‘അക്കൗണ്ട് ബ്ലോക്ക് ചെയ്താല്‍ കോണ്‍ഗ്രസിനെ നിശബ്ദമാക്കാനാവില്ല’; മോദി സർക്കാരിന് വരാനിരിക്കുന്നത് ഉറക്കമില്ലാത്ത നാളുകളെന്ന് കെ.സി വേണുഗോപാല്‍ എം.പി

Thursday, August 12, 2021

ട്വിറ്റർ അക്കൌണ്ട് ലോക്ക് ചെയ്ത് കോണ്‍ഗ്രസ് ശബ്ദത്തെ ഇല്ലാതാക്കാമെന്ന് മോദി സര്‍ക്കാർ കരുതേണ്ടെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എം.പി. പ്രതിപക്ഷത്തെ എത്രമാത്രം ഭയപ്പെടുന്നു എന്നതിന്‍റെ പ്രത്യക്ഷ ഉദാഹരണമാണ് കേന്ദ്ര സർക്കാർ നടപടി. സർക്കാരിന്‍റെ സമ്മർദ്ദത്തിന് വഴങ്ങി അനീതിക്ക് കൂട്ടുനിൽക്കാൻ ട്വിറ്റർ പോലെയൊരു സമൂഹമാധ്യമം തയാറാകുന്നത് അപലപനീയമാണ്. ഇത്തരം നടപടികളിലൂടെ കശ്മീർ മുതല്‍ കന്യാകുമാരി വരെയുള്ള കോണ്‍ഗ്രസിനെ നിശബ്ദമാക്കാമെന്നത് നരേന്ദ്ര മോദിയുടെ ദിവാസ്വപ്നമാണ്. കൂടുതൽ സജീവമായ പ്രക്ഷോഭങ്ങളായിരിക്കും വരും നാളുകളിൽ ദൃശ്യമാകുക. പ്രതിപക്ഷ ശബ്‌ദത്തെ ഭയക്കുന്ന മോദി സർക്കാരിന് ഇനി ഉറക്കമില്ലാത്ത നാളുകളായിരിക്കുമെന്നും ജനാധിപത്യ വിരുദ്ധ നിലപാട് തിരുത്താൻ ട്വിറ്റർ തയാറാവണമെന്നും കെ.സി വേണുഗോപാല്‍ എം.പി ആവശ്യപ്പെട്ടു.

 

കെ.സി വേണുഗോപാല്‍ എം.പിയുടെ ഫേസ്ബുക്ക് പോസ്റ്റ്:

 

അഭിപ്രായ സ്വാതന്ത്ര്യത്തിനും ആവിഷ്കാര സ്വാതന്ത്ര്യത്തിനും വ്യക്തി സ്വകാര്യതയ്ക്കും മേലെ ഫാസിസ്റ്റ് ഭരണകൂടം എല്ലാ സീമകളും ലംഘിച്ച് കൂച്ചുവിലങ്ങിടുകയാണ്. ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതാക്കളുടെ സമൂഹമാധ്യമ അക്കൗണ്ടുകൾ അകാരണമായി മരവിപ്പിക്കുന്നതിലേയ്‌ക്കു വരെ എത്തിയ നടപടി കേന്ദ്ര സർക്കാർ എത്രമാത്രം പ്രതിപക്ഷത്തെ ഭയപ്പെടുന്നു എന്നതിന്‍റെ ദൃഷ്ടാന്തമാണ്.

രാഹുൽ ഗാന്ധിയുടേതിന് പുറമേ എന്‍റേതടക്കം നിരവധി കോൺഗ്രസ് നേതാക്കളുടെയും, പ്രവർത്തകരുടെയും ട്വിറ്റർ അക്കൗണ്ടുകളാണ് ഇപ്പോൾ ലോക്ക് ചെയ്‌തിരിക്കുന്നത്. അക്കൗണ്ട് ബ്ലോക്ക് ചെയ്ത് കാശ്മീർ മുതൽ കന്യാകുമാരി വരെ വേരുള്ള കോൺഗ്രസിനെ നിശബ്ദമാക്കാമെന്നാണോ കരുതിയത് ? രാഹുൽ ഗാന്ധിയുടെ അക്കൗണ്ട് മരവിപ്പിച്ച നടപടിയെ വിമർശിച്ച് ട്വീറ്റ് ചെയ്‌തതിന് ഇത്തരത്തിൽ പ്രതികാര ന‌ടപടിയെടുത്ത സംഭവം, ട്വിറ്റർ പൂർണ്ണമായും മോദി സർക്കാരിന് കീഴ്‌പ്പെട്ടതിന്റെ നേർ സാക്ഷ്യമാണ്.

ജനങ്ങൾക്ക് വേണ്ടി സംസാരിക്കാൻ പാർലമെന്റിൽ അവസരം നിഷേധിക്കുന്ന ഭരണപക്ഷം ഇപ്പോൾ പ്രതിപക്ഷ ശബ്‌ദം പൂർണമായും ഇല്ലാതാക്കാനുള്ള ശ്രമത്തിലാണ്. സർക്കാരിന്‍റെ സമ്മർദ്ദത്തിന് വഴങ്ങി, അനീതിക്ക് കൂട്ടുനിൽക്കാൻ ട്വിറ്റർ പോലെയൊരു സമൂഹമാധ്യമം തയ്യാറാകുന്നത് എത്ര അപലപനീയമാണ്. കേവലം ട്വിറ്റർ അക്കൗണ്ട് മരവിപ്പിച്ചാൽ പ്രതിപക്ഷം മിണ്ടാതിരിക്കുമെന്നത് മോദിയുടെ ദിവാസ്വപ്നമാണ്. കൂടുതൽ സജീവമായ പ്രക്ഷോഭങ്ങളായിരിക്കും വരും നാളുകളിൽ ദൃശ്യമാകുക. പ്രതിപക്ഷ ശബ്‌ദത്തെ ഭയക്കുന്ന മോദി സർക്കാരിന് ഇനി ഉറക്കമില്ലാത്ത നാളുകളായിരിക്കും. ജനാധിപത്യ വിരുദ്ധ നിലപാട് തിരുത്താൻ ട്വിറ്റർ തയ്യാറാവണം.