരാനെതിരെ എന്തിനാണ് ഈ സംഘടിത ആക്രമണം നടത്തുന്നത് എന്നതിന് ഉത്തരം ഈ സിനിമ കണ്ടപ്പോള്‍ ലഭിച്ചതായി എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി. സിനിമ സാങ്കല്‍പ്പികമാണെന്ന് പറയുന്നുണ്ടെങ്കില്‍പ്പോലും, സംഘപരിവാറിന്റെ പ്രവര്‍ത്തനങ്ങള്‍ തിരിച്ചറിഞ്ഞുള്ള സിനിമയാണ് എമ്പുരാന്‍. അതില്‍ അവര്‍ക്കുള്ള അമര്‍ഷവും കേരളത്തെ ചുറ്റിപ്പറ്റി സംഘപരിവാര്‍ നടത്താന്‍ ഉദ്ദേശിക്കുന്ന ചില മായികമായ, വസ്തുതയ്ക്ക് നിരക്കാത്ത കാര്യങ്ങള്‍ സിനിമയിലൂടെ പുറത്ത് വന്നിട്ടുണ്ടോ എന്നുള്ള ആശങ്കയുമാണ് സംഘപരിവാറിന്റെ ആക്രമണത്തിന് പിന്നിലെന്നും വേണുഗോപാല്‍ പറഞ്ഞു. ഈ രണ്ടിന്റെയും ആഘാതത്തില്‍ വന്‍ കേന്ദ്രങ്ങളില്‍ നിന്നുള്ള ഗൂഢാലോചനയാണ് ഈ സിനിമയ്‌ക്കെതിരായ ആക്രമണം. എമ്പുരാന് പിന്നിലുള്ളവര്‍ ഉദ്ദേശിക്കാത്ത മാനത്തിലേക്ക് സിനിമ എത്തിയത് സംഘപരിവാറിന്റെ എതിര്‍പ്പിന്റെ കാഠിന്യം കൂടിയത് കൊണ്ടാണ്. സിനിമ കണ്ടതിനു ശേഷം തിരുവനന്തപുരത്ത് സംസാരിക്കുകയായിരുന്നു എം പി .
ഭൂരിപക്ഷ വര്‍ഗ്ഗീയതയും ന്യൂനപക്ഷ വര്‍ഗ്ഗീയതയും ഒരുപോലെ ഈ സിനിമയില്‍ പരാമര്‍ശിക്കപ്പെടുന്നുണ്ട്. അവ രണ്ടും ഒരുപോലെ അപകടകരവും സാധാരണക്കാരായ മനുഷ്യരെ തകര്‍ക്കുന്നതുമാണ്. കേരളത്തില്‍ കുറെക്കാലമായി സംഘപരിവാര്‍ സ്വയം പ്രചരിപ്പിക്കുന്നത് അവര്‍ വിശുദ്ധപശുക്കളും ഹിന്ദുക്കളുടെ സംരക്ഷകരും സമാധാനകാംക്ഷികളുമാണെന്ന നരേറ്റീവാണ്. ആ നരേറ്റീവിനെ ഇല്ലാതാക്കുന്നതാണ് ഈ സിനിമ. അതുകൊണ്ട് ഈ സിനിമ ആളുകള്‍ കാണുന്നതിനെ സംഘപരിവാര്‍ ഭയപ്പെടുന്നു. ഈ സിനിമയുടെ ആവിഷ്‌കാരം സംഘപരിവാറിന്റെ അജണ്ടകള്‍ക്ക് എതിരാണ്.
ഇഷ്ടമില്ലാത്ത കാര്യങ്ങള്‍ പറഞ്ഞാല്‍ ആടിനെ പട്ടിയാക്കി, പട്ടിയെ പേപ്പട്ടിയാക്കി തല്ലിക്കൊല്ലുന്ന സമീപനമാണ് സംഘപരിവാറിന്റേത്. പൃഥ്വിരാജിനെതിരെ സംഘപരിവാര്‍ മാധ്യമങ്ങള്‍ അഴിച്ചുവിട്ടത് കൃത്യമായ ആക്രമണം. ആര്‍എസ്എസ് മുഖപത്രം ഓര്‍ഗനൈസര്‍ നേരിട്ട് മൂന്ന് എഡിറ്റോറിയലുകളാണ് എമ്പുരാനെതിരെ ഇറക്കിയത്.
കേരളാ സ്റ്റോറിക്കും എമര്‍ജന്‍സിക്കും കശ്മീര്‍ ഫയല്‍സിനും ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്ററിനും അനുമതി കൊടുത്ത സെന്‍സര്‍ബോര്‍ഡ് തന്നെയാണ് എമ്പുരാനും അനുമതി നല്‍കിയത്. അനുമതി നല്‍കി സിനിമ പുറത്തിറക്കിയ ശേഷം, അഭിനേതാക്കളെയും സംവിധായകനെയും തിരക്കഥാകൃത്തിനെയും ഭീഷണിപ്പെടുത്തി സിനിമയിലെ ഭാഗങ്ങള്‍ വെട്ടിക്കളയുമ്പോള്‍ അവര്‍ മനസ്സിലാക്കാത്തത്, വെട്ടിക്കളയുന്ന ഭാഗങ്ങള്‍ ജനം തിരഞ്ഞുപിടിച്ചു കാണും എന്നതാണ്. ഈ ജനാധിപത്യ രാജ്യത്ത് ഇഡിയെയും സിബിഐയെയും മറ്റ് ഏജന്‍സികളെയും ഉപയോഗിച്ച് എല്ലാവരെയും തീര്‍ത്തുകളയാമെന്നാണ് സംഘപരിവാറിന്റെ ചിന്തയെങ്കില്‍ അത് നടക്കില്ല.
സിനിമ കാണുന്നവരെല്ലാം ഗോദ്ര സംഭവത്തെ കുറിച്ചുള്ള സത്യവും അന്വേഷിക്കും. സംഘപരിവാര്‍ വിവക്ഷിക്കുന്നത് മാത്രമല്ല രാജ്യസ്‌നേഹം. സംഘപരിവാറിന് സിനിമയെ സിനിമയായി കാണാന്‍ പറ്റുന്നില്ല. അവരുടെ അജണ്ട വെളിച്ചത്ത് വരുന്നതില്‍ ഭയന്നാണ് അവര്‍ക്കതിന് കഴിയാത്തത്. കോണ്‍ഗ്രസിനെതിരെയും ധാരാളം സിനിമകള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ ആ സിനിമകള്‍ക്കെതിരെ ആരും അക്രമം അഴിച്ചുവിട്ടിട്ടില്ല. – കെ സി വേണുഗോപാല്‍ പറഞ്ഞു.