ഇന്ത്യൻ മാധ്യമരംഗത്തിന് വലിയ നഷ്‌ടം ; കെഎം റോയിയുടെ നിര്യാണത്തിൽ അനുശോചിച്ച് കെ സി വേണുഗോപാൽ എംപി

Jaihind Webdesk
Saturday, September 18, 2021

 

ന്യൂഡല്‍ഹി : മുതിർന്ന പ‌ത്രപ്രവർത്തകനും എഴുത്തുകാരനും രാഷ്‌ട്രീയ നിരീ‌ക്ഷകനുമായിരുന്ന കെഎം റോയിയുടെ നിര്യാണത്തിൽ എഐ‌സിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എംപി അനുശോചിച്ചു. ഇന്ത്യൻ മാധ്യമ രംഗത്തിന് ‌ത‌ന്നെ വലിയ നഷ്‌ടമാണ് കെഎം റോയിയുടെ വിയോഗം. മല‌യാളം, ഇംഗ്ലീഷ് ഭാഷകളിലെ പത്രപ്രവർത്തനത്തിൽ അര നൂറ്റാണ്ട് കാലം ഒരുപോലെ തി‌ളങ്ങിയ അസാമാന്യ ബഹുമുഖ പ്രതിഭയായിരുന്നു കെഎം റോയി. നിഷ്‌പക്ഷ നിലപാ‌ടുകളും കൃത്യമായ രാഷ്‌ട്രീയ ബോധവുമാണ് അദ്ദേഹത്തെ വേറിട്ട് നിർത്തിയത്. വേണുഗോപാൽ പറഞ്ഞു.

പൊതുപ്രവർത്തനത്തിനായി കെഎം‌ റോയി തിരഞ്ഞെടുത്ത വഴിയായിരുന്നു മാധ്യമ പ്രവർത്തനമെന്നും കേരള പത്രപ്രവർ‌ത്തക യൂണിയന്റെ സംസ്ഥാന പ്രസിഡന്റ് പദവിയിലും ശോഭിച്ച കെഎം റോയി നീതിക്ക് വേണ്ടി നിലകൊ‌ള്ളുന്നതിൽ വിജയിച്ചുവെന്നും വേണുഗോപാൽ പറഞ്ഞു. മാധ്യമ പ്രവർത്തകർക്ക് ഗുരുതുല്യനായ കെഎം റോയി മികച്ച പ്രാസംഗികനുമായിരുന്നു. അദ്ദേഹത്തിന്റെ രാഷ്‌ട്രീയ ലേഖനങ്ങളും നിരീക്ഷണങ്ങളും ഒരു പൊതു പ്രവർത്തകൻ എന്ന നിലയിൽ തന്നെ സ്വാധീനിച്ചിരുന്നുവെന്നും വേണുഗോപാൽ കൂട്ടിച്ചേർത്തു.