രാഹുൽ ഗാന്ധിയുടെ സന്ദർശനവും പ്രസംഗവും കഴിഞ്ഞപ്പോൾ സി.പി.എമ്മിന് വിഭ്രാന്തിയെന്ന് കെ.സി വേണുഗോപാൽ എം.പി. രാഹുലിന്റെ ജനസ്വാധീനം കണ്ട് സി.പി.എം എത്രത്തോളം ഭയന്നുവെന്നതാണ് അവരുടെ പ്രസ്താവനയ്ക്ക് പിന്നിലെന്നും കെ.സി വേണുഗോപാല്‍ ചൂണ്ടിക്കാട്ടി. അനുദിനം ബിജെപിയുടെ അക്രമണം നേരിടുന്ന രാഹുലിനെ ഇപ്പോള്‍ അതേ ഭാഷയില്‍ കേരളത്തിലെ സിപിഎമ്മും അക്രമിക്കുന്നതിലൂടെ ഇത് വ്യക്തമാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. സി.പി.എമ്മിന്റെ സർട്ടിഫിക്കറ്റ് രാഹുൽ ഗാന്ധിക്ക് വേണ്ടെന്നും തരം താണ പ്രസ്താവനകളിൽ നിന്ന് സി.പി.എം പിന്മാറണമെന്നും കെ.സി വേണുഗോപാൽ എം.പി വ്യക്തമാക്കി.
കെ.സി വേണുഗോപാല്‍ എ.പിയുടെ ഫേസ്ബുക്ക് പോസ്റ്റ് :
രാഹുല്‍ഗാന്ധിയുടെ ട്രാക്ടര്‍ റാലിയും ഗോത്രവിഭാഗത്തിലെ സഹോദരങ്ങളുമായുള്ള സംവാദവും ശംഖുമുഖത്തെ മഹാസമ്മേളനവും സെക്രട്ടറിയേറ്റിനു മുൻപിൽ സമരം ചെയ്യുന്ന ഉദ്യോഗാര്‍ത്ഥികളെ സന്ദര്‍ശിച്ചതും മത്സ്യത്തൊഴിലാളികളുമായുള്ള മുഖാമുഖവും ആരുടേയെല്ലാമോ ഉറക്കം കെടുത്തുന്നുവെന്ന് വ്യക്തം.
അനുദിനം ബിജെപിയുടെ അക്രമണം നേരിടുന്ന രാഹുലിനെ ഇപ്പോള്‍ അതേ ഭാഷയില്‍ കേരളത്തിലെ സിപിഎമ്മും അക്രമിക്കുന്നുവെന്നതാണ് ഇതിന്റെ പരിണത ഫലം.രാഷ്ട്രീയ വിമര്‍ശനം ഉന്നയിച്ച് അദ്ദേഹം തലസ്ഥാനത്ത് നടത്തിയ പ്രസംഗമാണ് സിപിഎമ്മിന്റെ അസഹിഷ്ണുതയ്ക്ക് കാരണം. ഏതെങ്കിലും ഒരു നേതാവല്ല, മറിച്ച് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് തന്നെയാണ് അദ്ദേഹത്തിനെതിരെ പ്രസ്താവന ഇറക്കിയത് എന്നത് അവരുടെ ഭയപ്പാടിന്റെ തീവ്രത അടയാളപ്പെടുത്തുന്നു. രാഹുല്‍ഗാന്ധി ബിജെപി ഏജന്റിനെ പോലെ സംസാരിക്കുന്നുവെന്നാണ് സിപിഎമ്മിന്റെ കണ്ടെത്തല്‍ ! ശംഖുമുഖത്തെ പ്രസംഗത്തില്‍ സംഘപരിവാറിനെതിരെയും ബിജെപി സര്‍ക്കാറിന്റെ ജനവഞ്ചനയ്ക്കെതിരെയും അക്കമിട്ട് ആഞ്ഞടിച്ച ഒരാളെ ചൂണ്ടി ബിജെപി ഏജന്റ് എന്ന് വിളിക്കുന്നത് എത്രമാത്രം അധാര്‍മ്മികമാണെന്ന് ചിന്തിച്ചിട്ടുണ്ടോ? വാളയാര്‍ ചുരം കടന്നാല്‍ തമിഴ്നാട്ടിലും ആസമിലും ബംഗാളിലും ഇതേ രാഹുലിന്റെ ചിത്രം വെച്ചുവേണം സിപിഎമ്മിന് വോട്ട് പിടിക്കാന്‍ എന്നെങ്കിലും ഓര്‍ക്കേണ്ടതല്ലേ? പിണറായി വിജയന് നിയന്ത്രിക്കുന്ന സംസ്ഥാന ഘടകത്തിന്റെ അഭിപ്രായമാണോ ദേശീയ നേതൃത്വത്തിനെന്ന് സീതാറാം യെച്ചൂരി വ്യക്തമാക്കേണ്ടിയിരിക്കുന്നു.
