വിലക്കയറ്റത്തിനെതിരെ പ്രതിഷേധാഗ്നിയായി കെസി വേണുഗോപാല്‍ എംപി നയിച്ച ജനജാഗ്രതാ പദയാത്ര

Jaihind Webdesk
Saturday, December 4, 2021

തിരുവനന്തപുരം : എഐസിസി ആഹ്വാനം പ്രകാരം വിലക്കയറ്റത്തിനും നാണയപ്പെരുപ്പത്തിനും എതിരെ എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി നയിക്കുന്ന ജനജാഗ്രതാ ക്യാമ്പെയിന്‍ പദയാത്രയ്ക്ക് തലസ്ഥാനത്ത് തുടക്കമായി. തിരുവനന്തപുരം ജില്ലയിലെ കല്ലറയിൽ നിന്ന് ആരംഭിച്ച പദയാത്ര ഭരതന്നൂരിൽ സമാപിച്ചു. ജനജാഗ്രതാ ക്യാമ്പെയ്ന്‍റെ ഭാഗമായി നാളെ ആദിവാസി- ദളിത് സംഗമത്തിലും കെസി വേണുഗോപാൽ പങ്കെടുക്കും.

സ്വാതന്ത്ര്യ സമര പോരാട്ടങ്ങൾക്ക് വേദിയായ കല്ലറയിൽ നിന്നാണ് ജനജാഗ്രതാ ക്യാമ്പെയ്ന്‍ പദയാത്രയ്ക്ക് കെസി വേണുഗോപാൽ എംപി തുടക്കം കുറിച്ചത്. പ്രതിപക്ഷ നേതാവ് വിഡി സതീശൻ പാർട്ടി പതാക കൈമാറി. ഡിസിസി പ്രസിഡന്‍റ് പാലോട് രവി, എംപി മാരായ രാജ്മോഹൻ ഉണ്ണിത്താൻ, അടൂർ പ്രകാശ്, വിഎസ് ശിവകുമാർ, ദീപ്തി മേരി വർഗീസ് എന്നിവർക്കാപ്പം നിരവധി പ്രവർത്തകരും പദയാത്രയിൽ അണി നിരന്നു.

ഓരോ ദിവസം കഴിയുതോറും രാജ്യത്തെ ജനങ്ങളുടെ ജീവിതം കൂടുതൽ ദുരിത പൂർണമാവുകയാണെന്ന് കെസി വേണുഗോപാൽ ജയ്ഹിന്ദ് ന്യൂസിനോട് പറഞ്ഞു. നേതാക്കളിലും പ്രവർത്തകരിലും വലിയ ആവേശം നിറച്ചാണ് ജനജാഗ്രത ക്യാമ്പെയ്ന്‍ പദയാത്ര ഭരതന്നൂരിൽ സമാപിച്ചത്.