‘അഗ്നിപഥ്’ രാജ്യദ്രോഹപരമായ നീക്കം; പ്രക്ഷോഭം വ്യാപിപ്പിക്കും: കെ.സി വേണുഗോപാല്‍ എംപി

Jaihind Webdesk
Wednesday, June 22, 2022

 

ന്യൂഡല്‍ഹി: അഗ്നിപഥ് പദ്ധതിക്കെതിരായ രണ്ടാം ഘട്ട സമര പരിപാടികൾക്ക് തുടക്കമിടുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എംപി. കേന്ദ്രത്തിന്‍റെ രാജ്യദ്രോഹപരമായ നീക്കത്തിനെതിരെ സംസ്ഥാന ജില്ലാ തലങ്ങളിലും പ്രതിഷേധം വ്യാപിപ്പിക്കും. പദ്ധതി പിൻവലിക്കണമെന്ന് രാഷ്ട്രപതിയെ കണ്ട് ആവശ്യപ്പെട്ടതായും അദ്ദേഹം അറിയിച്ചു.

രാജ്യത്തെ യുവാക്കളുടെ ഭാവി നശിപ്പിക്കുന്നതും സേനയുടെ മനോവീര്യം തകർക്കുന്നതുമാണ് പദ്ധതി. വിഷയത്തിൽ കേന്ദ്ര സർക്കാർ ആരെയും കേൾക്കാൻ തയാറാകുന്നില്ല. ആനുകൂല്യങ്ങള്‍ ഉണ്ടാകുമെന്ന് ആദ്യം പറഞ്ഞു. എന്നാല്‍ഉത്തരവിറങ്ങിയപ്പോള്‍ വിമുക്ത ഭടന്മാർക്ക് പെന്‍ഷന്‍ പോലും ഉണ്ടാവില്ലെന്നതാണ് മനസിലാക്കുന്നത്. യുവാക്കളെ കബളിപ്പിക്കാനുള്ള ശ്രമമാണ് കേന്ദ്രം നടത്തുന്നത്. ധിക്കാരപരമായ ഈ നടപടിക്കെതിരെ അതിശക്തമായ പ്രക്ഷോഭം ഉയർത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി.

അതേ സമയം നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി ഇഡിക്ക് മുന്നിൽ ഹാജരാകുന്നത് സംബന്ധിച്ച് അഭിഭാഷകരുമായി ആലോചിച്ച് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.