കര്‍ഷക പ്രക്ഷോഭങ്ങള്‍ക്ക് ഊര്‍ജ്ജം പകര്‍ന്ന് പഞ്ചാബിലും രാജസ്ഥാനിലും ട്രാക്ടര്‍ റാലികള്‍ നടത്തിയ, കത്വയിലും ഉന്നാവിലും പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെടുമ്പോള്‍ പ്രതിഷേധ ജ്വാല തീര്‍ത്ത, ദളിത് പെണ്‍കുട്ടി പിച്ചിചീന്തപ്പെട്ട ഹത്രസിലേക്ക് പോലീസ് വലയം ഭേദിച്ച് കാല്‍നടയായി ചെന്ന, പൗരത്വ നിയമത്തിനെതിരായ പ്രക്ഷോഭങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് തെരുവിലിറങ്ങിയ, പാര്‍ലമെന്റിനകത്തും പുറത്തും മോദി സര്‍ക്കാറിനെതിരെ, കോര്‍പ്പറേറ്റ് വതകരണത്തിനെതിരെ ശബ്ദിച്ച, രാജ്യത്തെ തകര്‍ക്കുന്ന കുത്തകകളെ പേരെടുത്ത് വിമര്‍ശിക്കുന്ന, രാഷ്ട്രത്തിനുവേണ്ടി രക്തസാക്ഷിത്വം വരിച്ചവരുടെ പിന്മുറക്കാരനെ, ആര്‍എസ്എസ് നല്കിയ കേസില്‍ ഇപ്പോഴും കോടതി കയറി ഇറങ്ങുന്ന രാഹുലിനെ ഇത്ര സങ്കുചിതമായ് വീക്ഷിക്കാന്‍ കേരളത്തിലെ സിപിഎമ്മിന് എങ്ങനെ പറ്റിയെന്നത് ആശ്ചര്യപ്പെടുത്തുന്നു.
ബംഗാളിലെയും തമിഴ്നാട്ടിലെയും സിപിഎം നേതാക്കള്‍ എന്തായാലും ഇത്തരമൊരു അപക്വമായ അഭിപ്രായം പറയുമെന്ന് തോന്നുന്നില്ല.പ്രക്ഷോഭമുഖത്ത് തീക്ഷ്ണതയും പ്രതിഷേധത്തിന്റെ പ്രകമ്പനവും സൃഷ്ടിക്കുന്ന അതേ മനുഷ്യന് തന്നെയാണ്, മാനവികതയുടെ, സ്നേഹത്തിന്റെ, കരുതലിന്റെ കൈനീട്ടി നമ്മുടെ കാടിന്റെ മക്കളെയും കടലിന്റെ മക്കളെയും കാണുന്നത്. മനുഷ്യത്വം മരവിക്കാത്ത രാഷ്ട്രീയക്കാരില്‍ ഒരാളായി അദ്ദേഹം മാറുന്നതിനെ സിപിഎമ്മും ബിജെപിയും എന്തിനാണ് ഇങ്ങനെ വിമര്‍ശിക്കുന്നത്? നെഞ്ചളവിന്റെയും ഇരട്ടച്ചങ്കിന്റെയും വീരസ്യം പറയലല്ല, പാവങ്ങളുടെ കണ്ണീരൊപ്പലും അവർക്ക് സ്വാന്തനമാവുകയെന്നതുമാണ് യഥാര്‍ത്ഥ രാഷ്ട്രീയമെന്ന് നിങ്ങള്‍ എന്നാണ് തിരിച്ചറിയുക?
കൊല്ലത്തെ വാടി കടപ്പുറത്ത് നിന്നും പുലർച്ചെ തൊഴിലാളികളുടെ മത്സ്യ ബന്ധനബോട്ടില്‍ രാഹുല്‍ കടലിലേക്ക് പോയത് അവരുടെ ജീവിതാനുഭവത്തെ തൊട്ടറിയാനാണ്; ഒരു മണിക്കൂറോളം കടലില്‍ ചെലവഴിച്ച ശേഷം അവരുടെ പരാധീനതകള്‍ മനസ്സിലാക്കിയാണ് അദ്ദേഹം തീരത്തുവന്ന് സംവദിച്ചത്. പ്രശ്നങ്ങളില്‍ നിന്ന് ഇറങ്ങി ഓടുകയല്ല, അവയെ ധീരമായും സൗമ്യമായും അഭിമുഖീകരിക്കുക കൂടിയാണ് രാഹുല്‍ ചെയ്യുന്നത്. സ്വര്‍ണം കടത്താനും മയക്കുമരുന്ന് കടത്താനും പിന്‍വാതില്‍ നിയമനത്തിനും വര്‍ഗീയത പ്രചരിപ്പിക്കാനും പോവുന്നതല്ല രാഷ്ട്രീയ ഔന്നത്യമെന്ന് ഈ നാട്ടിലെ ജനങ്ങള്‍ക്ക് നന്നായറിയാം.