
ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസിലും ഹരിപ്പാട് താലൂക്ക് ആശുപത്രിയിലെ മരണങ്ങളിലും സംസ്ഥാന സര്‍ക്കാരിനും ആരോഗ്യവകുപ്പിനുമെതിരെ രൂക്ഷവിമര്‍ശനവുമായി എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എം.പി. ശബരിമല കേസില്‍ ഹൈക്കോടതി ഇടപെട്ടില്ലായിരുന്നെങ്കില്‍ ഒരാള്‍ പോലും അറസ്റ്റിലാകില്ലായിരുന്നുവെന്നും, പ്രത്യേക അന്വേഷണ സംഘത്തെ സര്‍ക്കാര്‍ തടവിലാക്കിയിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
ശബരിമല സ്വര്‍ണക്കൊള്ളയില്‍ മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്ത വിവരങ്ങള്‍ സര്‍ക്കാര്‍ രഹസ്യമാക്കി വെക്കുകയാണെന്ന് കെ സി വേണുഗോപാല്‍ കുറ്റപ്പെടുത്തി. ‘കേസുമായി ബന്ധമില്ലാത്തവരെ ചോദ്യം ചെയ്യുമ്പോള്‍ അവരുടെ വിവരങ്ങള്‍ ഉടന്‍ പുറത്തുവിടുന്ന സര്‍ക്കാര്‍, യഥാര്‍ത്ഥ പ്രതികളെന്ന് സംശയിക്കുന്നവരുടെ കാര്യത്തില്‍ മൗനം പാലിക്കുകയാണ്. തദ്ദേശ തിരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടാകാതിരിക്കാനാണ് ചോദ്യം ചെയ്യലുകള്‍ മനപ്പൂര്‍വ്വം വൈകിപ്പിച്ചത്. പിണറായി വിജയന് അറിയാതെ കേരളത്തില്‍ ഒരില പോലും അനങ്ങില്ലെന്നിരിക്കെ, ഈ കൊള്ളയിലും സര്‍ക്കാരിന് വ്യക്തമായ പങ്കുണ്ട്,’ അദ്ദേഹം പറഞ്ഞു.
ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ ഡയാലിസിസിന് പിന്നാലെ രണ്ട് രോഗികള്‍ മരിച്ചത് കേരളത്തിന്റെ ആരോഗ്യരംഗം എത്രമാത്രം ദയനീയാവസ്ഥയിലാണെന്നതിന്റെ തെളിവാണ്. രണ്ട് മനുഷ്യജീവനുകള്‍ നഷ്ടപ്പെട്ട ഈ സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ആരോഗ്യവകുപ്പ് മന്ത്രി ഈ വിഷയത്തില്‍ സത്യസന്ധമായി ഇടപെടണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
മറ്റത്തൂര്‍ പഞ്ചായത്തില്‍ ബിജെപിയുമായി ചേര്‍ന്ന് ഭരണം പിടിച്ചുവെന്ന ആരോപണങ്ങളെയും അദ്ദേഹം തള്ളി. മറ്റത്തൂര്‍ വിഷയത്തില്‍ കെപിസിസിക്കും ഡിസിസിക്കും ഒരേ നിലപാടാണുള്ളത്. പാര്‍ട്ടിയുടെ താല്പര്യം സംരക്ഷിച്ചേ മുന്നോട്ട് പോകൂ. വര്‍ഗീയ സംഘടനകളുമായി കോണ്‍ഗ്രസിന് യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ശബരിമല കേസില്‍ ജനങ്ങളില്‍ നിന്ന് ശക്തമായ പ്രതികരണമുണ്ടാകുമെന്നും നീതി ലഭിക്കുന്നതുവരെ കോണ്‍ഗ്രസ് പോരാടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.