ചോര വീണാലും തളരാതെ മുന്നോട്ട്; ഭാരത് ജോഡോ യാത്രയ്ക്കിടെ വീണു പരിക്കേറ്റ് കെ.സി വേണുഗോപാല്‍ എംപി

Sunday, November 27, 2022

ഭാരത് ജോഡോ യാത്രയുടെ ആവേശത്തില്‍ അനിയന്ത്രിതമായ  ജനക്കൂട്ടം. ഇന്ന് രാവിലെ ഇൻഡോറിലുണ്ടായ കനത്ത തിക്കും തിരക്കിലും എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എംപിക്ക് നിലത്തു വീണ് പരിക്കേറ്റു. വീഴ്ചയുടെ ആഘാതത്തിൽ മുറിവേറ്റ് ചോര വാർന്നതോടെ അദ്ദേഹത്തെ ക്യാംപിലേക്ക് മാറ്റുകയും ഡോക്ടർമാർ എത്തി പരിശോധിക്കുകയും ചെയ്തു.  തിരക്കിൽപ്പെട്ട് കെ.സി.വേണുഗോപാൽ നിലത്ത് വീഴുകയായിരുന്നു.  ഇന്നൊരു ദിവസത്തേക്ക് യാത്രയിൽ നിന്നും വിശ്രമം എടുക്കാനായിരുന്നു ഡോക്ടർമാരുടെ നിർദേശമെങ്കിലും അതവഗണിച്ച് കെസി വേണുഗോപാല്‍ ജോഡോ യാത്രയിൽ തിരികെ പങ്കുചേർന്നു.

വലിയ ജനക്കൂട്ടമാണ് മധ്യപ്രദേശിൽ ദിവസവും ഭാരത് ജോഡോയാത്രയിൽ പങ്കെടുക്കാനെത്തുന്നത്. പൊലീസിനും സിആർപിഎഫിനും നിയന്ത്രിക്കാൻ പറ്റാത്ത തിരക്ക് കാരണം ചെറിയ ദൂരം താണ്ടാൻ പോലും മണിക്കൂറുകൾ സമയമെടുക്കുന്ന അവസ്ഥയാണ്. കന്യാകുമാരിയിൽ തുടങ്ങിയ ഭാരത് ജോഡോ യാത്ര ആയിരകണക്കിന് കിലോമീറ്റർ താണ്ടി ഹിന്ദിഹൃദയ ഭൂമിയായ മധ്യപ്രദേശിലെത്തിയപ്പോൾ ജനപങ്കാളിത്തം ഇരട്ടിയായ നിലയിലാണ്.ശൈത്യകാല ബുദ്ധിമുട്ടുകളെ അവഗണിച്ച് വഴിനീളെ ജനസാഗരവും വൻ സ്വീകാര്യതയുമാണ് ലഭിക്കുന്നത്.