K.C VENUGOPAL MP| ‘ഇന്ത്യന്‍ ജനാധിപത്യം അതീവ ഗുരുതരാവസ്ഥയില്‍’; ബിഹാറിലേത് കൃത്രിമമായി സൃഷ്ടിച്ചെടുത്ത വിജയമെന്ന് കെ.സി വേണുഗോപാല്‍ എം.പി

Jaihind News Bureau
Saturday, November 15, 2025

ഇന്ത്യന്‍ ജനാധിപത്യം അതീവ ഗുരുതരാവസ്ഥയില്‍ക്കൂടിയാണ് കടന്നുപോകുന്നതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എം.പി. ബിഹാര്‍ ത്‌രഞ്ഞെടുപ്പ് ഫലം അവിശ്വസനീയമാണ്. ഇത് കൃത്രിമമായി സൃഷ്ടിച്ചെടുത്ത വിജയമാണെന്നതില്‍ തര്‍ക്കമില്ല. കോണ്‍ഗ്രസ് ഉന്നയിച്ച ആരോപണങ്ങള്‍ക്കും ഉയര്‍ത്തിയ ആശങ്കകള്‍ക്കും തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതുവരെ ഔദ്യോഗികമായി മറുപടി പോലും നല്‍കിയിട്ടില്ല. തിരഞ്ഞെടുപ്പ് കമ്മീഷനും ബിജെപി സര്‍ക്കാരും പ്രത്യേകമായി രൂപകല്‍പ്പന ചെയ്ത തെരഞ്ഞെടുപ്പ് ഫലമാണിതെന്നും അദ്ദേഹം ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.

എല്ലാ ബൂത്തുകളില്‍ നിന്നും കൃത്യമായ വിവരങ്ങള്‍ ശേഖരിച്ച് തെളിവുകളുമായി കോണ്‍ഗ്രസ് മുേ ന്നാട്ട് പോകും. വോട്ടുകൊള്ളയ്‌ക്കെതിരെ ശക്തമായ നിയമനടപടികളും തുടര്‍ പ്രക്ഷോഭങ്ങളുമുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ബിഹാര്‍ തിരഞ്ഞെടുപ്പില്‍ അസ്വാഭാവിക വോട്ടിംഗില്‍ പ്രതിപക്ഷ കക്ഷികള്‍ വിശദീകരണം ആവശ്യപ്പെട്ടിരുന്നു. നവംബര്‍ 6 നും 11 നും ഇടയിലുള്ള നാല് ദിവസത്തിനുള്ളില്‍, അതായത് ആദ്യ ഘട്ടത്തിനും രണ്ടാം ഘട്ടത്തിനും ഇടയില്‍ വോട്ടു ചെയ്ത വോട്ടര്‍മാരുടെ എണ്ണത്തില്‍ ‘അത്ഭുതകരമായ വര്‍ദ്ധനവ്’ രേഖപ്പെടുത്തിയെന്ന് ഇസിഐയുടെ പത്രക്കുറിപ്പുകള്‍ സൂചിപ്പിക്കുന്നു. ഈ വിഷയത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതുവരെ ഒരു വിശദീകരണവും നല്‍കിയിട്ടില്ല. നിലവിലെ പോലെ മൗനം പാലിക്കുക’ എന്ന നയം പിന്തുടരുകയാണ്. എന്നാല്‍ ഉടന്‍ തന്നെ ഒരു വിശദീകരണം നല്‍കണമെന്ന് കോണ്‍ഗ്രസ് ഉള്‍പ്പെട്ട പ്രതിപക്ഷം ആവശ്യപ്പെട്ടു.